ഇക്കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് (Lucknow Super Giants) റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ (Royal Challengers Bengaluru) ഒമ്പതുറൺസിനാണ് പരാജയപ്പെടുത്തിയത്. മഴകാരണം മൂന്നുതവണ നിർത്തിവെക്കുകയും 19 ഓവറായി ചുരുക്കുകയും ചെയ്തിരുന്നു കളി. ലക്‌നൗവിൽ നടന്ന മത്സരത്തിൽ ലക്‌നൗ ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത ഓവറിൽ 213 റൺസ് നേടുകയും ചെയ്തു. ഇതിനെ പിന്തുടർന്ന ബംഗളൂരു ടീമിന് 203 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

To advertise here,

ലക്‌നൗ വിജയിച്ചെങ്കിലും ഇപ്പോൾ കടുത്ത ട്രോളിങ് നേരിടുകയാണ് ടീമും ഓപ്പണറായ അർഷിൻ കുൽക്കർണിയും (Arshin Kulkarni). ടീമിന്റെ ഓപ്പണർമാരിലൊരാളായ അർഷിൻ കുൽക്കർണി, 24 പന്തിൽ 17 റൺസ് മാത്രമാണെടുത്തത്. മറ്റൊരു ഓപ്പണറായ മിച്ചൽ മാർഷ് 56 ബോളിൽ 111 റൺസാണ് എടുത്തത്. അദ്ദേഹം ഒരുവശത്ത് അടിച്ചുതകർക്കുമ്പോൾ, അർഷിൻ വളരെ കഷ്ടപ്പെട്ടാണ് 17 റൺസ് നേടിയത്. അതിലാകെ ഒരു ഫോറും. അതിന്റെ പേരിലാണ് അർഷിനെതിരെ ആരാധകർ തിരിഞ്ഞത്.

ടീമിനെതിരെ തിരിഞ്ഞത്, ഓപ്പണറായി അർഷിനെ ഉൾപ്പെടുത്തിയതിനാണ്. ട്വന്റി20-യിൽ 70.83 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. നേരത്തെ കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ പ്രകടനവും. എന്നിട്ടും ഓപ്പണറായി അർഷിനെ ഇറക്കിയതാണ് അവരെ ചൊടിപ്പിച്ചത്. 'അർഷിനെ വിരമിപ്പിക്കാൻ എൽ.എസ്.ജി നോക്കണം, മാപ്പ് അർഹിക്കാത്ത തെറ്റാണ് അർഷിൻ ചെയ്തത്, അർഷിൻ ധൈര്യം കാണിക്കണം...'പിന്നാലെ രൂക്ഷവിമർശനവുമായി ആരാധകരെത്തി.

2023-ൽ മുംബൈ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചാണ് അർഷിൻ ശ്രദ്ധിക്കപ്പെട്ടത്. 'ഭാവി ഹാർദിക് പാണ്ഡ്യ' എന്നാണ് അദ്ദേഹം അന്ന് വിശേഷിപ്പിക്കപ്പെട്ടത്. അതുകഴിഞ്ഞാണ് ഐ.പി.എല്ലിലേക്ക് വരുന്നത്. 2025-ലെ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് ലക്‌നൗ, അർഷിനെ ടീമിലെത്തിക്കുന്നത്. 2026-ൽ ടീമിൽ തന്നെ നിലനിർത്തുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi