അന്തരിച്ച സൂപ്പർസ്റ്റാർ രാജേഷ് ഖന്നയുമായുള്ള, നടി അനിത അദ്വാനിയുടെ ബന്ധം ഏറെ ചർച്ചചെയ്യപ്പെട്ടതായിരുന്നു. ഇപ്പോഴിതാ രാജേഷ് ഖന്നയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ മരണശേഷമുണ്ടായ നിയമപോരാട്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് അവർ. തന്റെ പോരാട്ടം പണത്തിന് വേണ്ടിയല്ല, മറിച്ച് അന്തസ്സോടെ ജീവിക്കാനാണെന്നും, ഇത് തന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ അനിത വ്യക്തമാക്കി.

രാജേഷ് ഖന്നയുടെ വിൽപ്പത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ അത് ഇന്നുവരെ കണ്ടിട്ടില്ലെന്ന് അനിത വെളിപ്പെടുത്തി. "എനിക്ക് പഴയതുപോലെ അന്തസ്സോടെ ജീവിക്കണം. ആ ബംഗ്ലാവ് (ആശീർവാദ്) ഇനി തിരികെ ലഭിക്കില്ലെന്ന് എനിക്കറിയാം, പക്ഷേ മാന്യമായ ഒരു ജീവിതം എനിക്ക് വേണം," അവർ പറഞ്ഞു. തന്റെ നിയമപോരാട്ടം സാമ്പത്തിക ലാഭത്തിന് വേണ്ടിയാണെന്ന ആരോപണവും അവർ നിഷേധിച്ചു.

രാജേഷ് ഖന്നയുമായി ലിവിങ്-ടുഗദർ ബന്ധത്തിലായിരുന്നിട്ടും എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അനിത നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. തങ്ങൾ രഹസ്യമായി വിവാഹിതരായിരുന്നുവെന്നും എന്നാൽ സിനിമാ ലോകത്ത് ഇത്തരം കാര്യങ്ങൾ ആരും പരസ്യമായി പറയാറില്ലെന്നും അവർ പറഞ്ഞു. "ഞങ്ങൾ ഒരുമിച്ചാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, അതുകൊണ്ട് തന്നെ ഒരു പരസ്യ പ്രഖ്യാപനത്തിന്റെ ആവശ്യം ഞങ്ങൾക്ക് തോന്നിയില്ല," അവർ പറഞ്ഞു.

രാജേഷ് ഖന്നയുടെ മരണശേഷം, അദ്ദേഹത്തിന്റെ ബംഗ്ലാവിൽ നിന്ന് തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് 2013-ൽ, രാജേഷ് ഖന്നയുടെ ഭാര്യ ഡിംപിൾ കപാഡിയ, മക്കളായ ട്വിങ്കിൾ, റിങ്കി, മരുമകൻ അക്ഷയ് കുമാർ എന്നിവർക്കെതിരെ അനിത കേസ് ഫയൽ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കുടുംബം തന്നെ അനുവദിച്ചില്ലെന്നും ബൗൺസർമാരെ ഉപയോഗിച്ച് തന്നെ തടഞ്ഞുവെന്നും അനിത മുൻപ് ആരോപിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ ആയിരുന്ന രാജേഷ് ഖന്ന, 1973-ൽ ഡിംപിൾ കപാഡിയയെ വിവാഹം കഴിച്ചു. 1982-ൽ ഇവർ വേർപിരിഞ്ഞെങ്കിലും ഔദ്യോഗികമായി വിവാഹമോചനം നേടിയിരുന്നില്ല. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഡിംപിൾ കൂടെയുണ്ടായിരുന്നു. 2012 ജൂലൈ 18-ന് 69-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

1978-ൽ ധർമ്മേന്ദ്രയും സീനത്ത് അമനും അഭിനയിച്ച 'ഷാലിമാർ' എന്ന ചിത്രത്തിലൂടെയാണ് അനിത അദ്വാനി സിനിമയിലെത്തുന്നത്. ദാസി, ചോർണി, ആവോ പ്യാർ കരേൻ, സാസിഷ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013-ൽ സൽമാൻ ഖാൻ അവതരിപ്പിച്ച 'ബിഗ് ബോസ് 7'-ൽ മത്സരാർത്ഥിയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi