സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും വിവാഹിതരാകാൻ (Anirudh Ravichander- Kavya Maran Wedding) പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. അപ്പോഴൊന്നും കാവ്യയോ അനിരുദ്ധോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. അതിനിടെ അനിരുദ്ധിന്റെ അമ്മാവനായ നടൻ വൈ.ജി.മഹേന്ദ്രൻ ഇവരുടെ വിവാഹം സ്ഥിരീകരിച്ചുവെങ്കിലും, അപ്പോഴും കാവ്യയും അനിരുദ്ധും മൗനംപാലിച്ചു.

ഒടുവിലിതാ ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കാവ്യയും അനിരുദ്ധും വിവാഹിതരാകുന്നുവെന്നുള്ള വിവരം ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിവാഹത്തിനുള്ള ക്ഷണക്കത്തുമായി കാവ്യയുടെ മാതാപിതാക്കളായ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കാവേരി മാരനും ചേർന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി. ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണ് അവർ ക്ഷണിച്ചത്.

നവംബർ 21-ന് ചെന്നൈയിൽവെച്ചാണ് റിസപ്ഷൻ എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. തെലങ്കാന മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ സോഷ്യൽമീഡിയ പേജുകളിൽ ഈ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. അതോടെയാണ് വിവാഹവിവരം എല്ലാവരുമറിഞ്ഞത്. നവംബർ 11-ന് ഗ്രീസിൽവെച്ചായിരിക്കും വിവാഹമെന്നാണറിയുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവരെ കലാനിധി മാരൻ കുടുംബം നേരത്തെ തന്നെ ക്ഷണിച്ചതായും അറിയുന്നു. അപ്പോഴും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ കുടുംബാംഗങ്ങൾ പുറത്തുവിട്ടിട്ടില്ല.

2025-ലാണ് അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നുമുള്ള ചർച്ചകൾ തുടങ്ങിയത്. അന്ന് അനിരുദ്ധ് ഇത് നിഷേധിക്കുകയും ചെയ്തു, ''വിവാഹമോ? ദയവായി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ''.

അതിനിടെ അനിരുദ്ധ് സംഗീതസംവിധാനമൊരുക്കിയ 'ജയിലർ 2'-ന്റെ സ്‌പെഷൽ സ്‌ക്രീനിങ് ചെന്നൈയിലെ ഒരു തിയേറ്ററിൽവെച്ച് നടന്നിരുന്നു. രജനീകാന്തിന്റെ കുടുംബം ഒന്നടങ്കം അത് കാണാനെത്തിയിരുന്നു. സിനിമയ്ക്ക് സംഗീതസംവിധാനമൊരുക്കിയ അനിരുദ്ധ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരും തിയേറ്ററിലെത്തിയിരുന്നു. അവിടെ നിന്നുള്ള വീഡിയോകൾ പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു. അതിലൊന്നിൽ അനിരുദ്ധിന്റെ തൊട്ടുപിന്നിലുള്ള സീറ്റിലിരിക്കുന്ന കാവ്യയെയും കാണാമായിരുന്നു. സ്‌ക്രീനിങ് കഴിഞ്ഞിറങ്ങിയ കാവ്യയുടെ മുന്നിലേക്ക് മൈക്കുമായി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും, ഒന്നും മിണ്ടാതെ കാവ്യ നടന്നുനീങ്ങി.

സൺ ഗ്രൂപ്പിന്റെ ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ. കാവ്യയുടെ അമ്മ കാവേരി സൺ ടിവി നെറ്റ് വർക്ക് സി.ഇ.ഒ ആണ്. ഇംഗ്ലണ്ടിൽനിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് കാവ്യ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi