'ജയിലർ 2'-ലൂടെ തമിഴിൽ ശക്തമായൊരു കഥാപാത്രവുമായി വരികയാണ് നടി വിദ്യാ ബാലൻ. 2019-ൽ റിലീസായ 'നേർകൊണ്ട പാർവൈ'യിലും വിദ്യ അഭിനയിച്ചിരുന്നു. എന്നാൽ, അതിഥിതാരമായിട്ടായിരുന്നു വിദ്യ ആ സിനിമയിലെത്തിയത്. 'ജയിലറി'ൽ എസ്.ജെ.സൂര്യയുടെ ഭാര്യയുടെ കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്.
ഒക്ടോബർ 15-നാണ് 'ജയിലർ 2' തിയേറ്ററുകളിലെത്തുന്നത്. ഇപ്പോൾ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങൾ. അതിനിടെ ഒരു പ്രൊമോഷണൽ പരിപാടിയിൽ വിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നെൽസൺ ദിലിപ്കുമാർ. സിനിമയുടെ സെറ്റിൽ രജനീകാന്തിനൊപ്പമുള്ള ഒരു രംഗം ചിത്രീകരിക്കുമ്പോൾ വിദ്യാ ബാലന് പരിഭ്രമം തോന്നിയതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സിഗരറ്റ് വലിച്ച് ആ പുക രജനീകാന്തിന് നേരെ ഊതേണ്ടി വന്ന ആ രംഗം കൈകാര്യം ചെയ്യാൻ താരത്തിന് പ്രയാസം നേരിട്ടതായും സംവിധായകൻ ഓർക്കുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെയാണ് ഈ രംഗം ചിത്രീകരിക്കേണ്ടിയിരുന്നത്. അതാണ് കൂടുതൽ പ്രശ്‌നമായതും.
ആ രംഗത്ത് ഒരു പ്രത്യേക ആത്മവിശ്വാസം പ്രകടിപ്പിക്കണമെന്ന് സംവിധായകൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, സിഗരറ്റ് വലിക്കുന്ന ഭാഗം പ്രതീക്ഷിച്ചതിലും വലിയ വെല്ലുവിളിയായി മാറി. ''വിദ്യാ മാമിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന രംഗമാണ് ഞങ്ങൾ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ചിത്രീകരിച്ചത്. രജനീകാന്ത് സാറിന് എതിർവശത്ത് നിൽക്കുന്ന ശക്തമായ ഒരു കഥാപാത്രമാണ് അവരുടേത്. എന്നാൽ, അത്രയും കരുത്തുറ്റ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഭയമാണെന്ന് അവർ പറഞ്ഞു. സിഗരറ്റ് വലിച്ച് രജനീകാന്ത് സാറിന്റെ മുഖത്തേക്ക് പുക ഊതാൻ ഞാൻ പറഞ്ഞപ്പോൾ അവരുടെ പരിഭ്രമം ഇരട്ടിയായി'', 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.
മോണിറ്ററിൽ വിദ്യാ ബാലൻ ആ രംഗം അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ട രസകരമായ ഒരു കാര്യവും സംവിധായകൻ പങ്കുവെച്ചു. സിഗരറ്റ് പിടിച്ചിരുന്ന അവരുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും, അത് കണ്ടാൽ ലിപ്സ്റ്റിക് ഇടുകയാണോ എന്ന് തോന്നിപ്പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''ഞങ്ങൾ ഷോട്ട് എടുക്കുമ്പോൾ ഞാൻ മോണിറ്ററിലേക്ക് നോക്കി. മാഡം സിഗരറ്റും പിടിച്ച് ലിപ്സ്റ്റിക്ക് പുരട്ടുന്നത് പോലെ കൈ കുലുക്കുന്നു. ആ നിമിഷം ഇത് നടക്കില്ല എന്ന് ഞാൻ കരുതി. മൂന്നാമത്തെ ടേക്കിൽ മാത്രമാണ് ഞങ്ങളത് ശരിയാക്കിയത്. ഇപ്പോളും സീൻ കാണുമ്പോൾ മാമിന്റെ കണ്ണുകളിൽ ഒരു ചെറിയ ടെൻഷൻ കാണാം'', നെൽസൺ ഓർക്കുന്നു. ഈ രംഗം ചിത്രത്തന്റെ ട്രെയിലറിനും ഉൾപ്പെടുത്തിയിട്ടുണ്ട്.
മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, രമ്യാ കൃഷ്ണൻ, യോഗി ബാബു, കോട്ടയം നസീർ, സുനിൽ സുഖദ തുടങ്ങിയവരും സിനിമയിലുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vidya Balan plays powerful character in the upcoming Tamil film Jailer 2. Director Nelson shared that Vidya was extremely nervous shooting a scene with Rajinikanth on the very first day. Vidya struggled while filming a scene where she had to smoke and blow smoke at Rajinikanth.
Published: 13 Oct 2026, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented