നടനും മോഡലും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയുടെ മകനുമാണ് അംഗദ് ബേദി. നേഹ ധൂപിയ ആകട്ടെ ഫെമിന മിസ് ഇന്ത്യ വിജയിയും നടിയും മോഡലും. 2018-ൽ ഒരു ഗുരുദ്വാരയിൽ വെച്ചാണ് ഇരുവരും വിവാഹം കഴിക്കുന്നത്. താരങ്ങൾ അതിനുമുമ്പൊരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വിവാഹം എല്ലാവരെയും ഞെട്ടിച്ചു. ഒട്ടേറെ പ്രതിബന്ധങ്ങൾ പിന്നിട്ടാണ് തങ്ങൾ വിവാഹത്തിലെത്തിയതെന്ന് പറയുകയാണ് അംഗദ്.
ഒരു ജിമ്മിൽ വെച്ചാണ് നേഹയെ ആദ്യമായി ശ്രദ്ധിച്ചതെന്നും അംഗദ് വെളിപ്പെടുത്തുന്നു. ''നല്ല ഫിറ്റായിട്ടുള്ളൊരു പെൺകുട്ടി ട്രെഡ്മില്ലിൽ ഓടുന്നതുകണ്ടു. സൈക്ലിങ് ഷോർട്‌സായിരുന്നു അവൾ ധരിച്ചിരുന്നത്. അവളുടെ ഫിറ്റ്‌നെസും ഓടുന്ന രീതിയുമാണ് ഞാനാദ്യം ശ്രദ്ധിച്ചത്. കൂടെയുണ്ടായിരുന്നുവർ പറഞ്ഞുതന്നു, 'അത് മിസ് ഇന്ത്യയാണ്, നേഹ ധൂപിയ എന്നാണ് പേര്'. അതിനുശേഷം നേഹയെ കാണാനായി മാത്രം തുടർച്ചയായി മൂന്നുദിവസം ജിമ്മിൽ പോയി. അതിനുശേഷം ജിമ്മിൽ പോകുന്നത് നിർത്തി''.
പിന്നീട് ഒരു പാർട്ടിയിൽവെച്ചാണ് വീണ്ടും അംഗദ് നേഹയെ കാണുന്നത്. ''എന്റെ വളരെയടുത്ത സുഹൃത്താണ് ക്രിക്കറ്റർ യുവ് രാജ് സിങ്. അദ്ദേഹം മുംബൈയിൽ നടക്കുന്ന ഒരു പാർട്ടിയിലേക്ക് എന്നെയും കൊണ്ടുപോയി. നേഹയും അവിടുണ്ടായിരുന്നു. ഞങ്ങൾ കണ്ടു, കുറച്ചുനേരം സംസാരിച്ചു. അവിടെയുള്ള ബാർ അടച്ചപ്പോൾ ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് പോയി. നേഹയെയും അങ്ങോട്ട് ക്ഷണിച്ചു. അവിടെവെച്ചാണ് നന്നായി സംസാരിക്കുന്നത്. അതിനുശേഷം നേഹ അഭിനയിക്കുന്ന ഒരു സിനിമയിൽ ചെറിയൊരു വേഷം അഭിനയിക്കാൻ എന്നെ നേഹ വിളിച്ചു. ഞാൻ ഓകെ പറഞ്ഞു. എന്റെ മനസ്സിൽ അവൾക്കൊപ്പം സമയം ചെലവഴിക്കുക എന്നത് മാത്രമായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് എന്റെ ഇഷ്ടം ഞാൻ നേഹയോട് പറയുന്നത്. 'ഞാനാരുമല്ല, എന്റെ കൈയിൽ പണമില്ല. പക്ഷേ നീയെന്നെ വിവാഹം കഴിച്ചാൽ, ഞാനൊരിക്കൽ എന്തെങ്കിലുമൊക്കെ ആയിത്തീരും' എന്നാണ് നേഹയോട് പറഞ്ഞത്. അവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം വേറെന്തൊക്കെയോ സംസാരിച്ചു'', സിനിമ പരാജയപ്പെട്ടെങ്കിലും പ്രണയത്തിൽനിന്ന് പിൻമാറാൻ അംഗദ് തയ്യാറായില്ല.
ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ നേഹയുടെ മാതാപിതാക്കളെ കണ്ടു. അവർ ആദ്യം ചോദിച്ചത് ഇതാണ്, ''നീ വളരെ നല്ല ആളാണ്, പക്ഷേ നിന്റെ പോക്കറ്റിൽ ഒരു രൂപ പോലും ഇല്ല. എന്നിട്ടും ഞങ്ങളുടെ മകളെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?''. അതാണെന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ നോക്കാമെന്ന് അവർ മറുപടിയും പറഞ്ഞു''. അവർ തീരുമാനമെടുക്കാൻ നേഹയോട് പറയുകയും ചെയ്തു. പക്ഷേ ഒന്നും സംഭവിച്ചില്ല.
അതിനുശേഷം ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞു. എങ്കിലും നല്ല സുഹൃത്തുക്കളായി തുടർന്നു. അപ്പോഴാണ് കരൺ ജോഹർ ഇടപെടുന്നത്. പഞ്ചാബിൽ ഷൂട്ടിങ്ങിനിടെ, നേഹ തന്നെ ഒരു ദീപാവലി പാർട്ടിക്ക് ക്ഷണിച്ചതായി അംഗദ് ഓർക്കുന്നു. ''അവൾ എന്നെ മറ്റൊരു പെൺകുട്ടിയുമായി അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു, ഞാൻ അവളോട് പറഞ്ഞു, 'എന്റെ സമയം പാഴാക്കരുത്'. പാർട്ടിയിൽ കരൺ ജോഹറുമുണ്ടായിരുന്നു. 'നിങ്ങൾ രണ്ടുപേരും ഒരുമിക്കേണ്ടവരാണ്' എന്ന് അദ്ദേഹമാണ് പറഞ്ഞത്. ഞാൻ നേഹയോട് പറഞ്ഞു, 'നീ ഇതിനകം തന്നെ നാലുവർഷം വെറുതെ കളഞ്ഞു. ഇനി എന്റെ മാതാപിതാക്കളെ കാണാം, ചലോ ദില്ലി'. അങ്ങനെ നേരെ ഡൽഹിയിലേക്ക് വിട്ടു. കുടുംബാംഗങ്ങൾ തമ്മിൽ കണ്ടു, സംസാരിച്ചു. അങ്ങനെ വിവാഹവും''. മെഹർ, ഗുരിഖ് എന്നിങ്ങനെ രണ്ടുകുട്ടികളുണ്ട് ദമ്പതിമാർക്ക്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Angad Bedi shares his journey of love with Neha Dhupia, overcoming parental doubts and financial concerns to find their happily ever after
Published: 17 Dec 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented