പ്രണയകഥകള്‍, രഹസ്യ വിവാഹങ്ങള്‍, ത്രികോണപ്രണയങ്ങള്‍... ബോളിവുഡ് എന്നും എക്കാലത്തും വിവാദങ്ങള്‍ കൊണ്ടു നിറഞ്ഞതാണ്. ഹിന്ദി സിനിമാരംഗത്ത് ഇന്നുവരെ സെന്‍സേഷണലായതില്‍ ഏറ്റവും വലിയ ത്രികോണപ്രണയങ്ങളിലൊന്നായിരുന്നു നടികളായ ഐശ്വര്യ റായ്, മനീഷ കൊയ്‌രാള, മോഡല്‍ രാജീവ് മുല്‍ചന്ദാനി എന്നിവര്‍ ഉള്‍പ്പെട്ട സംഭവം. 90-കളില്‍ തിളങ്ങിനിന്ന മോഡലായിരുന്നു രാജീവ് മുല്‍ചന്ദാനി. ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്ന മനീഷ കൊയ്രാളയും രാജീവും തമ്മിലുള്ള പ്രണയം വളരെ പ്രശസ്തമായിരുന്നു. ഇതിനിടെയാണ് ഐശ്വര്യയുമായി രാജീവ് മുല്‍ചന്ദാനിക്ക് രഹസ്യ ബന്ധമുണ്ടെന്ന് മനീഷ ആരോപിക്കുന്നത്. വാര്‍ത്ത വലിയ ചര്‍ച്ചയായി.

രാജീവ് മുല്‍ചന്ദാനി ഐശ്വര്യ റായിക്ക് എഴുതിയ പ്രണയലേഖനങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് അന്ന് മനീഷ അവകാശപ്പെട്ടു. ഐശ്വര്യ റായി ആരോപണങ്ങളില്‍ ശരിക്കും തളര്‍ന്നുപോയി. കരിയറിലും വ്യക്തിജീവിതത്തിലും അവര്‍ക്കത് പ്രശ്‌നങ്ങളുണ്ടാക്കി. 'ഞാന്‍ ഭ്രാന്തിയെപ്പോലെ കരഞ്ഞു. എനിക്ക് ചുറ്റും നടക്കുന്നതെല്ലാം എന്നെ വല്ലാതെ വേദനിപ്പിച്ചു' എന്നാണ് ആ സംഭവത്തെപ്പറ്റി ഐശ്വര്യ പിന്നീട് പറഞ്ഞത്.

1995ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രം മനീഷയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. സിനിമ ഇറങ്ങിയതോടെ മനീഷയെ പ്രശംസിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ വിവാദമുണ്ടായതോടെ ആ തീരുമാനം ഉപേക്ഷിച്ചെന്നും ഐശ്വര്യ റായ് പറഞ്ഞു.

അതേസമയം, രാജീവുമായി പിരിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് ഐശ്വര്യയെപ്പറ്റി മനീഷ ആരോപണം ഉന്നയിച്ചിരുന്നത്. 'രാജീവ് എന്നെ വിളിച്ചു, ബോംബെ സിനിമ കണ്ടെന്നും മനീഷയുടെ പ്രകടനം നന്നായിട്ടുണ്ടെന്നും ഞാന്‍ ആവേശത്തോടെ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്, ഞാന്‍ പത്രങ്ങളൊന്നും വായിക്കുന്നില്ലേയെന്നും ചോദിച്ചു. മനീഷയുടെ ആരോപണത്തെപ്പറ്റി എന്നോട് പറഞ്ഞു. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല! ഞെട്ടലായിരുന്നു.'-ഐശ്വര്യ പിന്നീട് പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട സമയത്തെ ഐശ്വര്യ ചോദ്യം ചെയ്തു. മനീഷ കൊയ്രാളയും രാജീവ് മുല്‍ചന്ദാനിയും വേര്‍പിരിയാനുള്ള കാരണം അതാണെങ്കില്‍ പുറത്തുകൊണ്ടുവരാന്‍ ഒമ്പത് മാസം വൈകിയതെന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. വിവാദങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചുവെന്ന് ഐശ്വര്യ തുറന്നുപറഞ്ഞിട്ടുണ്ട്.

മോഡലിങ് രംഗത്തായിരുന്ന സമയത്ത് രാജീവും ഐശ്വര്യയും പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്നു.