അഴകുള്ള മുടി ആത്മവിശ്വാസം തരുന്നതാണ്, എന്നാൽ തോളിലേക്കും വസ്ത്രത്തിലേക്കും വീഴുന്ന വെളുത്ത പൊടിപോലെയുള്ള താരൻ ആ സന്തോഷം നിമിഷങ്ങൾക്കകം ഇല്ലാതാക്കും. പലരും താരനെ ഒരു സൗന്ദര്യപ്രശ്നമായാണ് കാണുന്നത്. എന്നാൽ യഥാർഥത്തിൽ ഇത് തലയോട്ടിയിലെ ഒരു ആവർത്തിച്ചുവരുന്ന അവസ്ഥയാണ്. താരൻ നീക്കം ചെയ്യുന്നതിൽ മാത്രം ശ്രദ്ധിക്കാതെ, പ്രശ്നത്തിന്റെ ഉറവിടമായ തലയോട്ടിയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു.
തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മലസേസിയ ഗ്ലോബോസ (Malassezia globosa) എന്ന യീസ്റ്റ്-സ്വഭാവമുള്ള സൂക്ഷ്മജീവിയാണ് താരന്റെ പ്രധാന കാരണം. സാധാരണ സാഹചര്യത്തിൽ ഇത് ദോഷകരമല്ല. എന്നാൽ തലയോട്ടിയിൽ അമിതമായി എണ്ണ, വിയർപ്പ്, അല്ലെങ്കിൽ ഹെയർ പ്രൊഡക്ടുകളുടെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ അടിഞ്ഞുകൂടുമ്പോൾ ഈ സൂക്ഷ്മജീവി വേഗത്തിൽ വളരാൻ തുടങ്ങും.
Also Read
ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണ (Sebum) ഉപയോഗിച്ച് വളരുകയും, തലയോട്ടിയിൽ അസ്വസ്ഥതയും അണുബാധയുണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചൊറിച്ചിൽ, ചുവപ്പുനിറം, തലയോട്ടിയിലെ കോശങ്ങൾ വേഗത്തിൽ പൊഴിഞ്ഞുപോകൽ, വെളുത്ത പൊടിപോലെയുള്ള താരൻ എന്നിവ ഉണ്ടാകുന്നു. അതുകൊണ്ട് താരൻ വെറും വരണ്ട തലയോട്ടിയുടെ പ്രശ്നമല്ല; തലയോട്ടിയിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥ തകരുന്നതിന്റെ ഫലമാണ്.
ഷാംപൂ ഉപയോഗം ശ്രദ്ധയോടെ
വിപണിയിൽ ലഭ്യമായ എല്ലാ ആന്റി-ഡാൻഡ്രഫ് ഷാംപൂകളും ഒരേ രീതിയിലാകില്ല പ്രവർത്തിക്കുന്നത്. ചില ഷാംപൂകൾ താരൻ നീക്കം ചെയ്യാൻ സഹായിക്കും. ചിലത് തലയോട്ടിയിലെ അധിക എണ്ണ കുറയ്ക്കുകയും മറ്റു ചിലത് ശുചിത്വം നിലനിർത്തുകയും ചെയ്യുന്നതാകാം. എന്നാൽ താരനുണ്ടാക്കുന്ന ഫംഗസിനെ നേരിട്ട് നിയന്ത്രിക്കാൻ ഇവയിൽ പലതിനും കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ കുറച്ച് ദിവസങ്ങൾക്കുശേഷം താരൻ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്.
ദീർഘകാലം താരനെ നിയന്ത്രിക്കാൻ പിറോക്ടോൺ ഒലാമൈൻ (Piroctone Olamine) പോലുള്ള ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ സഹായകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഘടകം മലസേസിയ ഗ്ലോബോസയുടെ വളർച്ച നിയന്ത്രിക്കുകയും തലയോട്ടിയുടെ ആഴത്തിലുള്ള പാളികളിലേക്ക് പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അമിതമായ അസ്വസ്ഥതകളുള്ളവർ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക. താരന്റെ ശല്യം വർധിപ്പിക്കാതെ ചികിത്സ തേടുകയുമാവാം.
താരൻ ഗുരുതരമായി തുടരുകയോ ശക്തമായ ചൊറിച്ചിൽ, മുറിവുകൾ, അമിത മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നുവെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.
താരൻ വീണ്ടും വീണ്ടും വരുന്നത് അവഗണിക്കേണ്ട കാര്യമല്ല. അത് തലയോട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന സൂചനയായിരിക്കാം. ആരോഗ്യമുള്ള മുടിയുടെ അടിസ്ഥാനം ആരോഗ്യകരമായ തലയോട്ടിയാണ്. അതിനാൽ ലക്ഷണങ്ങൾ മാത്രം മറയ്ക്കാതെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കുകയാണ് മികച്ച മാർഗം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: why-dandruff-returns-root-causes-treatment-2026
Published: 18 Jul 2026, 02:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented