ജലദോഷം, പനി, ദഹനപ്രശ്‌നങ്ങൾ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും കൂടുന്നത് മഴക്കാലത്താണ്. ഈ സമയത്ത് കാലാവസ്ഥാനുസൃതമായി ലഭിക്കുന്ന പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ജലാംശം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴങ്ങൾ മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും കാലാവസ്ഥാ മാറ്റങ്ങളോട് ശരീരം എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യും.

ഞാവൽപ്പഴം: മഴക്കാലത്തിന്റെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് ഞാവൽപ്പഴം. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഇത് പ്രതിരോധശേഷി കൂട്ടുകയും ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്വാഭാവിക ആന്റിമൈക്രോബിയൽ ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്. ആന്റിഓക്‌സിഡന്റുകൾ മുടിവേരുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

പേരയ്ക്ക: ഓറഞ്ചിനെക്കാൾ ഏകദേശം നാലിരട്ടി വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്. ഉയർന്ന നാരുകൾ ദഹനം സുഗമമാക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിലുള്ള ക്വെർസിറ്റിൻ (Quercetin) എന്ന സസ്യസംയുക്തം ശരീരത്തിലെ വീക്കം കുറയ്ക്കാനും സീസണൽ അലർജികളുടെ ലക്ഷണങ്ങൾ ശമിപ്പിക്കാനും സഹായിക്കും.

ലിച്ചി: ഏകദേശം 80 ശതമാനത്തിലധികം ജലാംശമുള്ള ലിച്ചി ശരീരത്തെ ജലാംശസമൃദ്ധമാക്കി നിലനിർത്തുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, കോപ്പർ എന്നിവ കൊളാജൻ ഉൽപാദനത്തിനും കോശങ്ങളുടെ പുനരുദ്ധാരണത്തിനും സഹായിക്കുന്നു. മുടിവേരുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. 

മാതളനാരങ്ങ: ഫോളേറ്റ്, ബി-വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഊർജം നിലനിർത്തുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാനും സഹായകമായ ഘടകങ്ങൾ ഇതിലുണ്ട്.

പപ്പായ: വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയ പപ്പായ രോഗപ്രതിരോധശേഷി കൂട്ടുന്നു. ഇതിലെ പപെയ്ൻ (Papain) എന്ന ദഹന എൻസൈം പ്രോട്ടീനുകൾ എളുപ്പത്തിൽ ദഹിപ്പിക്കാനും വയറുവീക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കും. ലൈകോപീൻ എന്ന ആന്റിഓക്‌സിഡന്റ് മുടിവേരുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

ചെറി: ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള ചെറി ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കും. സ്വാഭാവിക മെലട്ടോണിൻ ഉള്ളതിനാൽ നല്ല ഉറക്കത്തിനും സഹായകമാണ്. വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പിയർ: ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളമുള്ള പിയർ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ജലാംശം കൂടുതലായതിനാൽ ശരീരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാൻ സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായകമാണ്. ഇതിലെ സോർബിറ്റോൾ മുടിക്ക് മൃദുത്വം നൽകുകയും വരൾച്ച കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

പീച്ച്: വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ പീച്ച് പ്രതിരോധശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ എ തലയോട്ടിയിലെ സ്വാഭാവിക എണ്ണ ഉൽപാദനം വർധിപ്പിച്ച് മുടിയുടെ വരൾച്ചയും ചർമത്തിലെ ഈർപ്പനഷ്ടവും കുറയ്ക്കുന്നു.

പ്ലം: വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പ്ലം രോഗപ്രതിരോധശേഷി കൂട്ടുന്നു. സ്വാഭാവിക സോർബിറ്റോൾ മലബന്ധം കുറയ്ക്കാൻ സഹായിക്കും. ആന്തോസയാനിൻ (Anthocyanin) എന്ന ഘടകം ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവേദന ശമിപ്പിക്കാനും സഹായിക്കുന്നു.

മഴക്കാലത്ത് പഴങ്ങൾ കഴിക്കേണ്ട ശരിയായ രീതി: 

  • പഴങ്ങൾ ജ്യൂസാക്കി കുടിക്കുന്നതിനേക്കാൾ നല്ലത് അല്ലാതെ കഴിക്കുന്നതാണ്.
  • മുഴുവൻ പഴങ്ങളിൽ നാരുകൾ നിലനിൽക്കുന്നതിനാൽ ദഹനം മെച്ചപ്പെടുകയും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കുകയും ചെയ്യും.
  • ജ്യൂസാക്കിയാൽ വിറ്റാമിൻ സി പോലുള്ള ചില പോഷകങ്ങൾ കുറയാൻ സാധ്യതയുണ്ട്.

ചർമത്തിനും മുടിക്കും...
പഴങ്ങൾ മാത്രം കഴിച്ചതുകൊണ്ട് ചർമത്തിനും മുടിക്കും ആരോഗ്യം ലഭിക്കില്ല. ആവശ്യത്തിന് വെള്ളം കുടിക്കുക, നല്ല ഉറക്കം, സമ്മർദ്ദനിയന്ത്രണം, സമീകൃത ഭക്ഷണരീതി എന്നിവയും ഒരുപോലെ പ്രധാനമാണ്. 

പഴങ്ങൾ സുരക്ഷിതമായി കഴിക്കാൻ
റോഡരികിൽ മുറിച്ചുവെച്ച് വിൽക്കുന്ന പഴങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈർപ്പവും ചൂടും കൂടുതലായതിനാൽ ബാക്ടീരിയ വളരാൻ സാധ്യത കൂടുതലാണ്. തണ്ണിമത്തൻ, മത്തങ്ങവർഗത്തിലെ കൂടുതൽ ജലാംശമുള്ള പഴങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ മലിനമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്നുമാത്രം വാങ്ങുക.

പഴങ്ങൾ എപ്പോഴും ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകുക.
ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിൽ മുക്കിവെക്കുന്നത് മാത്രം മതിയാകില്ല.
കൂടുതൽ വൃത്തിയാക്കണമെങ്കിൽ ബേക്കിങ് സോഡ ചേർത്ത വെള്ളത്തിൽ 12മുതൽ15 മിനിറ്റ് മുക്കിവെച്ചശേഷം വീണ്ടും ഒഴുകുന്ന വെള്ളത്തിൽ കഴുകാം.

ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി തുടങ്ങിയ സിട്രസ് പഴങ്ങൾ ചുമയോ ജലദോഷമോ വർധിപ്പിക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച് ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഫ്‌ളേവനോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഒരേയൊരു പഴം മാത്രം കഴിക്കുന്നതിനുപകരം വ്യത്യസ്ത കാലാവസ്ഥാനുസൃത പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ ഏറ്റവും നല്ല മാർഗം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi