നക്ഷത്രത്തിളക്കമുള്ള കണ്ണുകളും ആത്മവിശ്വാസം തുളുമ്പുന്ന അംഗചലനങ്ങളുമായി ഒരുകാലത്ത് യുവതയെ മയക്കിയ സൗന്ദര്യമായിരുന്നു ഐശ്വര്യ റായിയുടേത്. ലോകസുന്ദരിപട്ടം ചൂടി ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയ ഐശ്വര്യ സമകാലികരായ താരങ്ങളില്‍ നിന്നെല്ലാം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നില്‍ നിന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആരാധകര്‍ ശ്രദ്ധിക്കുന്നൊരു കാര്യമുണ്ട്. ഐശ്വര്യ മിക്കവാറും ഒരേ ഹെയര്‍സ്റ്റൈല്‍ ആണ് പിന്തുടരുന്നത്. ആത്മവിശ്വാസത്തോടെ എല്ലാത്തരം ഹെയര്‍സ്‌റ്റൈലുകളും പരീക്ഷിച്ചിരുന്ന ഐശ്വര്യക്ക് ഇതെന്തുപറ്റി? ഒരേ പാറ്റേണില്‍ ചെറിയ വ്യത്യാസം മാത്രം വരുത്തിയുള്ള ഹൈയര്‍സ്റ്റൈല്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്താണ്? സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയുടെ വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ ഇങ്ങനെയൊക്കെയാണ്. മുടിയിഴകള്‍ക്കുള്ളില്‍ താരം പ്രായത്തെ മറയ്ക്കാന്‍ ശ്രമിക്കുകയാണോയെന്നാണ് പലരും ചോദിക്കുന്നത്.
അതുമാത്രമല്ല, ഫാഷന്‍ സെന്‍സില്‍ വളരെ മുമ്പിലുണ്ടായിരുന്ന ഐശ്വര്യക്ക് അത് പൂര്‍ണമായും നഷ്ടപ്പെട്ടുപോയെന്നാണ് അടുത്തിടെ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്ന് മറ്റുചിലരും പറയുന്നു. ശരീരം മുഴുവന്‍ മൂടുന്ന വലിയ വസ്ത്രങ്ങളാണ് ഐശ്വര്യറായ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തിരഞ്ഞെടുക്കുന്നത്. പലപ്പോഴും കറുപ്പുമായി ചേര്‍ന്നുനില്‍ക്കുന്ന വസ്ത്രങ്ങള്‍.
ഉള്ളിന്റെയുള്ളില്‍ ഐശ്വര്യക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? വിവാഹത്തിനുശേഷം അവര്‍ നിയന്ത്രിക്കപ്പെട്ടതാണോ? അതോ തുടര്‍ച്ചയായി അവരെ സ്‌റ്റൈലിസ്റ്റ് ചതിക്കുന്നതാണോ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. വളരെയധികം ബൊട്ടോക്‌സും ഫില്ലേഴ്‌സും ഉപയോഗിച്ചതും തടിവെച്ചതുമാണ് താരത്തിന്റെ ഇപ്പോഴത്തെ ലുക്കിനു കാരണമെന്ന് പറയുന്നവരുമുണ്ട്. അത് മറയ്ക്കാനാണ് ഓവര്‍സൈസ് തിരഞ്ഞെടുക്കുന്നതെന്നും. അവരുടെ ചുണ്ടിന്റെയും മുഖത്തിന്റെയും ആകൃതി മാറിയെന്നും ഇപ്പോള്‍ ക്ലൗണിനെപ്പോലെയാണ് അവര്‍ മേക്കപ്പ് ചെയ്യുന്നതെന്ന് ചിലര്‍ കളിയാക്കുന്നു.
ബോളിവുഡ് ഭരിച്ച സുന്ദരി
ഏറ്റവും കംഫര്‍ട്ടബിളാവാന്‍ വേണ്ടിയാണ് ഐശ്വര്യ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്. കുഞ്ഞുപിറന്നതിനു പിന്നാലെ ശരീരഭാരം വര്‍ധിച്ചിരുന്നു ഐശ്വര്യക്ക്. ആ സമയത്ത് കാന്‍ ഫെസ്റ്റിവലില്‍ ഐശ്വര്യയെത്തിയപ്പോള്‍ ഭാരംകൂടിയതിന്റെ പേരില്‍ പേരില്‍ ഒട്ടേറെപ്പേര്‍ അവരെ കളിയാക്കി. അത്തരം കളിയാക്കലുകളെ ഭയന്നിട്ടാവാം അവര്‍ പൊതുയിടങ്ങളിലെത്തുമ്പോള്‍ ഇത്രയും ശ്രദ്ധാലുവാകുന്നതും ആത്മവിശ്വാസം കുറയുന്നതും.
മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വ'ത്തിലാണ് ഐശ്വര്യറായി അവസാനമായി അഭിനയിച്ചത്. അതേസമയം, 'പൊന്നിയിന്‍ സെല്‍വ'ത്തിലെ ഐശ്വര്യയുടെ ലുക്കിനെ ഒട്ടേറെപ്പേര്‍ പ്രകീര്‍ത്തിച്ചിരുന്നു. 50-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ആകര്‍ഷണവുമാണ് ഐശ്വര്യക്കെന്ന് ആരാധകര്‍ പറഞ്ഞു.
ഐശ്വര്യ ഇപ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എന്തുമാത്രമാണെന്ന് ആലോചിച്ചുനോക്കൂവെന്ന് റെഡ്ഡിറ്റില്‍ ചിലര്‍ കമന്റ് ചെയ്യുന്നു. 'ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന ലേബല്‍ 15 വര്‍ഷത്തോളം കൊണ്ടുനടന്ന വ്യക്തിയാണവര്‍. ഭാരം വര്‍ധിച്ച ആ നിമിഷം തൊട്ട് ആളുകള്‍ അവരെ കുറ്റപ്പെടുത്താന്‍ തുടങ്ങി. വെറുതെയല്ല അവര്‍ക്ക് ഇന്‍സെക്യൂരിറ്റി തോന്നുന്നത്.' ഐശ്വര്യ തിളക്കത്തോടെ ആത്മവിശ്വാസത്തോടെ പ്രായമാകുന്നത് കാണാനാണ് തങ്ങള്‍ക്കിഷ്ടമെന്നും ചിലര്‍ പറയുന്നു. ഐശ്വര്യയുടെ പഴയ വീഡിയോകള്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ട്രന്‍ഡിങ് ആവാറുണ്ട്.
Content Highlights: what is aishwarya rai hiding behind her hair criticism about oversized dress
Published: 09 Apr 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented