മാലിദ്വീപിലെ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബോളിവു‍ഡ് നടി അനന്യ പാണ്ഡെയുടെ ശരീരത്തിലുണ്ടായ ടാൻ യഥാർഥമാണോ എന്ന് ചർച്ചചെയ്യുകയാണ് സോഷ്യൽ മീഡിയയിലെ ഒരുകൂട്ടം. അവധിയാഘോഷിച്ച് തിരിച്ചെത്തിയശേഷം മുംബൈയിൽ ആര്യൻ ഖാന്റെ 'ദ ബാ..ഡ്സ് ഓഫ് ബോളിവുഡി'ൻ്റെ പ്രീമിയറിൽ നടി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് നടിയുടെ ടാനും ചർച്ചയായത്. വെളുത്ത മാക്സി ഡ്രസ്സ് ധരിച്ച്, ചടങ്ങിനെത്തിയ അനന്യയുടെ കൈകളിലും മറ്റും വെയിലേറ്റ് ഇരുണ്ട ഭാഗങ്ങൾ കാണാമായിരുന്നു. എന്നാൽ ഈ ടാൻ ഒറിജിനലല്ലെന്നാണ് ചിലർ പറയുന്നത്. കൈകളിൽ വെയിലേറ്റ് ടാൻ വന്നതുപോലെ കൃത്രിമമായി മേക്കപ്പ് ചെയ്തതാണെന്നാണ് അവരുടെ പക്ഷം. ഇതിലൂടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് നടിയുടെ ശ്രമമെന്നും ചിലർ ആരോപിക്കുന്നു. “വ്യാജ ടാൻ തെറ്റിപ്പോയി, കുറഞ്ഞത് എല്ലായിടത്തും ഒരുപോലെയെങ്കിലും ചെയ്യൂ.” എന്നായിരുന്നു ഒരാളുടെ കമന്റ്. "മുഖത്തിൻ്റെ കാര്യമോ??? ടാനന്യ പാണ്ഡെ," എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

എന്നാൽ, വിമർശകരോട് വളരെ രസകരമായിത്തന്നെ അനന്യ പ്രതികരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ഒരു വീഡിയോ പങ്കുവെച്ച് അനന്യ കുറിച്ചത് 'ഞാൻ ടാനിൻ്റെ ആരാധികയാണെ'ന്നാണ്. പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജിയും ഇതിനൊപ്പമുണ്ടായിരുന്നു. അതേസമയം ടാനടിച്ച ശരീരം പ്രദർശിപ്പിച്ചതിന് ഒട്ടേറെപ്പേർ അനന്യയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

മാലിദ്വീപ് യാത്രയ്ക്കിടെയുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. പല ചിത്രങ്ങളിലും നടിയുടെ ശരീരത്തിൽ ടാൻ വന്നത് കാണാമായിരുന്നു. കാർത്തിക് ആര്യനൊപ്പം 'തൂ മേരി മേം തേരാ, മേം തേരാ തൂ മേരി' ആണ് അനന്യയുടെ അടുത്ത ചിത്രം. ഡിസംബർ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജാക്കി ഷ്രോഫ്, നീന ഗുപ്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi