ഏതൊരു മേക്കപ്പ് ലുക്കിന്റെയും ആദ്യ ഘട്ടം സ്‌കിൻ പ്രെപ്പ് ആണ്. സി.ടി.എം.പി എന്ന രീതിയിലാണ് സ്‌കിൻ പ്രെപ് ചെയ്യേണ്ടത്. ക്ലെൻസർ, ടോണർ, മോയിസ്ചറൈസർ, അവസാനം പ്രൊട്ടക്ഷൻ അഥവാ സൺസ്‌ക്രീൻ എന്നിങ്ങനെ. മേക്കപ്പിന് മുൻപ് മാത്രമല്ല, ചർമസംരക്ഷണ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ് സ്‌കിൻ പ്രെപ്. ഓയ്‌ലി, ഡ്രൈ, നോർമൽ എന്നിങ്ങനെ ഓരോ ചർമത്തിനും അനുസരിച്ച് പ്രെപ് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളിലും മാറ്റമുണ്ട്.

To advertise here,

ചർമത്തിന് യോജിച്ച ഫേസ് വാഷ്, ക്ലെൻസിങ് മിൽക്ക് എന്നിവ ഉപയോഗിച്ച് മുഖം ക്ലെൻസ് ചെയ്യാം. ആദ്യം മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകുക. അൽപം ക്ലെൻസിങ് മിൽക്ക് മുഖത്ത് പുരട്ടി വൃത്താകൃതിയിൽ പതിയെ മസാജ് ചെയ്യുക. മൃദുവായ കോട്ടൺ പാഡ് കൊണ്ട് തുടക്കുക. അല്ലെങ്കിൽ അൽപം ക്ലെൻസിങ് മിൽക്ക് കോട്ടൺ പാഡിലേക്ക് പകർത്തിയും മുഖം മസാജ് ചെയ്യാം.

ക്ലെൻസിങ് ചെയ്യുമ്പോൾ മുഖചർമത്തിലെ സുഷിരങ്ങൾ തുറന്നുവരും. അത് കുറക്കാനാണ് ടോണറുകൾ പുരട്ടുന്നത്. ഏതു ചർമക്കാർക്കും ഉപയോഗിക്കാവുന്നതാണ് റോസ് വാട്ടർ ടോണറുകൾ.

ടോണർ ഉണങ്ങിയതിന് ശേഷമാണ് മോയിസ്ചറൈസർ പുരട്ടേണ്ടത്. വരണ്ട ചർമമുള്ളവർ ക്രീമി മോയ്‌സ്ചറൈസർ ഉപയോഗിക്കണം. എണ്ണമയമുള്ള ചർമമുള്ളവർ വാട്ടർ ബേസ്ഡ് മോയ്‌സചറൈസർ വേണം പുരട്ടാൻ. പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യണം. ചർമം മോയിസ്ചറൈസർ നന്നായി വലിച്ചെടുത്തതിന് ശേഷം സൺസ്‌ക്രീൻ പുരട്ടാം.

Base Makeup
സ്‌കിൻ പ്രെപ്പിന് ശേഷം ചർമത്തിന് യോജിച്ച പ്രൈമർ പുരട്ടണം. മുഖത്ത് പാടുകൾ, കരിവാളിപ്പ്, മുഖക്കുരു എന്നിവയുണ്ടെങ്കിൽ കളർ കറക്ടർ ഉപയോഗിച്ച് അവ മായ്ക്കാം. കണ്ണിനടിയിലെ കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവയ്ക്ക് ഓറഞ്ച് കളർ കറക്ടർ ഉപയോഗിക്കാം. അൽപം നിറംകുറഞ്ഞ പാടുകൾക്ക് യെല്ലോ കറക്ടറാണ് ഉപയോഗിക്കേണ്ടത്. മുഖക്കുരു പോലുള്ളവയ്ക്ക് ഗ്രീൻ കറക്ടറുകൾ ഉപയോഗിക്കാം. പാടുകൾക്ക് മുകളിൽ സ്‌കിൻ ടോണിന് യോജിച്ച കൺസീലർ പുരട്ടണം. ശേഷം യോജിച്ച ഫൗണ്ടേഷൻ പുരട്ടാം.

കളർ കറക്ടർ, കൺസീലർ, ഫൗണ്ടേഷൻ എന്നിവയോരോന്നും ബ്യൂട്ടി ബ്ലെൻഡറോ ഫ്‌ളാറ്റ് ബ്രഷോ ഉപയോഗിച്ച് ബ്ലെൻഡ് ചെയ്യണം. ഇതാണ് മേക്കപ്പിന്റെ ബേസ്.

Nude Makeup Style

കനംകുറച്ച് നേർത്ത രീതിയിലാണ് ന്യൂഡ് മേക്കപ്പിലെ കണ്ണുകൾ. ബ്രൗണിന്റെ വളരെ ലൈറ്റ് ഷേഡാണ് ഐഷാഡോയായി ഉപയോഗിക്കേണ്ടത്. ശേഷം അപ്പർ ഐലാഷ്‌ലൈനിൽ (കൺപീലിക്ക് മുകളിൽ) കാജൽകൊണ്ട് നേർത്ത ലൈൻ വരക്കുക. ഡാർക്ക് ബ്രൗൺ ഐഷാഡോ അൽപമെടുത്ത് നന്നായി സ്മഡ്ജ് ചെയ്യുക. അതേ ഐഷാഡോ കൊണ്ട് ലോവർ ലാഷ്‌ലൈനിലും സ്മഡ്ജ് ചെയ്യുക. ഇനി മസ്‌കാര പുരട്ടുക. ലൈറ്റ് ഷേഡിലുള്ള ബ്ലഷും ഹൈലൈറ്ററും ഇടുക. ന്യൂഡ് ഷേഡിലുള്ള ലിപ്സ്റ്റിക് ആണ് ഈ ലുക്കിന് ആവശ്യം.

ബ്രിക്ക് ന്യൂഡ്, പീച്ച് ന്യൂഡ്, ന്യൂഡ് പിങ്ക് തുടങ്ങിയവയും കോറൽ, ഓറഞ്ച്, റെഡ് അണ്ടർടോണുകളിലുള്ളവയും ന്യൂഡ് ലിപ്സ്റ്റിക് ഷേഡുകളാണ്.

ജീൻസ്-ടോപ്പ്, കോർഡ് സെറ്റ് പോലുള്ള സിംപിൾ കാഷ്വൽ വെയറുകൾക്ക് ഈ മേക്കപ്പ് ലുക്ക് അനുയോജ്യമാണ്.

Matte Finish Makeup

പൗഡർ സെറ്റിങ് ആണ് ഈ മേക്കപ്പിനെ വ്യത്യസ്തമാക്കുന്നത്. പൗഡർ രൂപത്തിലുള്ള ബ്ലഷ്, കോൺടോർ, ഹൈലൈറ്റർ എന്നിവയാണ് മാറ്റ് ഫിനിഷ് ലഭിക്കാൻ ഉപയോഗിക്കേïത്. മാറ്റ് ലിക്വിഡ് ലിപ്സ്റ്റിക് ഉപയോഗിക്കാം. ലിപ് ഗ്ലോസ് ഉപയോഗിക്കരുത്.

Bold Makeup Look

ബേസ് മേക്കപ്പിന് ശേഷം ബ്രൗൺ ഷേഡിലെ ഐ ബ്രോ വൊളുമനൈസിങ് ജെൽ ഉപയോഗിച്ച് കനംകുറച്ച് പുരികത്തിന് ഷേപ്പ് നൽകാം. പിങ്ക് ഷേഡിലുള്ള ഐ ഷാഡോ പുരട്ടി സ്മഡ്ജ് ചെയ്യുക. അപ്പർ ലാഷ്‌ലൈനിൽ മാത്രം കാജൽ, ഐലൈനർ എന്നിവ ഉപയോഗിച്ച് കട്ടിയിൽ വരയ്ക്കുക. ചെറിയ വിങ്‌സ് വരച്ച് ഭംഗികൂട്ടാം. ലോവർ ലാഷ്‌ലൈനിൽ അതേ പിങ്ക് ഐഷാഡോ പുരട്ടി സ്മഡ്ജ് ചെയ്യുക. കൺപീലിയിൽ വൊളുമനൈസിങ് മസ്‌കാര പുരട്ടുക. ഗ്ലിറ്ററി ആയ വസ്ത്രമാണെങ്കിൽ വസ്ത്രത്തിന് യോജിച്ച ഷിമ്മറി ഐഷാഡോ പുരട്ടാം.

പിങ്ക് ബ്ലഷ് ഉപയോഗിക്കാം. റെഡ്, ബ്രൗൺ, പിങ്ക് തുടങ്ങിയ ഷേഡുകളിലുള്ള ലിപ്സ്റ്റിക് അണിയാം. ചുവപ്പ് നിറത്തിലുള്ള ഫ്രോക്കുകൾക്കും ബീജ്, ഐവറി, ഗ്രേ... നിറങ്ങളിലുള്ള ഗ്ലിറ്ററി ബോഡികോൺ വസ്ത്രങ്ങൾക്കൊപ്പവും ഈ മേക്കപ്പ് ലുക്ക് അണിയാം.

Valentine Eyes

വ്യത്യസ്തമായ ബോൾഡ് ഐ മേക്കപ്പുകളും പരീക്ഷിക്കാം.

1. ഡബിൾ വിങ്‌സ്: അപ്പർ ലാഷ്‌ലൈനിൽ ഒരു വശത്തുനിന്നും മറുവശത്തേക്ക് ഐലൈനർകൊണ്ട് ഔട്ട്‌ലൈൻ നൽകുക. ശേഷം നീളത്തിൽ വിങ്‌സ് നൽകുക. വിങ്‌സ് വരയ്ക്കുമ്പോൾ പുറത്തുപോകാതിരിക്കാനായി ഐലൈനർ സ്‌റ്റെൻസിൽ ഉപയോഗിക്കാം. ഇനി മുകൾഭാഗത്ത് വരയ്ക്ക് സമാന്തരമായി അൽപമകലെ ലോവർ ലാഷ്‌ലൈനിൽ ഒരു ലൈൻ വരയ്ക്കുക. മൂക്കിനോടുചേർന്ന മൂലയിൽ അപ്പർ ലാഷ്‌ലൈനും ലോവർ ലാഷ്‌ലൈനും യോജിപ്പിക്കുന്ന വിധം ചെറിയ ത്രികോണാകൃതി വരയ്ക്കുക. മസ്‌കാര പുരട്ടുക. വ്യത്യസ്ത നിറത്തിലുള്ള ഐലൈനറുകൾ ഉപയോഗിച്ച് ഈ ഡബിൾ വിങ്ഡ് ഐലൈനർ ലുക്ക് ചെയ്യാം.

2. റിവേഴ്‌സ് കാറ്റ് ഐ: അപ്പർ ലാഷ്‌ലൈനിൽ നിന്നും വിങ്‌സ് വരച്ച സാധാരണ കാറ്റ് ഐ മേക്കപ്പിന്റെ നേരെ എതിർരൂപമാണ് റിവേഴ്‌സ് കാറ്റ് ഐ. ആദ്യം അപ്പർ ലാഷ്‌ലൈനിൽ ഐലൈനർകൊണ്ട് വരയ്ക്കുക. ഇനി ഐലൈനർ പെൻസിൽ കൊണ്ട് ലോവർ ഐലാഷ് ലൈനിന്റെ മധ്യഭാഗത്തുനിന്നും അഗ്രഭാഗത്തേക്ക് (ചെവിയുടെ ഭാഗം) വരയ്ക്കുക. ചെറിയ ഫ്‌ളാറ്റ് ബ്രഷ് കൊണ്ട് അഗ്രഭാഗത്തേക്ക് സ്മഡ്ജ് ചെയ്ത് സ്‌മോക്കി വിങ്‌സ് തയ്യാറാക്കുക. ഈ വിങ്‌സ് ഷേപ്പ് ചെയ്ത് അപ്പർ ഐലിഡുമായി യോജിപ്പിക്കുക. രണ്ട് ലാഷ്‌ലൈനുകളിലും സ്മഡ്ജ് ചെയ്തതിന് മുകളിലായി ഐലൈനർകൊണ്ട് നീളത്തിൽ കട്ടിയായി വരച്ച് വിങ്‌സ് ഷേപ്പ് ചെയ്യുക. കൺപീലിയിൽ വൊളുമനൈസിങ് മസ്‌കാര പുരട്ടി ലുക്ക് പൂർത്തിയാക്കാം.

കടപ്പാട്
അശ്വതി പ്രശാന്ത്
ബ്ലൂംസ് മേക്കോവർ

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi