കഴിഞ്ഞ ലക്കം 'സാരിത്തിരമാലകൾ' അവസാനിപ്പിക്കുമ്പോൾ, ഷിമോഗയിലെ ആശ്രമവിശേഷങ്ങൾ പങ്കുവെക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അതിനുമുമ്പ്, അവിടേക്കുള്ള മനോഹരമായ, എന്നാൽ അല്പം ദുർഘടമായ ആ യാത്രയെക്കുറിച്ച് പറയണമെന്ന് തോന്നി. കാരണം, ഷിമോഗയിലേക്കുള്ള ആ സുന്ദരയാത്ര വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും കാഴ്ചകളിലൂടെയുമുള്ള ഒരു തീർഥാടനം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അനുനിമിഷം ആനന്ദം പകർന്ന അത്രമേൽ സുന്ദരമായ ആ യാത്രയെക്കുറിച്ച് വിവരിക്കാതെ മുന്നോട്ട് പോകാനാവില്ല.

സാരികൾ തേടിയുള്ള എന്റെ ഈ യാത്രകളെ കുറിച്ച് എഴുതണമെന്ന് പലരും സ്‌നേഹപൂർവ്വം നിർബന്ധിക്കാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് പ്രിയ സുഹൃത്ത് മീനാക്ഷിയാണ് (സി.എസ്. മീനാക്ഷി). ചില ഫേസ്ബുക്ക് പോസ്റ്റുകൾക്കപ്പുറം മറ്റൊന്നും ഞാൻ കുറിച്ചിട്ടിരുന്നില്ല. 'എഴുതിത്തുടങ്ങൂ, അപ്പോൾ ഓരോന്നായി ഓർമ്മവരും' എന്ന മീനാക്ഷിയുടെ വാക്കുകൾ ഞാനിപ്പോഴും ഓർക്കുന്നു. എന്നാൽ, യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളും ഇതേ കാര്യം എന്നോട് നിരന്തരം ആവശ്യപ്പെടുമായിരുന്നു. ജയകുമാർ രാഘവൻ ഒരിക്കൽ അത് പറയുന്നതിനിടയിൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യംപോലും തോന്നി. 'എഴുതി വയ്ക്കൂ... വേറിട്ട യാത്രകളാണ് നിങ്ങളുടേത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ, 'ആർക്കാണ് ഇതെല്ലാം വായിക്കാൻ താല്പര്യവും സമയവും?' എന്നായിരുന്നു അന്ന് എന്റെ ചിന്ത. ആരെങ്കിലും എഴുതാൻ നിർബന്ധിക്കുമ്പോൾ അന്നെല്ലാം വല്ലാത്തൊരു അസ്വസ്ഥത എനിക്ക് തോന്നുമായിരുന്നു.

ഒടുവിൽ മീനാക്ഷി പറഞ്ഞതുപോലെ എഴുതിത്തുടങ്ങിയപ്പോൾ, പൊഴിഞ്ഞുവീണ പൂവിതളുകൾ കോർത്തിണക്കുന്നതുപോലെ ഓരോ ഓർമ്മയും അണമുറിയാതെ ഒഴുകിയെത്തുന്നു. പിന്നിട്ട വഴികളിലൂടെ മനസ്സുകൊണ്ട് വീണ്ടും സഞ്ചരിക്കുമ്പോൾ നിറങ്ങൾക്കൊപ്പം ചില വിങ്ങലുകളും വന്നുനിറയുന്നുണ്ട്; ചേർത്തുപിടിച്ചവരെയും പാതിവഴിയിൽ തനിച്ചാക്കിയവരെയുമൊക്കെ ഞാനിന്ന് ഓർക്കുന്നു.

ബംഗാളിൽ നിന്നുള്ള ഒരു പ്രൊഫസർ ഒരിക്കൽ എന്നോട് ചോദിച്ചു, 'നിങ്ങളെപ്പോലെ വേറെ ആരാണ് കേരളത്തിൽ സാരികൾ വിൽക്കുന്നത്?' ഞാൻ കുറച്ചുനേരം ആലോചിച്ചു... 'ആരുമില്ല' എന്നായിരുന്നു എന്റെ മറുപടി. 'പിന്നെ തുണികളുടെ ഗുണമേന്മയെക്കുറിച്ച് പറയുകയാണെങ്കിൽ 'ഫാബ് ഇന്ത്യ' ഉണ്ടാകാം.' എന്റെ ഉത്തരം കേട്ട് അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു: 'Oh... Fabindia is your only competitor?' ഞാനും കൂടെ ചിരിച്ചു. വേറിട്ടൊരു വഴിയിലൂടെ ‘കണ്ണകി’യും അവളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും പൂർണമായ ബോധ്യമുണ്ടായിരുന്നില്ല. ജയകുമാർ രാഘവൻ പകർന്നു തന്ന വാക്കുകളിലൂടെ ഞാനിന്ന് അത് കൂടുതൽ തിരിച്ചറിയുന്നു. നന്ദി പ്രിയ സുഹൃത്തുക്കളെ.

തിരിഞ്ഞു നോക്കുമ്പോൾ, എന്റെ യാത്രകൾ എന്നെത്തന്നെ അദ്ഭുതപ്പെടുത്തുകയാണ്. പിന്നിട്ട വഴികൾ വലിയ തിരിച്ചറിവുകളായിരുന്നു. പലപ്പോഴും പോയ ഇടങ്ങളിലേക്കുതന്നെ വീണ്ടും മടങ്ങിപ്പോകാൻ തോന്നുന്നത് എന്തുകൊണ്ടായിരിക്കാം?

തുണികൾ തേടിയുള്ള യാത്രകളിൽ എനിക്ക് ഏറ്റവും ആത്മവിശ്വാസം നൽകിയ ഒന്നായിരുന്നു ഷിമോഗയിലേക്കുള്ള ഈ യാത്ര. മിക്കപ്പോഴും യാത്രകൾക്കായി ടിക്കറ്റ് എടുത്തു തരാറുള്ളത് എന്റെ അനിയനാണ്. എന്നാൽ ഇത്തവണ അവനെ ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ അത് ചെയ്യാമെന്ന് കരുതി. അവനാണെങ്കിൽ പനി പിടിച്ചു കിടക്കുകയുമാണ്. പക്ഷേ, റെയിൽവേയുടെ വെബ്‌സൈറ്റിൽ കയറാൻ നോക്കിയപ്പോൾ യൂസർ ഐഡിയും പാസ്വേഡും മറന്നുപോയിരിക്കുന്നു! അവ റീസെറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഓരോന്നായി സാങ്കേതിക തടസ്സങ്ങൾ. വൈകിയാൽ ടിക്കറ്റ് കിട്ടില്ലെന്ന പേടിയിൽ ഉടനെ അടുത്തുള്ള ഒരു ട്രാവൽ ഏജൻസി വഴി ടിക്കറ്റ് ഉറപ്പിച്ചു.

യാത്രയ്ക്ക് തൊട്ടുമുൻപുള്ള ധൃതി എനിക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ട് തലേദിവസം തന്നെ അയക്കാനുള്ള പാഴ്‌സലുകളെല്ലാം അയച്ചു, വീട്ടിലെ പൂച്ചകൾക്കും മനുഷ്യർക്കും വേണ്ട ഭക്ഷണസാധനങ്ങൾ സ്റ്റോക്ക് ചെയ്തു. വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് നിന്നും ട്രെയിൻ കയറണം. ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങാമെന്ന് കരുതി കിടന്ന ഞാൻ ക്ഷീണം കാരണം ഉറങ്ങിപ്പോയി. പെട്ടെന്ന് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ്  ഞെട്ടിയുണർന്നത്. അപരിചിതമായ നമ്പറാണ്. ആരെങ്കിലും സാരിക്ക് ഓർഡർ തരാൻ വിളിക്കുകയാണെന്ന് കരുതി ഉന്മേഷത്തോടെ ഞാൻ 'ഹലോ' പറഞ്ഞു. മറുവശത്തുനിന്നും ഒരു ചിരിയോടെയുള്ള ചോദ്യം വന്നു: 'ചാരുച്ചേച്ചിയല്ലേ? ഒരു മെസ്സേജ് വന്നത് കണ്ടില്ലേ? ഞാൻ ട്രാവൽ ഏജൻസിയിൽ നിന്നാണ്. ചേച്ചിയുടെ ടിക്കറ്റ് ക്യാൻസൽ ആയിപ്പോയി!'

മറ്റാരോ ക്യാൻസൽ ചെയ്യാൻ പറഞ്ഞ ടിക്കറ്റിനു പകരം അവർ എന്റെ ടിക്കറ്റ് മാറ്റി ക്യാൻസൽ ചെയ്തിരിക്കുന്നു! എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. നാളെ രാവിലെ വേറെ ടിക്കറ്റ് നോക്കാമെന്നാണ് അവർ പറയുന്നത്. 'എനിക്ക് ഈ നിമിഷം ടിക്കറ്റ് വേണം. ഇല്ലെങ്കിൽ നാളെ രാവിലെ ഷിമോഗയിലേക്ക് പോകാൻ ഒരു ടാക്‌സി ഏർപ്പാടാക്കി തരണം' എന്ന് ഞാൻ കർക്കശമായി പറഞ്ഞു.

ഉഡുപ്പിയിൽ രാവിലെ എത്തി അവിടുന്ന് ബസ് കയറി സ്ഥലത്തെത്താനുള്ള എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുമെന്ന അവസ്ഥയായി. ഒടുവിൽ അരമണിക്കൂറിനുള്ളിൽ, രണ്ട് മണിക്കൂർ വൈകിയുള്ള മറ്റൊരു വണ്ടിക്ക് അവർ ടിക്കറ്റ് എടുത്തു തന്നു. 'ഹാപ്പി ജേർണി' എന്ന അവരുടെ വോയ്സ് മെസ്സേജ് കേട്ടപ്പോൾ ആ സാഹചര്യത്തിലും എനിക്കൊരു ചിരി വന്നു.

രാത്രി 12:45-ഓടെയാണ് ട്രെയിൻ ഉഡുപ്പിയിലെത്തിയത്. ട്രെയിൻ വൈകിയതിനാൽ രാവിലെ കൃഷ്ണനെ തൊഴുതു പോകാമെന്ന് കരുതി. എന്നാൽ പിറ്റേന്ന് രാവിലെ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് അറിഞ്ഞത് ഷിമോഗയിലേക്ക് അവിടെ നിന്ന് നേരിട്ട് ബസ്സില്ലെന്ന്! പലരും പല അഭിപ്രായങ്ങൾ പറയുന്നു. ഒടുവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഷിമോഗയിലേക്ക് അഞ്ച് മണിക്കൂർ യാത്രയുണ്ടെന്നാണ്. പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വൈകുന്നേരം മാത്രമേയുള്ളൂ. പിന്നെയുള്ള ഏക വഴി തീർഥഹള്ളിയിൽ ഇറങ്ങുക എന്നതാണ്.

'തീർഥഹള്ളി' എന്ന് കേട്ടതും മനസ്സിൽ ഒരായിരം ലഡു പൊട്ടി! പ്രിയപ്പെട്ട എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ ജന്മനാട്. അദ്ദേഹത്തിന്റെ വിഖ്യാതമായ 'സംസ്‌കാര' എന്ന നോവലിന് പശ്ചാത്തലമായ ആ മനോഹരമായ ഇടം നേരിൽ കാണാമല്ലോ എന്നോർത്തപ്പോൾ ആവേശമായി. തീർഥഹള്ളിക്കടുത്തുള്ള 'ദുർവ്വാസമപുരം' എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. തുംഗാ നദിയുടെ തീരത്തുള്ള അതിമനോഹരമായ ഗ്രാമമാണ് തീർഥഹള്ളി. അനന്തമൂർത്തിയുടെ കൃതികളിലെല്ലാം ഈ നാടിന്റെ ഗന്ധവും ആചാരങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിലൂടെ ബസ് നീങ്ങുമ്പോൾ എന്റെ മനസ്സ് ആ സാഹിത്യലോകത്തായിരുന്നു.

യാത്രകളിലെ തടസ്സങ്ങൾ എന്നെ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഡ്രൈ ഫ്രൂട്ട്സും വെള്ളവും ഉണ്ടെങ്കിൽ എനിക്ക് എത്ര ദിവസം വേണമെങ്കിലും പിടിച്ചുനിൽക്കാം. എവിടെയെങ്കിലും എത്തിപ്പെടുമ്പോൾ ഒരു തളിക ചോറും അല്പം തൈരും കിട്ടിയാൽ അതൊരു വലിയ സദ്യ കിട്ടിയ സന്തോഷമാണ് നൽകുന്നത്.

യാത്രകളിൽ എപ്പോഴും ഒരു 'പ്ലാൻ ബി' കൂടെയുണ്ടാകും, കാരണം പ്ലാനുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം. പോയ കാര്യം ഭംഗിയായി നടക്കുക എന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഇതു പോലെ യാത്രകൾ അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ എനിക്കു വേണ്ട സാരികളോ വസ്ത്രങ്ങളോ ലഭിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഉണ്ടാകാറില്ല. ആ അനിശ്ചിതത്വം നൽകുന്ന ഒരു ആകുലത മനസ്സിലുണ്ടാകും. കൂടെയൊരാളുണ്ടെങ്കിൽ എന്റെ ഈ ഉത്കണ്ഠ അവർക്ക് മനസ്സിലായെന്നു വരില്ല. എന്റെ ആകുലതകൾ മറ്റൊരാളോട് പങ്കുവെക്കാനോ, പകരം അവരുടെ ആശങ്കകൾ ഏറ്റെടുക്കാനോ എനിക്ക് കഴിയില്ല. അത്രമേൽ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചായിരിക്കും ഓരോ യാത്രയും.

യാത്രകളിൽ ഇത്രയേറെ നിശ്ചയമില്ലായ്മകൾ ഉണ്ടെങ്കിലും, ആ നിമിഷങ്ങൾ പൂർണ്ണമായി ആസ്വദിക്കാറുണ്ട്. മറ്റൊരാളുടെ താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വഴങ്ങിക്കൊടുക്കേണ്ടി വരുമ്പോൾ, എന്റെ യാത്രയുടെ സ്വതന്ത്രമായ ആനന്ദം നഷ്ടപ്പെടുമോ എന്നൊരു പേടി എനിക്കുണ്ട്. അതുകൊണ്ടുതന്നെ അക്കാലങ്ങളിൽ ഏകാന്തയാത്രയാണ് നല്ലതെന്നു തോന്നിരുന്നു. എന്റെ യാത്രകൾ ഇങ്ങനെയൊക്കെയാണ്... ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുന്തോറും മനസ്സ് കൂടുതൽ ശാന്തമാവുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi