ഒരു വിവാദം കെട്ടൊഴിയുന്നതിനു മുൻപ് തന്നെ വീണ്ടും മറ്റൊന്നിൽ പെട്ടിരിക്കുകയാണ് ഇറ്റാലിയൻ ഫാഷൻബ്രാൻഡായ പ്രാഡ. ഇത്തവണ വിഷയം കോലാപ്പൂരി ചെരിപ്പുകളല്ല, ജിഐ-ടാഗുള്ള പരമ്പരാഗത കോലാപ്പൂരി പാദരക്ഷയെ മിലാനിലെ ഒരു ഷോയിൽ പ്രാഡ പരസ്യമായി അനുകരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് പ്രാഡ ഒടുവിൽ ഇതിന്റെ ഉത്ഭവം അംഗീകരിക്കുകയും കോലാപ്പൂരിലെത്തി കരകൗശല വിദഗ്ധരെ കാണുകയും ചെയ്തിരുന്നു.

To advertise here,

എന്നാൽ ഇപ്പോൾ പ്രാഡയുടെ വെബ്‌സൈറ്റിലുള്ള 'ആന്റിക്യൂഡ് ലെതർ പമ്പ്' എന്ന് പേരിലുളള ഹീൽസുകളുടെ ചിത്രങ്ങളാണ് വിമർശനവിധേയമാവുന്നത്. പരമ്പരാഗത രാജസ്ഥാനി ജൂത്തികളുമായി ശക്തമായ സാമ്യമുള്ള പ്രാഡയുടെ മോഡലുകളാണിവ. വീണ്ടും പ്രാഡയുടെ കോപ്പിയടി എന്ന പേരിലാണ് ചിത്രങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. വെബ്‌സൈറ്റിൽ ഇവ പല നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണെങ്കിലും അതിലൊരെണ്ണത്തിന് പരമ്പരാഗത ഇന്ത്യൻ ജൂത്തികളുമായി അസാധാരണമായ സാമ്യമുണ്ട്. എന്നാലത്, തങ്ങൾ പശുത്തോൽ ഉപയോഗിച്ചു നിർമിച്ചതും, തീർത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡയുടെ വാദം.

ഇന്ത്യൻ ജൂത്തികൾ ഫ്‌ലാറ്റാണെങ്കിൽ, ഈ പാദരക്ഷകളിൽ ഹീൽ, കൂർത്ത മുൻഭാഗം, പുറമെ കാണുന്ന സ്റ്റിച്ചിങ്, ലെതർ ഫിനിഷ് തുടങ്ങിയ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. അതുല്യവും പാരമ്പര്യേതരവുമായ ഡിസൈൻ എന്ന് അവകാശപ്പെട്ട പ്രാഡയുടെ ഹീൽസും, ഇന്ത്യയിൽ നൂറ്റാണ്ടുകളായി ധരിച്ചുവരുന്ന കൈകൊണ്ട് നിർമ്മിച്ച തനത് പാദരക്ഷകളും തമ്മിലുള്ള അസാധാരണമായ സാമ്യം നെറ്റിസൺസ് പെട്ടെന്നുതന്നെ ചൂണ്ടിക്കാട്ടി. യഥാർത്ഥ ഉൽപ്പന്നത്തിനും അതിന്റെ വേരുകൾക്കും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തിനും കടപ്പാട് നൽകാത്ത ഈ സംഭവം ആവർത്തിച്ചിരിക്കുകയാണ് പ്രാഡ. ഇതുപോലുള്ള ആഡംബര ബ്രാൻഡുകൾ യാതൊരു കടപ്പാടുമില്ലാതെ ആഗോള വിപണിക്കായി പരമ്പരാഗത ഡിസൈനുകൾ പുനർനാമകരണം ചെയ്യുന്ന പാതയിലാണോ എന്നത് സംശയാസ്പദമാണ്. ഇത് സാംസ്‌കാരിക ദുർവിനിയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്കും, ബ്രാൻഡിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഉത്തരവാദിത്തം വേണമെന്ന ആവശ്യത്തിനും, ഇത്തരം ഉൽപ്പന്നങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾക്കും കരകൗശല വിദഗ്ധർക്കും ന്യായമായ കടപ്പാടും അംഗീകാരവും നൽകണമെന്ന വാദത്തിനും ശക്തി പകരുന്നു. ഇവയെല്ലാം ഇന്ന് ഫാഷൻ ലോകത്ത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

ഇന്ത്യൻ കച്ചവടക്കാർ 400 മുതൽ 2000 രൂപ വരെ നിരക്കിൽ ഇത്തരം മോഡലുകൾ വിൽക്കുമ്പോൾ, പ്രാഡ അതു വിൽക്കുന്നത് അതിലും എത്രയോ മടങ്ങ് അധികം തുകയ്ക്കാണ്. കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകൾക്കു അവരിട്ട വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതൽ 2.10 ലക്ഷം വരെയാണ്. ഇത്തരം മോഡലുകൾ ഒരു ക്രെഡിറ്റും നൽകാതെ അടിച്ചുമാറ്റുന്നു എന്നുമാത്രമല്ല, ഇന്ത്യൻ കലാകാരന്മാർക്ക് കിട്ടേണ്ടുന്ന അംഗീകാരം കൂടിയാണ് ഇവർ കൈക്കലാക്കുന്നത് എന്നും വിമർശനമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi