ആഡംബര ബ്രാന്‍ഡുകള്‍ ദൈനംദിന അവശ്യവസ്തുക്കളെ പുനര്‍നിര്‍മ്മിക്കുകയും അവയ്ക്ക് അമ്പരപ്പിക്കുന്ന വിലയിടുകയും ചെയ്യുന്നത് ഉപഭോക്താക്കളെ അതിശയിപ്പിക്കുകയാണ്. പേപ്പര്‍ ബാഗുകള്‍, ചെരുപ്പുകള്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവയുടെ ഡിസൈനര്‍ പതിപ്പുകള്‍ക്ക് ശേഷം, ആഡംബര സേഫ്റ്റി പിന്നുകളാണ് പുതിയ ഉത്പന്നം. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ഹൗസായ പ്രാഡ 'ക്രോഷെ സേഫ്റ്റി പിന്‍ ബ്രൂച്ച്' എന്ന പേരില്‍ പുറത്തിറക്കിയ ഒരു ഉത്പന്നമാണ് ഇപ്പോള്‍ വ്യാപകമായ വിമര്‍ശനം നേരിടുന്നത്.

To advertise here,

ഇത് സാധാരണ സേഫ്റ്റി പിന്നില്‍ വര്‍ണ്ണാഭമായ ക്രോഷെ നൂല്‍ ചുറ്റി, അതിന് മുകളില്‍ പ്രാഡയുടെ ട്രയാംഗിള്‍ ലോഗോ ഘടിപ്പിച്ചതാണ്. ഇതിന്റെ വില കേട്ടാലാണ് യഥാര്‍ഥത്തില്‍ ഞെട്ടുക. ഏകദേശം 775 ഡോളര്‍ അതായത് 68,758 രൂപയോളം വരുമിത്. ഇന്ത്യയില്‍, 20 മുതല്‍ 30 വരെ സേഫ്റ്റി പിന്നുകളുള്ള ഒരു പാക്കറ്റിന് സാധാരണയായി 20 മുതല്‍ 50 രൂപ വരെയാണ് വില. ഇത് എല്ലാ സ്ത്രീകളും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നുമാണ്.

അവിശ്വസനീയത, ചിരി, രോഷം എന്നിങ്ങനെ വ്യത്യസ്ത പ്രതികരണങ്ങളോടെയാണ് സോഷ്യല്‍മീഡിയ ഈ വാര്‍ത്ത ഏറ്റെടുത്തത്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പരിഹാസപരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞു. 'പ്രാഡയുടെ ലോഗോ ഇല്ലാതെ എനിക്കിത് ഉണ്ടാക്കാന്‍ കഴിയും' ഒരു ഉപയോക്താവ് എഴുതി. 'ആഡംബര ബ്രാന്‍ഡുകള്‍ നമ്മളെ കളിയാക്കുകയാണോ?' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'പ്രാഡ 70,000 രൂപയ്ക്ക് ക്രോഷെ സേഫ്റ്റി പിന്നുകള്‍ വില്‍ക്കുന്നു. എന്റെ മുത്തശ്ശി സീരിയലുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് ഉണ്ടാക്കാറുണ്ടായിരുന്നു' ഒരു ഉപയോക്താവ് തമാശയായി പറഞ്ഞു.

ദൈനംദിന അവശ്യവസ്തുക്കളെ, പ്രത്യേകിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ, പുതിയ രൂപത്തില്‍ അവതരിപ്പിച്ചതിന് പ്രാഡയ്ക്ക് തിരിച്ചടി നേരിടുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ, മിലന്‍ ഫാഷന്‍ വീക്കില്‍ ഇന്ത്യയുടെ പരമ്പരാഗത കോലാപ്പൂരി ചെരുപ്പുകളോട് സാമ്യമുള്ള പാദരക്ഷകള്‍ അവതരിപ്പിച്ചപ്പോള്‍ സാംസ്‌കാരിക അധിനിവേശം എന്ന് പലരും വിശേഷിപ്പിച്ചുകൊണ്ട് ബ്രാന്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിവാദം നാട്ടില്‍ യഥാര്‍ത്ഥ കോലാപ്പൂരി ചെരുപ്പുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.

സാധാരണ വീട്ടുപകരണങ്ങളെ ഹൈ-ഫാഷന്‍ ചിഹ്നങ്ങളാക്കി മാറ്റുന്നതില്‍ പ്രാഡ തനിച്ചല്ല. നേരത്തെ, ഗൂച്ചി അവരുടെ ലോഗോയുള്ള ഒരു വെള്ളി പേപ്പര്‍ ക്ലിപ്പ് പുറത്തിറക്കിയിരുന്നു. അതിന് 33,000 ഡോളര്‍ ആയിരുന്നു വില.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi