സിനിമയിലാണെങ്കിലും പാർലമെന്റിലാണെങ്കിലും ഫാഷൻ വിട്ടൊരു കളിയില്ല നടിയും എം.പി.യുമായ കങ്കണ റണൗട്ടിന്. പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിന് അംഗങ്ങളെല്ലാം ശൈത്യകാലത്തിന് യോജിച്ച രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണെത്തിയത്. സ്ത്രീകൾ ബ്ലേസറും പഷ്മിന ഷാളും തിരഞ്ഞെടുത്തപ്പോൾ, പുരുഷൻമാർ മഫ്ളറും കോട്ടും ജാക്കറ്റും സ്വെറ്റ് ഷർട്ടുമണിഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ കൈയടി നേടുന്നത് ആദ്യദിവസം മുതലുള്ള കങ്കണയുടെ വസ്ത്രങ്ങൾ തന്നെ.

To advertise here,

സാരികൾ തന്നെയാണ് ശൈത്യകാലത്തും അവർ തിരഞ്ഞെടുത്തിരിക്കുന്നത്. ടസർ സിൽക്ക് സാരികളോടാണ് കങ്കണയ്ക്ക് കൂടുതൽ പ്രിയം. അതിനൊപ്പം നീളമുള്ള ട്രെഞ്ച് കോട്ടും. ന്യൂട്രൽ നിറത്തിലുള്ള ട്രെഞ്ച് കോട്ടാണ് അവർ തിരഞ്ഞെടുത്തത്. എല്ലാ സാരികൾക്കൊപ്പവും ചേരുമെന്നതാണ് ഇത്തരം ലോങ് ട്രെഞ്ച് കോട്ടിന്റെ പ്രത്യേകത. പ്രിന്റഡ് സാരിക്കൊപ്പം അണിഞ്ഞ സ്ട്രക്‌ചേർഡ് ബ്ലേസറും മനോഹരമായി. ഫോർമൽ-കാഷ്വൽ ലുക്ക് ഒരുപോലെ നൽകുമെന്നതാണ് ബ്ലേസർ-സാരി കോംബോയുടെ ഭംഗി.

ചില ദിവസങ്ങളിൽ ട്രെഞ്ച് കോട്ടിനുപകരം ബ്ലേസറും ജംപറും പരീക്ഷിക്കുകയാണ് കങ്കണ. ഹാൻഡ്‌ലൂം സിൽക്ക് സാരിക്കൊപ്പം ജംപർ, ടസറിനൊപ്പം തന്നെ കോട്ടൺ, സിൽക്ക്, ഷിഫോൺ സാരികളും ഫാഷൻപ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നു. കടുംനിറങ്ങൾക്കുപകരം കണ്ണിന് കുളിർമ പകരുന്ന നേർത്ത നിറങ്ങളാണ് സാരികളുടേത്.

മുൻവർഷങ്ങളിൽ മുമ്പ് മൽമൽ സാരിക്കൊപ്പം ബ്ലേസറും കാന്തവർക്ക് സാരിയുടെ കൂടെ ബട്ടൺ ഡൗൺ ഷർട്ടും അതിനുമുകളിൽ നിറ്റഡ് വെസ്റ്റുമിട്ടാണ് അവരെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi