
മേക്കപ്പ്, അത് കുറഞ്ഞാലും കൂടിയാലും പ്രശ്‌നമാണ്. മിതമായി, വൃത്തിയായി, ഭംഗിയോടെ മേക്കപ്പ് ചെയ്യുന്നത് മിടുക്കുതന്നെയാണ്. സ്ഥിരമായും അല്ലാതെയും മേക്കപ്പ് ഉപയോഗിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും. പലപ്പോഴും മേക്കപ്പ് ചെയ്യുന്നതിനിടെ അബദ്ധങ്ങളും പറ്റാറുണ്ട്. എവിടെയാണ് തെറ്റുപറ്റിയതെന്ന് മനസ്സിലാവുകയുമില്ല. അത്തരത്തിലുണ്ടാകുന്ന മേക്കപ്പ് അബദ്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.
മോയിസ്ചറൈസറില്‍ തുടങ്ങാം
മേക്കപ്പിന്റെ ഏറ്റവും വലിയ ശത്രുവാണ് വരണ്ടുണങ്ങിയ ചര്‍മം. നേരിട്ട് മേക്കപ്പിടുന്നതിലൂടെ ചര്‍മപടലം ഉരിഞ്ഞുവന്നേക്കാമെന്നുമാത്രമല്ല, മേക്കപ്പ് ചര്‍മത്തില്‍ ലയിക്കാതെവരും. അതുകൊണ്ടുതന്നെ ഏത് മേക്കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പും ചര്‍മം ക്ലെന്‍സ് ചെയ്ത് മോയിസ്ചറൈസര്‍ പുരട്ടാന്‍ ശ്രദ്ധിക്കണം. പ്രൈമറിന്റെ ഫലം നല്‍കുന്ന മോയിസ്ചറൈസറുകള്‍ കൂടുതല്‍ ഫലപ്രാപ്തി നല്‍കും. ചര്‍മം വരണ്ടുണങ്ങാതിരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ സ്‌ക്രബ് ചെയ്യാം.
കണ്‍സീലര്‍ അധികം വേണ്ട
ചര്‍മത്തിലെ കലകളും വരകളും മായ്ക്കുമെന്നുള്ളതുകൊണ്ടുതന്നെ മേക്കപ്പില്‍ കണ്‍സീലറുകള്‍ സുപ്രധാനമാണ്. എന്നിരുന്നാലും ഇവ ചര്‍മം മുഴുവന്‍ ഉപയോഗിക്കുന്നത് വിരുദ്ധഫലമുണ്ടാക്കും. വരകളും പാടുകളും മറയ്ക്കാന്‍മാത്രം ഉപയോഗിക്കുന്നതാണ് അനുയോജ്യം. മാത്രമല്ല, നേര്‍ത്തതരം കണ്‍സീലറുകള്‍ ഉപയോഗിക്കുന്നതിലൂടെ മേക്കപ്പിന് സ്വാഭാവികതയും കൈവരും.
കൃത്യമായി ബ്ലഷ് ചെയ്യാം
ബ്ലഷ് ഉപയോഗിക്കുന്നതിലൂടെ മുഖത്തിന് യുവത്വവും തുടിപ്പും ലഭിക്കും. അതുകൊണ്ടുതന്നെ ബ്ലഷിന്റെ തോത് കൂടുകയോ കുറയുകയോ ചെയ്താല്‍ പ്രായക്കൂടുതല്‍ തോന്നിയേക്കാം. കവിളിന്റെ ഉയര്‍ന്നഭാഗത്ത് നിറവും കവിളെല്ലുകളില്‍ നേര്‍പ്പിച്ചും ബ്ലഷ് ചെയ്യാം.
ചേരുന്ന ഫൗണ്ടേഷന്‍
സാധാരണയുണ്ടാകുന്ന ഒരു മേക്കപ്പ് പാളിച്ചയാണ് ചേരാത്തനിറത്തിലുള്ള ഫൗണ്ടേഷന്‍ ഉപയോഗിക്കുക എന്നത്. ഇണങ്ങാത്ത ഫൗണ്ടേഷനാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നതെങ്കില്‍, സ്വാഭാവികത നഷ്ടമാവുകയും മേക്കപ്പ് ചെയ്തതായി തോന്നിക്കുകയും ചെയ്യും. ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ കൈത്തണ്ടയില്‍ പുരട്ടിനോക്കാതെ മുഖചര്‍മത്തുതന്നെ ഉപയോഗിച്ച് നോക്കാന്‍ ശ്രമിക്കുക. സാധാരണ വെളിച്ചത്തില്‍ ചര്‍മത്തിന് ഏറ്റവുമിണങ്ങുന്ന നിറം ഫൗണ്ടേഷന്‍തന്നെ കണ്ടെത്തണം.
പുരികങ്ങള്‍ കറുപ്പിക്കണോ
പുരികങ്ങള്‍ കൂടുതലായി കറുപ്പിക്കുന്നത് മേക്കപ്പില്‍ പിണയുന്ന വലിയൊരബദ്ധമാണ്. മുടിയുടെ നിറത്തോളം അല്ലെങ്കില്‍, ഒരല്പംമാത്രമേ പുരികങ്ങളും കറുപ്പിക്കാവൂ. നല്ല കറുത്തനിറമുള്ള പുരികമുള്ളവര്‍ വീണ്ടും കറുപ്പിക്കേണ്ട കാര്യമില്ല. കൂടാതെ ബ്രോ ബ്രഷുകൊണ്ട് പുരികങ്ങള്‍ ചീകിയൊതുക്കുന്നത് സ്വാഭാവികതയും ഭംഗിയും വര്‍ധിപ്പിക്കും.
കണ്‍സീലര്‍ പുരട്ടാം
സാധാരണ കണ്‍സീലര്‍ പുരട്ടിയശേഷമല്ല ഫൗണ്ടേഷന്‍ ഇടേണ്ടത്. കലകളടക്കം മറയ്ക്കുന്നതിന് ആവശ്യമായ തരത്തില്‍, ഫൗണ്ടേഷനുശേഷമാണ് കണ്‍സീലര്‍ പുരട്ടേണ്ടത്. മാത്രമല്ല, നമ്മുടെ ചര്‍മത്തിന്റെ നിറത്തിലും ഒരു ഷേഡ് നേര്‍ത്ത കണ്‍സീലറുകള്‍ തിരഞ്ഞെടുക്കാം. കറുത്ത പാടുകളും വരകളുമൊക്കെ മറയ്ക്കുന്നതരം പിഗ്‌മെന്റേഷന്‍ ഘടകം കൂടുതല്‍ ചേര്‍ന്നവയാണ് നല്ലത്. ശേഷം, പൗഡര്‍ ഉപയോഗിക്കാം.
ഐഷാഡോ ഉപയോഗിക്കുമ്പോള്‍
ഐഷാഡോ ഉപയോഗിക്കാന്‍ നേര്‍ത്തതും നീണ്ടതുമായ പ്രത്യേകം ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. അത് ഒന്നും അവശേഷിപ്പിക്കാതെ കണ്‍പോളയില്‍ ഐഷാഡോ നന്നായി ഇണങ്ങിച്ചേരാന്‍ സഹായിക്കും. ഓരോരുത്തരുടെയും കണ്ണിന് ഇണങ്ങുന്നതരം ഐഷാഡോ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വെളിച്ചം നിര്‍ബന്ധം
ആവശ്യത്തിന് വെളിച്ചം ലഭ്യമാകാത്ത മുറിയില്‍നിന്ന് മേക്കപ്പ് ചെയ്യുന്നതോളം മണ്ടത്തരം മറ്റൊന്നില്ല. സ്വാഭാവിക സൂര്യപ്രകാശം ലഭ്യമാവുകയാണെങ്കില്‍ അതാണ് ഏറ്റവും അനുയോജ്യം.
കണ്‍പീലിച്ചന്തം
കണ്‍പീലികള്‍ക്ക് ചന്തംകൂട്ടാന്‍ മസ്‌കാര ഉപയോഗിക്കുന്നവര്‍ മുകളിലെയും താഴെയും കണ്‍പീലികളില്‍ ഒരേ രീതിയില്‍ അവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെയുള്ള കണ്‍പീലികളില്‍ കനത്തില്‍ മസ്‌കാര പുരട്ടുമ്പോള്‍ കണ്ണിന് താഴെയുള്ള വരകളും കലകളും കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അതുകൊണ്ട് മുകളിലെ പീലിയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ നേര്‍മയില്‍ താഴെ പീലികളില്‍ മസ്‌കാര പുരട്ടുന്നതാകും അനുയോജ്യം.
മൃദുലമായ ചുണ്ടുകള്‍
പ്രായമേറുന്തോറും മുകള്‍ച്ചുണ്ട് നേര്‍ത്ത് നിറംമങ്ങാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ മറ്റേത് ഭാഗത്തേക്കാളും ചുണ്ടിന്റെ സൗന്ദര്യത്തിന് പരിരക്ഷ നല്‍കേണ്ടതുണ്ട്. ആഴ്ചയിലൊരിക്കല്‍ മൃതകോശങ്ങള്‍ നീക്കംചെയ്ത് ഹൈഡ്രേറ്റിങ് ലിപ് ബാമുകള്‍ ഉപയോഗിക്കണം. ചുണ്ടിന്റെ സ്വാഭാവിക നിറത്തിനൊപ്പം നില്‍ക്കുന്ന ലിപ്സ്റ്റിക്കോ ലിപ്ഗ്ലോയോ തിരഞ്ഞെടുക്കുന്നതിനൊപ്പം ലൈനര്‍ കൂടി ഉപയോഗിച്ചാല്‍ ചുണ്ടിന് പൂര്‍ണഭംഗി കൈവരും. മേക്കപ്പിലൂടെ സൗന്ദര്യത്തിന് മിഴിവ് കൂട്ടാമെങ്കിലും ആത്മവിശ്വാസവും ആരോഗ്യവും സൗന്ദര്യത്തിന് അടിസ്ഥാനമാണ്. അതുകൊണ്ടുതന്നെ ധാരാളം വെള്ളംകുടിച്ച് സമീകൃതാഹാരം കഴിച്ച്, നന്നായുറങ്ങി, ഉത്കണ്ഠയകറ്റി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാം. അതിന് മേമ്പൊടിയായി, പാളിച്ചകളില്ലാതെ അല്പം മേക്കപ്പ് കൂടി ആവാം.
Content Highlights: how to do makeup at home
Published: 22 May 2023, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented