വിടര്‍ന്ന കണ്ണുകളും കട്ടിയുള്ള കണ്‍പീലികളും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ കുറവായിരിക്കും. കണ്ണിന്റെ പഫിനെസ്സ് മാറ്റാനും കണ്ണിനെ ഹൈലൈറ്റ് ചെയ്ത് കൂടുതല്‍ ആകര്‍ഷകമാക്കാനും എല്ലാവരും ശ്രമിക്കാറുണ്ട്. വ്യത്യസ്ത അവസരങ്ങള്‍ക്ക് യോജിച്ച ഐ മേക്കപ്പ് ലുക്കുകള്‍ക്കൊപ്പം കണ്ണ് വിടര്‍ന്നതും ലിഫ്റ്റഡും ആക്കാന്‍ വഴികളുണ്ട്. ചെറിയ കണ്ണുകളാണെങ്കില്‍ പോലും കാജല്‍ എഴുതുന്നതിലൂടെ കൂടുതല്‍ ഡിഫൈന്‍ഡ് ആയതും ഷേപ്പുള്ളതും വിടര്‍ന്നതുമായ കണ്ണുകള്‍ ലഭിക്കും. കണ്ണുകളെ മനോഹരമാക്കുന്ന ചില ഐ ലുക്കുകള്‍ ഇതാ.

To advertise here,

• കണ്ണുകള്‍ വിടര്‍ന്നതായി കാണപ്പെടാന്‍ ചെയ്യാവുന്ന ഏറ്റവും ലളിതമായ വഴിയാണ് വാട്ടര്‍ ലൈന്‍ ടൈറ്റെനിങ്. ഐലൈനറോ കോള്‍ കാജലോ ഉപയോഗിച്ച് കണ്ണിന്റെ അപ്പര്‍ വാട്ടര്‍ലൈനില്‍ എഴുതുക. കണ്‍പോളയില്‍ കട്ടിയായി ഐലൈനര്‍ ഇടുന്നതിന് പകരം നേരിട്ട് അപ്പര്‍ വാട്ടര്‍ലൈനില്‍ (അതായത് മുകളിലത്തെ കണ്‍പീലിയുടെ താഴെ) മൃദുവായി കാജല്‍ ഇടാം. ഇത് ചെറിയ കണ്ണുകളെ വലുതാക്കി കാണിക്കുകയും കണ്‍പീലി ഇടതൂര്‍ന്നതായി തോന്നിക്കുകയും ചെയ്യും. ഇതിനായി വാട്ടര്‍പ്രൂഫ് ആയിട്ടുള്ള ബ്ലാക്ക് അല്ലെങ്കില്‍ ബ്രൗണ്‍ ഐ പെന്‍സില്‍ ഉപയോഗിക്കാം. ഇനി ഐലാഷ് കേളര്‍ ഉപയോഗിച്ച് കണ്‍പീലി കേള്‍ ചെയ്ത ശേഷം മസ്‌കാര പുരട്ടാം. വിശേഷാവസരങ്ങള്‍ക്ക് മാത്രമല്ല, ദിവസേന ചെയ്യാവുന്ന ഐ മേക്കപ്പ് ആണിത്.

• വിങ്ഡ് കാജല്‍ ലുക്ക് കണ്ണ് വലുതാക്കി കാണിക്കും. സാധാരണ ഐ മേക്കപ്പിനൊപ്പം വിങ്‌സ് കൂടി എഴുതുമ്പോള്‍ കണ്ണ് കൂടുതല്‍ ആകര്‍ഷകമായി മാറ്റാനാവും. പ്രത്യേകിച്ചും ചെറിയ കണ്ണുകള്‍ വാലിട്ട് കണ്ണെഴുതുമ്പോള്‍ കണ്ണ് വിടര്‍ന്നതായി തോന്നിപ്പിക്കും. അപ്പര്‍ ലാഷ്‌ലൈനില്‍ ഐ ലൈനര്‍ ഇട്ട് പതിയെ സ്മഡ്ജ് ചെയ്യുക. ശേഷം കണ്ണിന്റെ ഔട്ടര്‍ കോര്‍ണറില്‍നിന്ന് നീളത്തില്‍ വിങ്‌സ് വരയ്ക്കുക. കണ്ണ് ചെറുതായി തോന്നാതിരിക്കാന്‍ ലോവര്‍ വാട്ടര്‍ലൈനില്‍ കണ്ണെഴുതരുത്. പകരം ലോവര്‍ ലാഷ്‌ലൈനിന്റെ ഔട്ടര്‍ കോര്‍ണറില്‍മാത്രം ഇളംനിറത്തിലുള്ള ഐ പെന്‍സില്‍ കൊണ്ട് കനം കുറച്ച് മൃദുവായി ഐ ലൈനര്‍ ഇടാം.

• ഇന്നര്‍ കോര്‍ണര്‍ ഹൈലൈറ്റ് ചെയ്തുകൊണ്ട് ഇടുങ്ങിയ കണ്ണുകള്‍ വിടര്‍ന്നതാക്കി മാറ്റാം. കണ്ണിന് വീതി കൂടുതലായി തോന്നിക്കാനാണ് ഇന്നര്‍ കോര്‍ണര്‍ ഹൈലൈറ്റിങ് മെത്തേഡ്. കണ്ണിലെ ഇന്നര്‍ കോര്‍ണറില്‍ അതായത്, മൂക്കിനോട് ചേര്‍ന്ന ഭാഗത്ത് വൈറ്റ് ഷേഡിലോ ന്യൂഡ് ഷേഡിലോ ഉള്ള കാജല്‍ കൊണ്ട് വരയ്ക്കുക. വൈറ്റ്, ബീജ്, ന്യൂഡ് എന്നീ നിറങ്ങള്‍ ഉപയോഗിക്കാം. ശേഷം ശ്രദ്ധയോടെ ലോവര്‍ വാട്ടര്‍ ലൈനിലും വരയ്ക്കുക. ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ വലിപ്പവും വീതിയും തോന്നിപ്പിക്കും.

• ഡിഫൈന്‍ഡ് അപ്പര്‍, സോഫ്റ്റ് ലോവര്‍ലൈന്‍ ഐ ലുക്കും ചെറിയ കണ്ണുകള്‍ വിടര്‍ന്നതായി കാണാന്‍ സഹായിക്കും. അപ്പര്‍ലാഷ്‌ലൈനില്‍ ഐലൈനര്‍ ഇടുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ചോ, വിരലുകൊണ്ടോ പതിയെ സ്മഡ്ജ് ചെയ്യുക. ലോവര്‍ലാഷ്‌ലൈനില്‍ ഐലൈനര്‍ ഇടേണ്ട. മിനിമല്‍ ആക്കാം. ശേഷം ഐലാഷ് കേളര്‍ ഉപയോഗിച്ച് കണ്‍പീലികള്‍ കേള്‍ ചെയ്യുക, മസ്‌കാര ഇടുക. ഒരു തവണ മസ്‌കാര ഇട്ട് 15 സെക്കന്‍ഡിന് ശേഷം ഒരു കോട്ട് മസ്‌കാര കൂടി ഇടാം. ആദ്യത്തെ കോട്ട് ഉണങ്ങിയ ശേഷം രണ്ടാമത്തെ കോട്ട് ഇടുമ്പോള്‍ കണ്‍പീലികള്‍ കെട്ടുപിടിക്കില്ല.

• ഡബിള്‍ കാജല്‍ ലുക്കിന് അപ്പര്‍വാട്ടര്‍ലൈനില്‍ കോള്‍ പെന്‍സില്‍കൊണ്ട് കണ്ണെഴുതുക. ഇത് കണ്‍പീലികള്‍ കട്ടിയുള്ളതായി തോന്നിപ്പിക്കും. ഇനി ലോവര്‍ വാട്ടര്‍ലൈനില്‍ ബ്രൗണ്‍ അല്ലെങ്കില്‍ സോഫ്റ്റ് കോള്‍ പോലുള്ള ഷേഡിലുള്ള ഐ പെന്‍സില്‍കൊണ്ട് കണ്ണെഴുതാം. ബ്ലാക്ക് നിറത്തിലുള്ള കോള്‍ പെന്‍സിലിനെക്കാളും അല്പം മങ്ങിയ നിറങ്ങള്‍ കണ്ണ് കൂടുതല്‍ വിടര്‍ന്നതായി തോന്നിപ്പിക്കും. ശേഷം ഐലാഷ് കേളര്‍ ഉപയോഗിച്ച് കണ്‍പീലികള്‍ കേള്‍ ചെയ്യുക, മസ്‌കാര അണിയുക.

• ഒരു മാറ്റ് ഐ ഷാഡോ കൊണ്ട് കണ്‍പോളയ്ക്ക് മുകള്‍ഭാഗത്തായി എഴുതുക. ശേഷം അവിടെനിന്നും പുരികത്തിന്റെ ദിശയില്‍ ഐഷാഡോ ബ്ലെന്‍ഡ് ചെയ്യുക. ഫ്‌ളാറ്റ് ആയിട്ടുള്ള ചെറിയ ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്യാം. ഡാര്‍ക്ക് ഷേഡുകളിലുള്ള ഐ ഷാഡോകള്‍ കണ്‍പോളയില്‍ മുഴുവനായും ഇടേണ്ട. പകരം കണ്‍പോളയുടെ ഇരുവശങ്ങളിലും ഡാര്‍ക്ക് ഷേഡും മധ്യഭാഗത്ത് അതിന്റെ ലൈറ്റ് ഷേഡും ഇടാം. ലോവര്‍ ലാഷ്‌ലൈനില്‍ ഹെവി മേക്കപ്പ് ചെയ്യുന്നത് കണ്ണ് ചെറുതായി തോന്നിപ്പിക്കും. പകരം ഇളം നിറങ്ങളിലുള്ള (ബ്രൗണ്‍) ഷേഡുകള്‍ അണിയാം.

• ഷിമ്മറി ആയിട്ടുള്ള ഐ ഷാഡോകള്‍ കണ്‍പോളയില്‍ മുഴുവനായി ഇടുന്നത് കണ്ണുകള്‍ ഇടുങ്ങിയതായി തോന്നിപ്പിച്ചേക്കാം. പകരം മാറ്റ് ഐ ഷാഡോകള്‍ ഉപയോഗിക്കാം. കണ്ണിന്റെ ഇന്നര്‍ കോര്‍ണറിലും (മൂക്കിനോട് ചേര്‍ന്ന ഭാഗം) കണ്‍പോളയുടെ മധ്യഭാഗത്തും നേരിയ ഇളംനിറത്തിലുള്ള ഷേഡുകള്‍ നല്‍കാം. ഇന്നര്‍ കോര്‍ണറില്‍ ഷിമ്മറി ഷേഡുകളും നല്‍കാം.

• ശരിയായ ഫാള്‍സ് ഐ ലാഷസുകള്‍ ഉപയോഗിച്ചും കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും. കണ്‍പോളയുടെ അതേ വലിപ്പത്തിലുള്ള ഫാള്‍സ് ഐ ലാഷുകള്‍ തിരഞ്ഞെടുത്താല്‍മതി. ലെങ്ത്തനിങ് മസ്‌കാര ഉപയോഗിച്ചാല്‍ ഡിഫൈന്‍ഡ് ആയ കേള്‍സ് ലഭിക്കും. എന്നാല്‍ ലോവര്‍ ലാഷ്‌ലൈനില്‍ കൂടുതല്‍ മസ്‌കാര ഇടേണ്ട. ഇത് കണ്ണ് ചെറുതായി തോന്നിപ്പിക്കും.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi