ഐലൈനര്‍, മസ്‌കാര, കാജല്‍, ഐഷാഡോ, ഐലാഷ്, ഐലാഷ് കേർളർ ... കണ്ണിമകളുടെ അഴക് കൂട്ടാന്‍ ഒരുപാട് ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്. എന്നാല്‍ അവയെല്ലാം കണ്ണുകള്‍ക്ക് സേഫ് ആണോ...അറിയാം ഐ മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
♦ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. ഇവയുടെ ഉപയോഗത്തിലെ ചെറിയ പാകപ്പിഴകള്‍പോലും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
♦ കൈകള്‍ നന്നായി വൃത്തിയാക്കിയതിനുശേഷം മാത്രമെ കണ്ണുകളില്‍ മേക്കപ്പ് ചെയ്യാവൂ.
♦ കണ്ണുകളില്‍ ഉപയോഗിക്കാൻ പ്രത്യേകം തയ്യാറാക്കിയ പദാര്‍ഥങ്ങള്‍ മാത്രമെ ഐ മേക്കപ്പിന് ഉപയോഗിക്കാവൂ.
♦ ലിപ്സ്റ്റിക്, ബ്ലഷ് തുടങ്ങിയവ ഐഷാഡോയ്ക്ക് പകരമായി കണ്‍പോളയില്‍ ഇടുന്ന രീതി പിന്‍തുടരുന്നവരുണ്ട്. എന്നാല്‍ അവ കണ്ണിന് നല്ലതല്ല.
♦ നന്നായി കൂര്‍പ്പിച്ചതിനുശേഷം വേണം ഐ പെന്‍സില്‍ ഉപയോഗിക്കാന്‍.
♦ ഐലാഷ് ലൈനിന് (കണ്‍പീലികളുടെ രേഖ) പുറത്ത് കണ്ണെഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
♦ കണ്‍പീലിയുടെ ഉള്ളില്‍, അതായത് വാട്ടര്‍ലൈനിലൂടെ കണ്ണെഴുതുന്നത് കണ്ണുനീര്‍ ഗ്രന്ഥികള്‍ അടയാന്‍ കാരണമായേക്കാം. കണ്ണിന്റെ വരള്‍ച്ച, കണ്‍പോളയില്‍ നീര്‍ക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.
♦ ഐമേക്കപ്പ് ഉത്പന്നങ്ങള്‍ കണ്ണിനുള്ളിലേക്ക് പടരാതെയിരിക്കാനും ശ്രദ്ധിക്കണം.
♦ കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് പദാര്‍ഥങ്ങള്‍ മറ്റൊരാളുമായി പങ്കുവെക്കുന്നത് അണുബാധയ്ക്ക് കാരണമാകുന്നു.
♦ കടകളിലെ മേക്കപ്പ് പദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ കണ്ണുകളില്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളംപേര്‍ ഉപയോഗിക്കുന്നതായതിനാല്‍ അണുബാധയുണ്ടായേക്കാം.
♦ കണ്ണുകളില്‍ അണുബാധയുണ്ടായാല്‍ അത് ഭേദമാകുന്നതുവരെ ഐ മേക്കപ്പ് ഒഴിവാക്കാം.
♦ കണ്ണുകളില്‍ പൊടിയോ മറ്റോ വീണുകഴിഞ്ഞാല്‍ കണ്ണ് തിരുമ്മരുത്. തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുക.
♦ ഒരു മേക്കപ്പ് ഉത്പന്നം ഉപയോഗിക്കുമ്പോള്‍ അലര്‍ജി, കണ്‍പോളയില്‍ വേദന, വീക്കം, കണ്ണില്‍ ചുവപ്പ് തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ മേക്കപ്പ് പൂര്‍ണമായും കഴുകിക്കളയുക. പിന്നീട് അലര്‍ജിയുണ്ടാക്കുന്ന മേക്കപ്പ് ഉത്പന്നം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
♦ പല മേക്കപ്പ് പദാര്‍ഥങ്ങള്‍ക്കും ഷെല്‍ഫ് ലൈഫ് കുറവാണ്. ആറുമാസത്തിലൊരിക്കല്‍ ഇവ മാറ്റി, പുതിയത് ഉപയോഗിക്കണം. കണ്ണുകളില്‍ അണുബാധയുണ്ടാകുന്നത് തടയാന്‍ അത് സഹായിക്കുന്നു.
♦ പെന്‍സില്‍, ലിക്വിഡ്, ജെല്‍ എന്നിങ്ങനെ പല രൂപത്തിലുള്ള ഐലൈനറുകളുണ്ട്. അനുയോജ്യമായവ തിരഞ്ഞെടുക്കാം. ലിക്വിഡ് രൂപത്തിലുള്ള മേക്കപ്പ് പദാര്‍ഥങ്ങളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്. അവ മൂന്ന് മാസം കൂടുമ്പോള്‍ മാറ്റി പുതിയത് ഉപയോഗിക്കുന്നത് നല്ലതാണ്.
♦ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കണ്ണിന് ചുറ്റുമുള്ള എല്ലാ മേക്കപ്പും കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
♦മേക്കപ്പ് ചെയ്യാതെതന്നെ കണ്ണുകളെ ഭംഗിയാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാവും. കണ്ണിന് ചുറ്റുമുള്ള ചര്‍മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 4 ലിറ്റര്‍ വെള്ളം കുടിക്കണം.
♦ കൃത്യമായ വിശ്രമവും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങാം.
♦ ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നതും കുറയ്ക്കാം.
Content Highlights: eye makeup tips
Published: 16 May 2025, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented