അശുതോഷ് ഗൊവാരികർ 2008-ൽ സംവിധാനം ചെയ്ത സിനിമയാണ് ജോധാ അക്ബർ. ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് നായികാനായകൻമാരായത്. അക്ബർ ചക്രവർത്തിയും ജോധാ ബായ് രാജകുമാരിയും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. 40 കോടിക്ക് നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 120 കോടിയാണ്. മികച്ച കൊറിയോഗ്രഫി, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ സിനിമയ്ക്ക് ദേശീയപുരസ്‌കാരവും ലഭിച്ചു.

ചിത്രത്തിനായി പ്രശസ്തഡിസൈനർ നീത ലുല്ല തയ്യാറാക്കിയ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരിക്കുമൊരു രാജകുമാരിയെ പോലെ തിളങ്ങി ആഷ് സിനിമയിൽ, ഹൃത്വിക് അസ്സൽ മുഗൾ ചക്രവർത്തിയെ പോലെയും. 'ദേവ്ദാസി'ൽ ഐശ്വര്യയ്ക്കായി വസ്ത്രങ്ങളൊരുക്കിയതും നീതയായിരുന്നു. എന്നാൽ, 'ജോധാ അക്ബറി'ലെത്തിയപ്പോൾ അതിലെ എല്ലാ താരങ്ങൾക്കും വസ്ത്രങ്ങൾ തയ്യാറാക്കിയത് നീത തന്നെ. 2600 കോസ്റ്റിയൂമുകളാണ് ഈ സിനിമയ്ക്കായി നീത ഒരുക്കിയത്. 

ഒന്നര വർഷമാണ് മുഗൾ കാലത്തെ വസ്ത്രങ്ങളെ കുറിച്ച് പഠിക്കാനായി മാത്രം നീത മാറ്റിവെച്ചത്. സർദോസിവർക്കും കുന്ദൻവർക്കുമെല്ലാം വസ്ത്രങ്ങളിലിടം പിടിച്ചു. അതിനായുള്ള മെറ്റീരിയലുകൾ വാങ്ങിയത് ഡൽഹി, ജയ്പൂർ, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണ്. 

കഥാപാത്രങ്ങൾക്കായുള്ള ആഭരണങ്ങളെല്ലാം പ്രത്യേകം തയ്യാറാക്കുകയായിരുന്നു. 200-ഓളം തൊഴിലാളികൾ 600 ദിവസത്തിലേറെ പരിശ്രമിച്ചാണ് ആഭരണങ്ങളുണ്ടാക്കിയത്. സിനിമയ്ക്കായി 400 കിലോ സ്വർണവും അമൂല്യരത്‌നങ്ങളുമാണ് ഉപയോഗിച്ചത്. അതിൽ 200 കിലോയും ഐശ്വര്യയുടെ ജോധയ്ക്കുവേണ്ടിമാത്രം. ആഷും ഹൃത്വിക്കും ഓരോ സീനിലും 13 സെറ്റ് വരെ ആഭരണമാണ് ധരിച്ചത്. വിവാഹസീനിൽ മാത്രം ഐശ്വര്യയുടെ ദേഹത്തുണ്ടായിരുന്നത് മൂന്നര കിലോഗ്രാം സ്വർണമാണ്. ഇത്രയും ആഭരണങ്ങളുടെ സുരക്ഷയ്ക്കായി 50-ഓളം പേരെ ലൊക്കേഷനിൽ നിയോഗിച്ചിരുന്നുവത്രെ. ഹൃത്വിക്കിനെ പഗ്ടി (തലപ്പാവ്) ഭംഗിയായി ധരിപ്പിക്കാൻവേണ്ടി മാത്രം നാലുപേരാണ് സെറ്റിലെത്തിയത്.

പിന്നെയുള്ള ഓരോ അഭിമുഖങ്ങളിലും ഐശ്വര്യ എടുത്തുപറഞ്ഞൊരു കാര്യമുണ്ട്. ''കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുക എന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടായി തോന്നിയത് അത്രയും ആഭരണങ്ങൾ ധരിക്കുക എന്നതായിരുന്നു. പലപ്പോഴും കഴുത്ത് വേദനിച്ചു''. 

വസ്ത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ചുവപ്പുനിറമുള്ള ഒരു ലഹങ്കയാണ്. അത് പിന്നീട് ഓസ്‌കർ മ്യൂസിയത്തിലെ 'കളർ ഇൻ മോഷൻ' എക്‌സിബിഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻസിനിമയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വസ്ത്രവുമായി അത്.