സിൽക്ക് സ്മിതയുടെ ജീവിതകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ് 'ദ ഡേർട്ടി പിക്ചർ'. ആദ്യമൊക്കെ ആ രീതിയിൽ തന്നെയായിരുന്നു പ്രൊമോഷനും നടത്തിയത്. അതുപോലെയുള്ള ഒട്ടേറെ താരങ്ങളുടെ ജീവിതം കൂടിയാണ് സിനിമയിലൂടെ തങ്ങൾ പറയാൻ ഉദ്ദേശിച്ചതെന്ന് നിർമാതാക്കൾ പിന്നീട് വെളിപ്പെടുത്തി. ഒരുകാലത്ത് സെക്‌സ് സിംബൽ എന്നറിയപ്പെട്ട മർലിൻ മൺറോയുടെ ജീവിതം വരെ സിനിമയിലൂടെ കടന്നുപോകുന്നുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു. മിലൻ ലുത്താരിയ സംവിധാനം ചെയ്ത സിനിമ, നിർമിച്ചത് ഏക്താ കപൂറും ശോഭാ കപൂറുമാണ്. 18 കോടി രൂപയ്ക്ക് നിർമിച്ച സിനിമ, 117 കോടി രൂപ തിരിച്ചുപിടിച്ചു.
നായികയായെത്തിയത് വിദ്യാ ബാലനാണ്. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ഈ കഥാപാത്രത്തിലൂടെ വിദ്യയ്ക്ക് ലഭിക്കുകയും ചെയ്തു.
ഊ ലാ ലാ, ഇഷ്‌ക് സൂഫിയാനാ, ഹണിമൂൺ കി രാത് തുടങ്ങിയ പാട്ടുകളും വളരെ പെട്ടെന്നാണ് ആളുകളുടെയിടയിൽ പ്രചാരം നേടിയത്.
ഒരു ഗ്ലാമർതാരത്തിന്റെ ജീവിതത്തിലൂടെ നീങ്ങുന്ന കഥ. കഥാപാത്രത്തിന്റെ നാലുഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ദക്ഷിണേന്ത്യൻ പെൺകുട്ടിയിൽനിന്ന് ഗ്ലാമറസ് താരത്തിലേക്കുള്ള യാത്ര. ഗ്രാമത്തിൽനിന്ന് വരുന്ന ഒരു നിഷ്‌കളങ്കയായ പെൺകുട്ടിയിൽനിന്ന് താരമാകുന്നതും താരപരിവേഷവും ഒടുവിൽ ജീവിതം തന്നെയും നഷ്ടപ്പെടുന്നതുവരെയുള്ള പല കാലങ്ങൾ. വസ്ത്രങ്ങളിലും ആ പല കാലഘട്ടങ്ങളും കൊണ്ടുവരേണ്ടിയിരുന്നു.
നിഹാരിക ഖാൻ ആണ് വിദ്യയ്ക്കായി വസ്ത്രങ്ങൾ തയ്യാറാക്കിയത്. 150-ഓളം കോസ്റ്റിയൂമുകളാണ് നിഹാരിക ഒരുക്കിയത്. അതിൽ 100-ലേറെ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. കഥാപാത്രത്തിന്റെ ഊർജ്ജസ്വലത എടുത്തുകാണിക്കുന്നതിനായി കടുംനിറങ്ങൾ തിരഞ്ഞെടുത്തു.
സ്വർണനിറത്തിലുള്ള മിനി സ്‌കർട്ട്-ടൈറ്റ് ചോളി, കറുത്ത അമ്രപാലി ഡ്രസ്സ്, നോട്ടഡ് ബ്ലൗസ്-ഫ്‌ളോറൽ സ്‌കർട്ട്, പിങ്ക് ബ്രാലെറ്റ്-ധോത്തി പാന്റ്‌സ്, ഫ്രിൽ ബ്ലൗസ്, പോൾക്ക ഡോട്ട് സ്‌കർട്ട്...ആ കഥാപാത്രത്തെ പൂർണമാക്കാനായി നിഹാരിക തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ''കഥാപാത്രത്തിന്റെ ഗ്രാമത്തിലുള്ള ജീവിതം കാണിക്കുമ്പോൾ, ഹാഫ് സാരിയാണ് തിരഞ്ഞെടുത്തത്. അതിനുശേഷം താരമാകുന്നതോടെ, കുറച്ച് എക്‌സ്‌പോസ് ചെയ്യുന്ന തരത്തിലുള്ള വസ്ത്രധാരണവും. അവസാനമാകുമ്പോഴേക്കും നായികയ്ക്ക് കുറച്ചു പ്രായമായി. എന്നാൽ, അവർക്കത് അംഗീകരിക്കാൻ പറ്റുന്നില്ല. ഈ ഘട്ടത്തിലെ വസ്ത്രങ്ങൾ ഒരുക്കാനാണ് കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെട്ടത്'', നിഹാരിക ഓർക്കുന്നു. ചില സീനുകളിൽ തടികൂട്ടാനായി പ്രോസ്‌തെറ്റിക്‌സും പാഡിങ്ങും പരീക്ഷിക്കുകയും ചെയ്തു.
സാധാരണയായി താരങ്ങൾ വസ്ത്രങ്ങളുടെ ട്രയൽ നോക്കാനൊന്നും വരാറില്ല. എന്നാൽ, വിദ്യ അങ്ങനെയായിരുന്നില്ലെന്നും നിഹാരിക. ''പല ദിവസങ്ങളിലും അതിരാവിലെ രണ്ടുമണിക്കും നാലുമണിക്കുമൊക്കെയാണ് വിദ്യയെ പലപ്പോഴും കോസ്റ്റിയൂം ട്രയലിനായി ഞങ്ങൾ വിളിച്ചത്. കാരണം ഷൂട്ടിങ്ങിനിടയിൽ ഒരു ബ്രേക്ക് കിട്ടുന്നത് ആ സമയത്തൊക്കെയായിരിക്കും''.
സെൻട്രൽ മുംബൈയിലെ മാട്ടുംഗയിൽനിന്നാണ് വസ്ത്രങ്ങളേറെയും വാങ്ങിയത്. ''എനിക്ക് ആ സ്ഥലത്തെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. വിദ്യയാണ് എന്നോട് പറയുന്നത്. എന്നോടൊപ്പം വസ്ത്രങ്ങളെടുക്കാനായി വിദ്യ വരികയും ചെയ്തു. മാത്രമല്ല, സിനിമയിലെ മറ്റു കഥാപാത്രങ്ങൾക്കായി വസ്ത്രം തിരഞ്ഞെടുത്തതും വിദ്യ തന്നെ''.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണ് 'ഡേർട്ടി പിക്ചറി'ലെ രേഷ്മയെ, വിദ്യ കാണുന്നത്. ''എന്റെ എല്ലാ സിനിമകളിലും ഏറിയാൽ പത്ത് കോസ്റ്റിയൂം ചേഞ്ച്...അത്രമാത്രമേ ഉണ്ടാവൂ. എന്നാലിവിടെ, ചില ദിവസങ്ങളിൽ എട്ടുമുതൽ പത്തുവരെ കോസ്റ്റിയൂം ചേഞ്ചുണ്ടായിരുന്നു. അതിനൊപ്പം ഹെയർ, മേക്കപ്പ്...അതുകൊണ്ട് വൈകാരികമായും ശാരീരികമായും ഒരുപാട് ക്ഷീണിപ്പിച്ച സിനിമയാണത്. ഒരു താരമെന്ന നിലയിൽ നമ്മൾ എല്ലാത്തരം സിനിമകളും ചെയ്യണം. അപ്പോഴേ നമുക്ക് വളർച്ചയുണ്ടാവൂ'', വിദ്യാ ബാലൻ ഓർക്കുന്നു. ഇതിലേറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വസ്ത്രമേതെന്ന ചോദ്യത്തിന് വിദ്യ പറഞ്ഞതിങ്ങനെ, ''ചുവന്നനിറത്തിലുള്ള ആ സാരി തന്നെ. എനിക്ക് സാരികളൊരുപാട് ഇഷ്ടമാണ്. സ്ത്രീകളുടെ ശരീരം ഇത്ര ഭംഗിയായി ആഘോഷിക്കുന്ന മറ്റൊരു വസ്ത്രമില്ലെന്നുതന്നെ പറയാം. ഏത് ശരീരത്തിലും സാരി നന്നായി ഇണങ്ങും. സ്ത്രീത്വത്തെയും ലൈംഗികതയെയും ഒരുപോലെ ആഘോഷിക്കുന്ന വസ്ത്രമാണ് സാരി''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the stunning costumes and vidya balan`s remarkable transformation in the movie, dirty picture
Published: 22 Jun 2025, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented