
പാടത്തും പറമ്പിലും കുന്നിന്‍ചെരിവുകളും തുമ്പയും മുക്കുറ്റിയും ഓണപ്പൂക്കളുംകൊണ്ട് മൂടിക്കഴിഞ്ഞു. പൂക്കളിറുത്തും പൂക്കളമൊരുക്കിയും അത്തം പിറന്ന മുതല്‍ തിരുവോണനാളിനായി കാത്തിരിപ്പാണ്. പുത്തനുടുപ്പിട്ട്, മാതേവരെ എഴുന്നള്ളിച്ച്, തിരുവോണം കേമമാക്കാനും കുശാലായൊരു സദ്യയുണ്ട് ഓണക്കളികള്‍ കളിക്കാനും മലയാളികള്‍ തയ്യാര്‍. ഈ പൊന്നോണം കെങ്കേമമാക്കാന്‍ ഓണക്കാല ഓര്‍മ്മകളും പ്രിയപ്പെട്ട വിഭവങ്ങളുമായി എത്തുകയാണ് വിവിധ മേഘലകളില്‍ മാറ്റ് തെളിയിച്ച പ്രതിഭകള്‍.
സ്വാദേറും ഓണക്കാലം

മലയാളിയുടെ പ്രിയതാരം ശാന്തി കൃഷ്ണയ്ക്ക് ആഘോഷദിവസങ്ങളുടെ ഓര്‍മ്മകള്‍ വായില്‍ കപ്പലോടിക്കുന്ന മധുരങ്ങളുടേതാണ്.
'പാലക്കാടാണ് തറവാടെങ്കിലും ഞാന്‍ ജിനിച്ചതും വളര്‍ന്നതുമെല്ലാം ബോംബെയിലാണ്. അവിടെ ദീപാവലി, ജന്മാഷ്ടമി, പൊങ്കല്‍, വിജയദശമി, സംക്രാന്തി തുടങ്ങി ഒട്ടുമിക്ക വിശേഷദിവസങ്ങളും ആഘോഷിക്കുന്ന പതിവുണ്ട്. ജന്മാഷ്ടമിക്ക് മുറുക്കും ചീഡയും, ഗണേശ ചതുര്‍ഥിയായാൽ കൊഴുക്കട്ട, സംക്രാന്തിക്ക് തില്‍ഗുല്‍, ചക്ര പൊങ്കല്‍, വെണ്‍ പൊങ്കല്‍... വ്യത്യസ്തമായ മധുരപലഹാരങ്ങളുടെ സ്വാദാണ് എന്റെ കുട്ടിക്കാലത്തിന്. ഓണത്തിന് പുത്തനുടുപ്പിട്ട് ഫ്‌ളാറ്റിന് പുറത്ത് പൂക്കളമൊരുക്കും. പിന്നീട് സദ്യ. അതോടെ വീട്ടിലെ ഓണാഘോഷം കഴിഞ്ഞു. കേരളത്തിലെത്തിയ ശേഷമാണ് ഓണാഘോഷത്തിന്റെ ആവേശം ശരിയായി അറിയുന്നത്. തൃശ്ശൂര്‍, മാളയില്‍ താമസിച്ചിരുന്ന സമയം ഓണമായാല്‍ പുലിക്കളിയും ഓണക്കളികളുമായി ഉത്സവമാണ്. ഷൂട്ടിങ് സെറ്റുകളിലും ഓണാഘോഷം ഉണ്ടാവാറുണ്ട്. ഓണസദ്യയില്‍ ഞാന്‍ ഏറ്റവും കൊതിയോടെ കാത്തിരിക്കുന്ന മൂന്നു വിഭവങ്ങളാണ് അവിയലും മാമ്പഴ പുളിശ്ശേരിയും പാലട പ്രഥമനും. എനിക്കിഷ്ടപ്പെട്ട പാലക്കാടന്‍ സ്റ്റൈല്‍ അവിയല്‍ തയ്യാറാക്കുന്നത് ഇങ്ങനെയാണ്.'
ചേരുവകള്‍
പച്ചമുളക്: ആറെണ്ണം
തൈര്: അരക്കപ്പ്
ചേന: ഒരു കപ്പ്
കാരറ്റ്: ഒരെണ്ണം
ഉരുളകിഴങ്ങ്: ഒരെണ്ണം
പച്ചക്കായ: രണ്ടെണ്ണം
പടവലങ്ങ: ഒരു കപ്പ്
മുരിങ്ങാക്കായ: രണ്ടെണ്ണം
കുമ്പളങ്ങ: ഒരു കപ്പ്
ഉപ്പ്: പാകത്തിന്
തേങ്ങ: ഒരെണ്ണം
വെള്ളം: അരക്കപ്പ്
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ജീരകം: അര ടീസ്പൂണ്‍
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരേ കനത്തിലും നീളത്തിലും മുറിച്ച പച്ചക്കറികളിലേക്ക് 2 പച്ചമുളക്, കറിവേപ്പില, പാകത്തിന് ഉപ്പ്, അരക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകിയതിലേക്ക് 4 പച്ചമുളകും ചെറിയ ജീരകവും ചേര്‍ത്ത് അരയ്ക്കുക. വെന്തുപാകമായ കഷണങ്ങളിലേക്ക് അരപ്പ് ചേര്‍ക്കുക. അഞ്ചുമിനിറ്റ് വേവിക്കുക. ശേഷം തൈര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പില വിതറി വിളമ്പാം.
ഓണം മനോഹരം

പൂതേടലും പൂക്കളമൊരുക്കലുമായി മനോഹരമായ ഓണം ഓര്‍മ്മകളാണ് എഴുത്തുകാരി സിതാര എസ്സിന് പങ്കുവെക്കാനുള്ളത്.
'കുട്ടിക്കാലത്ത് കാസര്‍കോടുള്ള ഒരു നാട്ടിന്‍പുറത്തായിരുന്നു ഞാന്‍. ഓണത്തിന് പൂവിറുക്കാനും പൂക്കളമൊരുക്കാനും മുന്‍പിലായിരുന്നു. നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന പുസ്തകത്തില്‍ ഉണ്ണിക്കുട്ടന്‍ ഒരു പൂക്കൂടയുമായി നടക്കുന്നുണ്ട്. കുട്ടിക്കാലത്ത് അത് വായിച്ചശേഷം എനിക്കും അതുപോലൊരു പൂക്കൂട വേണമെന്ന് ഞാന്‍ വാശിപിടിച്ചു. അച്ഛന്‍ കടകളായ കടകളിലൊക്കെ പൂക്കൂട അന്വേഷിച്ചു. പക്ഷെ കിട്ടിയില്ല. അവസാനം അച്ഛന്‍ ഒരു വിദ്യ കണ്ടു. കശുവണ്ടി പെറുക്കുന്ന ഒരു കുട്ട മോഡിപിടിപ്പിച്ച് ഒരു പൂക്കൂട പോലെയാക്കി. പിന്നീട് പൂക്കൂടയും തൂക്കി കുന്നിന്‍മുകളിലും വഴിയരികിലും പൂതേടി നടന്ന് കൃഷ്ണപ്പൂക്കളും മറ്റും പറിച്ച് പൂക്കളമൊരുക്കി.
സ്‌കൂള്‍ ടീച്ചറായി പ്രവാസജീവിതത്തിലേക്ക് കടന്നപ്പോള്‍ ഓണാഘോഷങ്ങള്‍ക്കും ഒരുപാട് മാറ്റങ്ങള്‍വന്നു. ഓണത്തിന് അവിടെ അവധിയില്ല. പകരം ഓണം കഴിഞ്ഞുള്ള വീക്കെന്‍ഡില്‍ ആയിരിക്കും ഓണാഘോഷപരിപാടികള്‍. ഓണം കഴിഞ്ഞുള്ള വെള്ളിയാഴ്ച പ്രവാസികളെ കാണാന്‍ മാവേലി വരും എന്ന് ഞങ്ങള്‍ തമാശയ്ക്ക് പറയും. സെപ്റ്റംബറിലെ ഓണം ചിലപ്പോള്‍ ആഴ്ചകളോളം നീണ്ട് ഒക്ടോബറിലും നവംബറിലുമാവാം. സുഹൃത്തുക്കളെ ക്ഷണിച്ച് എല്ലാവര്‍ക്കും സദ്യയൊരുക്കി ഓണം ആഘോഷിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. സദ്യയില്‍ എനിക്ക് പ്രിയം അവിയലാണ്. എല്ലാ പച്ചക്കറികളും ഒത്തുചേര്‍ന്ന രുചിയും രൂപവും തൈരിന്റെ ചെറിയൊരു പുളിയുമാണ് അവിയല്‍ പ്രിയവിഭവമായി മാറാന്‍ കാരണം. അതുണ്ടായാല്‍പിന്നെ ചോറുകഴിക്കാന്‍ മറ്റൊന്നും വേണ്ട.'
ചേരുവകള്‍
പച്ചക്കായ: രണ്ടെണ്ണം
പച്ചക്കായ തൊലി
ചേന: ഒന്നരക്കപ്പ്
മുരിങ്ങാക്കായ: മൂന്നെണ്ണം
കോവയ്ക്ക: ഒരു കപ്പ്
ബീന്‍സ്: ഒരു കപ്പ്
പയര്‍: ഒരു കപ്പ്
കുമ്പളങ്ങ: ഒന്നരക്കപ്പ്
കുമ്പളങ്ങാ തൊലി: അരക്കപ്പ്
തൈര്: അരക്കപ്പ്
തേങ്ങ ചിരകിയത്: അരക്കപ്പ്
വെള്ളം: അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചക്കറികളെല്ലാം ഒരേ നീളത്തില്‍ ചെറുതായി മുറിച്ച് മഞ്ഞളും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും പച്ചമുളകും ചെറിയ ജീരകവും ചതക്കുക. വേവ് പാകമായാല്‍ ചതച്ച തേങ്ങ ചേര്‍ത്ത് ഇളക്കി തീ അണക്കുക. ഇനി തൈര് ഒഴിച്ച് നന്നായി ഇളക്കിയ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക.
മധുരമൂറും ഓണം

ഓണംകഴിഞ്ഞുള്ള വിരുന്നുപോക്കുകളുടെ മധുരസ്മരണകളാണ് ഇന്ത്യന്‍ വോളിബോള്‍ പ്ലെയറും ഇന്ത്യയുടെ വനിതാ വോളിബോള്‍ ടീം പരിശീലകനുമായ കിഷോര്‍ കുമാറിന് പറയാനുള്ളത്.
'കോഴിക്കോടുള്ള ഒരു ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. നാടുമായിചേര്‍ന്നതാണ് ഓണക്കാല ഓര്‍മ്മകളെല്ലാം. പൂക്കളമൊരുക്കാന്‍ അതിരാവിലെ ഓല മെടഞ്ഞ പൂക്കൂടയുമായി ചങ്ങാതിമാരെല്ലാംചേര്‍ന്നാണ് പൂക്കള്‍ പറിക്കാന്‍ പോവുക. കഴുത്തില്‍ തൂക്കിയിട്ട രണ്ടും മൂന്നും പൂക്കൂടകളില്‍ തുമ്പയും മുക്കുറ്റിയും മറ്റ് ഓണപ്പൂക്കളും തരംതിരിച്ച് ശേഖരിക്കും. എല്ലാവരും ചേര്‍ന്ന് പൂക്കളമൊരുക്കിയ ശേഷമേ ചായ പോലും കുടിക്കൂ. പത്ത് ദിവസവും ഇങ്ങനെ പൂതേടി നടന്ന് പൂക്കളമൊരുക്കി ഓണക്കളികളും കളിച്ച് ആഘോഷമാക്കും. അന്നത്തെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു. തിരുവോണത്തിന് വീട്ടിലെ ആഘോഷം കഴിഞ്ഞാല്‍ അമ്മാവന്റെ വീട്ടിലേക്ക് വിരുന്നുപോവും. അവിടെയും മറ്റൊരു ഓണാഘോഷം വീണ്ടും ഉണ്ടാവും. അമ്മാവന്‍ തിരക്കേറിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. എങ്കിലും ഞങ്ങളെത്തുമ്പോഴേക്കും തിരക്കുകളെല്ലാം മാറ്റിവെച്ച് ഓണം ആഘോഷിക്കാനും വലിയൊരു ഉരുളിയില്‍ അടപ്രഥമന്‍ തയ്യാറാക്കാനും സമയം കണ്ടെത്തും. എന്നെ മടിയിലിരുത്തി പായസം കുടിപ്പിക്കും. മധുരമൂറുന്ന ഓര്‍മ്മകളാണവ. ഓണ സദ്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടം കൈതച്ചക്ക പച്ചടിയാണ്.'
ചേരുവകള്‍
കൈതച്ചക്ക: ഒരെണ്ണം
പച്ചമുളക്: നാലെണ്ണം
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍
കടുക്: ഒരു ടീസ്പൂണ്‍
ജീരകം: ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത്: ഒരു കപ്പ്
കുരുവില്ലാത്ത മുന്തിരി: ഒരു കപ്പ്
പഞ്ചസാര: പാകത്തിന്
വെള്ളം: ഒരു കപ്പ്
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ ചതുരാകൃതിയില്‍ നുറുക്കിയ കൈതച്ചക്ക, രണ്ട് പച്ചമുളക്, മുളകുപൊടി, കറിവേപ്പില, ഉപ്പ്, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം, കടുക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ശേഷം വേവിച്ച കൈതച്ചക്കയിലേക്ക് ഒഴിക്കുക. നന്നായി വറ്റിച്ചെടുക്കുക. തീ ഓഫ് ചെയ്ത ശേഷം കട്ടിയുള്ള തൈര് ചേര്‍ക്കുക. കുരുവില്ലാത്ത മുന്തിരി കൂടെ ചേര്‍ത്ത് ഇളക്കാം. കടുകും വറ്റല്‍മുളകും കറിവേപ്പിലയും എണ്ണയില്‍ താളിച്ച് ഒഴിച്ചാല്‍ മധുരവും എരിവും പുളിയും കലര്‍ന്ന രുചിയേറും കൈതച്ചക്ക പച്ചടി തയ്യാര്‍.
ഒരുമയുടെ ഓണം

എല്ലാവരെയും ഒത്തൊരുമിച്ചു കാണാനാവുന്ന ഓണക്കാലം ഗായിക നിത്യാ മാമ്മന് എന്നും പ്രിയമുള്ളതാണ്.
'ഞാന്‍ ജനിച്ചതും വളര്‍ന്നതും ഖത്തറിലാണ്. രണ്ട് വര്‍ഷത്തിലൊരിക്കലുള്ള ഓണാവധിക്കായിരുന്നു എന്റെ നാടായ തിരുവന്തപുരത്തേക്ക് വന്നിരുന്നത്. ഖത്തറിലും തിരുവനന്തപുരത്തും ഓണം ആഘോഷിച്ചിട്ടുണ്ട്. കുടുംബത്തിലെല്ലാവരെയും ഒത്തൊരുമിച്ച് കാണാനാവുക ഓണത്തിനായിരുന്നു. ഓരോ വീട്ടില്‍നിന്നും ഓരോ വിഭവങ്ങളുണ്ടാക്കി എല്ലാവരും ഒരുമിച്ചാണ് ഓണസദ്യ കഴിക്കുക. ഓണമാവുമ്പോഴേക്കും നിശാഗന്ധി ഓഡിറ്റോറിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലും വഴിയോരങ്ങളിലും തെളിയുന്ന ദീപാലങ്കാരങ്ങളുടെ കാഴ്ച മനോഹരമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ പരിപാടികളെല്ലാം പോയികണ്ടിരുന്നു. എന്റെ സ്‌കൂള്‍ പഠനകാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഇത്ര പ്രചാരമുണ്ടായിരുന്നില്ല. ഓണപ്പാട്ടുകളും പരിപാടികളുമെല്ലാം കണ്ടിരുന്നത് ഇത്തരം സ്റ്റേജ് ഷോകളിലൂടെയായിരുന്നു. ഖത്തറിലെ ഓണം ഒരു മാസം ദൈര്‍ഘ്യമുള്ളതാണ്. അവിടെ മലയാളികള്‍ മാത്രമല്ല, എല്ലാവരും സദ്യയൊരുക്കിയും പൂക്കളമൊരുക്കിയും ഓണം ആഘോഷിക്കാനുണ്ടാവും. വലുതായശേഷം ഓണാഘോഷം കുറച്ചു വ്യത്യസ്തമായിത്തുടങ്ങി. ഇപ്പോള്‍ പ്രോഗ്രാമുകള്‍ സംഗീതപരിപാടികളുംകൂടി ചേര്‍ന്നതാണ് ഓണാഘോഷം. കഴിഞ്ഞവര്‍ഷം സിങ്കപ്പൂര്‍-മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി സിങ്കപ്പൂരിലായിരുന്നു. ചിത്രച്ചേച്ചി, മധുബാലകൃഷ്ണന്‍ സാര്‍, സുരേഷ് ഗോപി സാര്‍, രമേഷ് പിഷാരടി, നവ്യ നായര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന ഓണാഘോഷം മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചു. സദ്യയിലെ സാമ്പാറും പച്ചടിയും കിച്ചടിയും ഇഞ്ചിക്കറിയുമെല്ലാം ഒരുപാട് ഇഷ്ടമാണ്. അമ്മയും ഞാനും കൂടെ തയ്യാറാക്കുന്ന ബോളിയും പാല്‍പ്പായസവും തയ്യാറാക്കുന്നവിധം പങ്കുവെക്കാം.'
ബോളി
ചേരുവകള്‍
കടലപ്പരിപ്പ്: രണ്ട് കപ്പ്
മൈദ: ഒന്നരക്കപ്പ്
പഞ്ചസാര: രണ്ട് കപ്പ്
എള്ളെണ്ണ: അരക്കപ്പ്
ജാതിക്ക പൊടിച്ചത്: ഒരു നുള്ള്
കേസരി പൗഡര്‍
അരിപ്പൊടി
നെയ്യ്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് വെള്ളമൊഴിച്ച് വേവിക്കുക. ശേഷം വെള്ളം അരിച്ചുകളയുക. വീണ്ടും വെള്ളമൊഴിച്ച് വേവിച്ച് വെള്ളം അരിച്ചുകളയുക. ഇതിലേക്ക് ജാതിക്ക പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് ചെറുതീയില്‍ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ മൈദയും മഞ്ഞ നിറത്തിനായി കേസരി പൗഡറും അല്പം വെള്ളവും ചേര്‍ത്ത് മാവ് കുഴക്കുക. ഇനി എള്ളെണ്ണ ഒഴിച്ച് മൃദുവാവുന്നതുവരെ മാവ് നന്നായി കുഴക്കുക. രണ്ട് മണിക്കൂര്‍ മാറ്റിവെക്കാം. മൈദമാവും കടലപ്പരിപ്പും ഒരേ എണ്ണം ഉരുളകളാക്കുക. കടലപ്പരിപ്പിന്റെ ഉരുളയ്ക്ക് മുകളിലായി മൈദമാവിന്റെ ഉരുള പൊതിയാം. ഇനി പലകയില്‍ അരിപ്പൊടി വിതറി കനംകുറച്ച് പരത്തിയെടുക്കുക. ശേഷം തവയില്‍ അല്പം നെയ്യ് പുരട്ടി ചുട്ടെടുക്കാം.
പാല്‍പ്പായസം
ചേരുവകള്‍
നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍
ബസ്മതി അരി: മൂന്ന് ടേബിള്‍ സ്പൂണ്‍
പാല്‍: ഒരു ലിറ്റര്‍
പഞ്ചസാര: നാല് ടേബിള്‍ സ്പൂണ്‍
കുങ്കുമപ്പൂവ്, ബദാം, റോസാപ്പൂ ഇതളുകള്‍: അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാനില്‍ നെയ്യൊഴിച്ച് ബസ്മതി അരി ചേര്‍ക്കുക. പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അരി ബ്രൗണ്‍ നിറമാവരുത്. ഇതിലേക്ക് നേരത്തെ തിളപ്പിച്ച പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇടത്തരം ചൂടില്‍ പാല്‍ തിളക്കുന്നതുവരെ ഇളക്കുക. ശേഷം ചെറുതീയില്‍ അരി വെന്ത് പാകമാവുന്നതുവരെ വേവിക്കുക. കട്ടയാവാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കണം. വേവുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം. പായസം കുറുകി ആവശ്യത്തിന് കട്ടിയായാല്‍ വാങ്ങിവെക്കാം. ഇനി കുങ്കുമപ്പൂവും ബദാമും റോസാപ്പൂ ഇതളുകളും ചേര്‍ത്ത് അലങ്കരിക്കാം.
Content Highlights: celebrities sharing their onam memories
Published: 15 Sept 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented