വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ, പക്ഷേ അനുഭവം അതുക്കുംമേലെയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം പോലും സ്വീകരിക്കാതെയാണ് പലരും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത്. നമ്മുടെ ചര്‍മത്തിന് ഇണങ്ങുന്നതാണോ, ഇതുതന്നെയാണോ വേണ്ടത് എന്നുപോലും ചിന്തിക്കാതെ പല ക്രീമുകള്‍ സ്വന്തമാക്കാന്‍ തിടുക്കപ്പെടുന്നു. ക്രീമുകള്‍ വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ചേരുവകളെക്കുറിച്ച് ശ്രദ്ധിക്കുന്നേയില്ല.

ക്രീമുകള്‍, ലിപ്സ്റ്റിക്കുകള്‍, നെയില്‍ പോളിഷ് തുടങ്ങി നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകള്‍ ചര്‍മം ആഗിരണം ചെയ്യുന്നതിലൂടെയും ശ്വാസോച്ഛാസത്തിലൂടെയും അറിയാതെ വായില്‍പോകുന്നതിലൂടെയുമൊക്കെയായി ശരീരത്തില്‍ പ്രവേശിക്കുന്നു. ഏറെക്കാലം ഇവ ഉപയോഗിച്ച് കഴിയുമ്പോള്‍ ഇതിലുള്ള രാസവസ്തുക്കള്‍ വൃക്ക, കരള്‍, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെ ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

- വില കുറഞ്ഞതായാലും കൂടിയതായാലും ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കണം. ചേരുവകള്‍ എഴുതിച്ചേര്‍ത്ത ഉത്പന്നങ്ങള്‍ മാത്രം വാങ്ങുക. വ്യാജ ഉത്പന്നങ്ങളെ കരുതിയിരിക്കുക. 
- സ്റ്റിറോയിഡുകളും മെര്‍ക്കുറിയും അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കരുത്. ഹോംമെയ്ഡ്, ഹെര്‍ബല്‍ എന്ന പേരിലുണ്ടാക്കുന്ന സൗന്ദര്യവര്‍ധകവസ്തുക്കളിലും ഇത്തരം ദോഷകരമായ ഘടകങ്ങളുടെ സാന്നിധ്യമുണ്ടായേക്കാം. അതുകൊണ്ടു കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഇവ തിരഞ്ഞെടുക്കുക.
- ഹോം മെയ്ഡ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുമുമ്പ് ഉപയോഗിച്ചവരോട് റിവ്യു ചോദിച്ചറിഞ്ഞ് ഗുണങ്ങള്‍ മനസ്സിലാക്കുക. 
- ചിലപ്പോള്‍ ഒരു തവണ പുരട്ടിയ ക്രീം അടുത്ത തവണ ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയേക്കാം. ഹോര്‍മോണ്‍ വ്യതിയാനത്തിനനുസരിച്ച് ചര്‍മത്തിലും ആ മാറ്റങ്ങളുണ്ടാവും. 


- വരണ്ട ചര്‍മമുള്ളവരും എണ്ണമയമുള്ളവരുമാണ് പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നുചാടുക. എണ്ണമയമുള്ള ചര്‍മക്കാര്‍ അലോവേര ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇത് മുഖക്കുരു കൂട്ടാനിടയുണ്ട്. ചര്‍മത്തിന് അനുയോജ്യമായ ലേപനങ്ങള്‍ മാത്രം പുരട്ടുക. 
- സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ക്രീം പുരട്ടിയശേഷം കണ്ണ്, മൂക്ക്, ചുണ്ടുകള്‍ എന്നിവയ്ക്കു ചുറ്റും ചൊറിച്ചിലോ അസ്വസ്ഥതകളോ തോന്നിയാല്‍ പിന്നീടത് ഉപയോഗിക്കാതിരിക്കുക. അതുപോലെ തക്കാളി, മഞ്ഞള്‍, തൈര് തുടങ്ങിയവ പുരട്ടുമ്പോഴും ശ്രദ്ധിക്കണം.
- പല ഉത്പന്നങ്ങളുടെയും ഉപയോഗരീതി എങ്ങനെയാണെന്ന് മനസ്സിലാക്കണം. രാത്രി മാത്രം, പകല്‍ മാത്രം, കണ്ണിന് താഴെ ഉപയോഗിക്കാന്‍ പറ്റാത്തത്...ഇങ്ങനെ ഓരോന്നിന്റെയും ഉപയോഗം എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കണം. 
- ശരിയായ രീതിയില്‍ മേക്കപ്പിടാന്‍ അറിയാത്തവരുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് കളയാനും ഇവര്‍ മറക്കുന്നു. മേക്കപ്പ് കഴുകിക്കളഞ്ഞശേഷം ക്ലെന്‍സറും ടോണറും ഉപയോഗിക്കുന്നത് ശീലമാക്കുക. 
- ചര്‍മത്തിനനുസരിച്ചുള്ള മോയിസ്ചറൈസിങ് ക്രീം, സണ്‍സ്‌ക്രീന്‍ എന്നിവ മാത്രം ഉപയോഗിക്കുക. 
- കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. 
- ഇടയ്ക്കിടെ മേക്കപ്പ്‌ ബ്രഷുകളും മറ്റും വൃത്തിയാക്കുക. 


- ഹോര്‍മോണ്‍ വ്യതിയാനം, അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍...തുടങ്ങി പലതരം ആരോഗ്യപ്രശ്‌നങ്ങളുള്ളവരില്‍ കഴുത്തിന് ചുറ്റിലും കറുപ്പ് നിറം കാണാനിടയുണ്ട്. കഴുത്തിന് ക്രീം പുരട്ടുന്നതിനൊപ്പം തന്നെ ആരോഗ്യപ്രശ്‌നം മനസ്സിലാക്കി അതിനുള്ള ചികിത്സകൂടി തേടിയാലേ അത് മാറുകയുള്ളൂ. 
- ചര്‍മത്തിലുണ്ടാവുന്ന മറ്റ് ഫംഗല്‍ അണുബാധയ്ക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകള്‍ വാങ്ങിത്തേക്കുന്നത് നല്ലതല്ല. അസ്വസ്ഥതയ്ക്ക് താത്കാലിക ശമനമുണ്ടാവുമെങ്കിലും അണുക്കള്‍ നശിക്കുകയില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും ചര്‍മത്തിന്റെ ആരോഗ്യം ഇല്ലാതാവുകയും ചെയ്യും. 
- അയേണ്‍, കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയുടെ കുറവുമൂലവും ചര്‍മപ്രശ്‌നങ്ങളും മുടികൊഴിച്ചിലും ഉണ്ടാവാം. വിറ്റാമിനുകളും പ്രോട്ടീനും ലഭിക്കുന്ന ആഹാരം ശീലമാക്കിയാല്‍ നന്ന്. ദിവസം രണ്ടു  മൂന്നു ലീറ്റര്‍ വെള്ളം കുടിക്കണം. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
- നമ്മുടെ സ്വാഭാവികനിറത്തെയും ചര്‍മത്തിന്റെ സ്വഭാവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ തന്നെ പകുതി പ്രശ്‌നങ്ങളും തീരും. ചര്‍മപ്രശ്‌നങ്ങളുണ്ടായാല്‍ സ്വയം ചികിത്സ അരുത്. വിദഗ്ധരുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുകയും ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കുകയും ചെയ്യാം. 


കടപ്പാട്: 
ഡോ. റസീല്‍ അഹമ്മദ്
ഡെര്‍മറ്റോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍