ബോളിവുഡ് സിനിമകൾ എന്നും ആഡംബരത്തിൽ മുന്നിലാണ്. താരങ്ങളുടെ ആഡംബര വസ്തത്രങ്ങളുടെ കാര്യത്തിലും ആക്സസറീസിലും അവർ ഒട്ടും പിറകിലല്ല.

വജ്രം പതിച്ച തലപ്പാവുകള്‍ മുതല്‍ ഇറക്കുമതി ചെയ്ത ലാറ്റക്‌സ് ബോഡിസ്യൂട്ടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ബോളിവുഡ് അഭിനേതാക്കളുടെ ഏറ്റവും വിലയേറിയ ചില ആക്സസറീസ് പരിചയപ്പെടാം...

‘കംബഖ്ത് ഇഷ്‌കി’ലെ കരീന കപൂർ
‘കംബഖ്ത് ഇഷ്‌കി’ലെ കരീന കപൂറിന്റെ ലുക്ക് ബോളിവുഡിലെ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. ടൈറ്റില്‍ സോങ്ങിന്റെ ചിത്രീകരണത്തിനായി പാരീസില്‍ നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത കറുത്ത വസ്ത്രമാണ് താരം ധരിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആ വസ്ത്രത്തിന് 800,000 രൂപ വിലവരും.

‘സിങ് ഈസ് കിങ്ങി’ലെ അക്ഷയ്കുമാർ
സിങ് ഈസ് കിങ് എന്ന ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ലുക്കില്‍ തിളങ്ങി നിന്നത് അദ്ദേഹത്തിന്റെ തലപ്പാവായിരുന്നു. യഥാര്‍ഥ വജ്രം പതിപ്പിച്ച ഈ തലപ്പാവിന്റെ വില ഏകദേശം 65 ലക്ഷം രൂപയാണ്.

‘കൃഷ്‌ ത്രീ’യിലെ കങ്കണ റണൗട്ട് 
‘കൃഷ്‌ ത്രീ’യില്‍ ബാറ്റ്മാന്‍, ലാറ ക്രോഫ്റ്റ് തുടങ്ങിയ ഹോളിവുഡ് ഐക്കണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കസ്റ്റം-മെയ്ഡ് ലാറ്റക്‌സ് ബോഡിസ്യൂട്ടുകളാണ് കങ്കണ റണാവത്ത് ധരിച്ചത്‌. കങ്കണയുടെ സ്യൂട്ടുകള്‍ക്കുള്ള എല്ലാ തുണിത്തരങ്ങളും ഇറക്കുമതി ചെയ്തത് ഫ്രാന്‍സില്‍ നിന്നാണ്. ഓരോ സ്യൂട്ടിനും പത്തുലക്ഷം രൂപ വിലവരും, അത്തരം പത്ത് വസ്ത്രങ്ങള്‍ കൂടി നിര്‍മ്മിച്ചതോടെ ആകെ ഒരു കോടി രൂപ വസ്ത്രത്തിന് മാത്രം ചെലവായി. 

പത്മാവതിയായ ദീപിക
’പദ്മാവതി’ല്‍ ദീപിക പദുക്കോണിന്റെ രാജകീയ വിവാഹ വസ്ത്രമായ ലെഹങ്കയ്ക്ക് 20 ലക്ഷം വിലയും 30 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. സങ്കീര്‍ണ്ണമായ പരമ്പരാഗത എംബ്രോയ്ഡറി ടെക്‌നിക്കുകള്‍ ഉള്‍പ്പെടുത്തിയ ലുക്കായിരുന്നു ഇത്.  അതിശയിപ്പിക്കുന്ന ഒരു സിനിമാ ഫാഷന്‍ സൃഷ്ടിയായിരുന്നു ഈ വസ്ത്രം.

‘റാവണ്ണി’ലെ ഷാരൂഖ് ഖാന്‍
ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വസ്ത്രാലങ്കാര ബജറ്റുകളില്‍ ഒന്നായിരുന്നു ‘റാവണ്ണി’ലേത്. കോടികൾ വില വരുന്ന ബോഡിസ്യൂട്ടുകളാണ് ഷാരൂഖ് ഇതിൽ ധരിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi