സൈനികഭരണത്തിന്റെ ബൂട്ട്‌സിനടിയില്‍ ശ്വാസംമുട്ടിക്കിടന്ന ജന്മനാട്ടിനെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മധുരമൂട്ടിയ ഓങ് സാന്‍ സ്യൂചി. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന, ദുര്‍ബലര്‍ക്ക് വേണ്ടി പോരാടുന്ന കരുത്തിന്റെ പ്രതീകം. സ്യൂചിക്ക് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മിറ്റി ഇങ്ങനെ പറഞ്ഞു. ലോകം ആ കൈകളിലേക്ക് നൊബേല്‍ വച്ചുനീട്ടിയപ്പോഴും സ്യൂചി വീട്ടുതടങ്കലിലായിരുന്നു. 1989-നും 2010-നും ഇടയില്‍ പതിനഞ്ച് വര്‍ഷത്തോളം നീണ്ട പട്ടാളത്തടങ്കലിനും അവര്‍ ഇരയായിട്ടുണ്ട്.
അര്‍ബുദബാധിതനായ സ്വന്തം ഭര്‍ത്താവിനെ കാണാന്‍പോലും സ്യൂചിക്ക് സാധിച്ചില്ല. അദ്ദേഹം യുകെയിലായിരുന്നു. അങ്ങോട്ട് പോകാന്‍ ദയാവായ്പ് കാട്ടി അനുമതി നല്‍കിയ പട്ടാളം തിരികെ വരാൻ സമ്മതിച്ചില്ലെങ്കിലോ എന്ന് ഭയന്ന് അവര്‍ പോയില്ല. യുകെയിലായിരുന്ന സ്വന്തം മകനെ അവര്‍ കാണുന്നത് പോലും പത്തുവര്‍ഷം കഴിഞ്ഞിട്ടാണ്. അവരുടെ പല അനുയായികളും ക്രൂരമായി കൊല ചെയ്യപ്പെട്ടു. വധശ്രമങ്ങള്‍ അവര്‍ക്കു നേരെയുമുണ്ടായി.

ബര്‍മീസ് പാരമ്പര്യത്തനിമയുടെ സൂക്ഷിപ്പുകാരി കൂടിയാണ് സ്യൂചി. വിദേശവിദ്യാഭ്യാസം നേടുകയും ചെറുപ്പകാലം യുകെയില്‍ ജീവിക്കുകയും ചെയ്തിട്ടും ബര്‍മീസ് വേരുകളെ അവര്‍ ചേര്‍ത്തുപിടിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അവരെ ലോകം കണ്ടിട്ടുള്ളത്. സ്യൂചിയുടെ ഈ തനത് ഫാഷന്‍ സ്റ്റേറ്റ്‌മെന്റിനും ലോകത്ത് ആരാധകര്‍ ഏറെയുണ്ട്. ആന്‍യി എന്ന ബ്ലൗസുകളും ലോങ്ങ്‌യി എന്ന വര്‍ണ്ണാഭമായ സാരോങ്ങുകളും മുടിയിലെ പൂക്കളും ലളിതമായ ചെരുപ്പുകളുമാണ് സ്യൂചിയുടെ ഔട്ട്ഫിറ്റ്.
ആളുകള്‍ സമ്മാനിക്കുന്നതോ സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്നതോ വാങ്ങുന്നതോ ആയ പൂക്കളാണ് താന്‍ മുടിയില്‍ ധരിക്കുന്നതെന്ന് സ്യൂചി പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ മുടിയില്‍ പൂക്കള്‍ ചൂടുന്നത് ബര്‍മീസ് പാരമ്പര്യമാണ്. ഒരു ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച സ്യൂചിയെ ആദ്യമൊക്കെ സംശയത്തോടെ കണ്ടിരുന്നവര്‍പോലും ബര്‍മീസ് പാരമ്പര്യത്തോടുള്ള അവരുടെ ആദരവ് കണ്ട് മനസ്സുമാറി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സ്യൂചി മുടിയില്‍ ചൂടുന്ന പൂക്കള്‍ക്ക് രാഷ്ട്രീയ മാനം കൈവരുന്നത് അങ്ങനെയാണ്.

2021-ല്‍ സ്യൂചി വീണ്ടും പട്ടാളത്തിന്റെ തടങ്കലിലായപ്പോള്‍ അനുയായികള്‍ തെരുവിലിറങ്ങി. സ്യൂചിയുടെ ഹെയര്‍സ്‌റ്റൈല്‍ അനുകരിച്ചുകൊണ്ട് പ്രതിഷേധത്തിനെത്തിയവര്‍ മുടിയില്‍ ഓര്‍ക്കിഡ് ചൂടിയിരുന്നു. സ്യൂചി ഹെയര്‍സ്‌റ്റൈലിലുള്ള തങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്യൂചിയുടെ 76-ാം പിറന്നാളില്‍ നടത്തിയ പ്രതിഷേധം ഫ്ളവര്‍ പ്രൊട്ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
2016-ല്‍ പാപ്പിലിയോന്‍ഡ ജോസഫിന്‍ വാന്‍ ബ്രെറോ x വാന്‍ഡ വാരറ്റ് ഫ്യൂഷിയ എന്ന ഓര്‍ക്കിഡിന് സ്യൂചിയോടുള്ള ബഹുമാനാര്‍ത്ഥം ഫിലിപ്പീന്‍സുകാര്‍ പേര് മാറ്റിയിരുന്നു. പാപ്പിലിയോനാന്‍ഡ ഓങ് സാന്‍ സ്യൂചി എന്നാണ് ഈ ഓര്‍ക്കിഡിന്റെ പുതിയ പേര്. 2017-ല്‍ ചൈന ഓങ് സാന്‍ സ്യൂചി എന്ന പുതിയയിനം ഹൈബ്രിഡ് റോസിന് പേരുനല്‍കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: Aung San Suu Kyi`s flower-adorned hairstyle is more than fashion; it`s a powerful political statement of Burmese resistance and resilience. Learn more.
Published: 19 Jun 2025, 01:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented