2025-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വെനസ്വേലയുടെ പ്രധാന പ്രതിപക്ഷ നേതാവും ജനാധിപത്യപ്രവര്‍ത്തകയുമായ മരിയ കൊരിന മചാഡോയ്ക്ക്. ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വെനസ്വേലയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നയാളാണ് മചാഡോ. 1967-ല്‍ ജനിച്ച ഇവര്‍ 2002- ലാണ് സജീവരാഷ്ട്രീയത്തിലേക്ക് വരുന്നത്.
നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ കൃത്രിമം കാണിച്ചുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 58-കാരിയായ ഈ വെനസ്വേലന്‍ രാഷ്ട്രീയപ്രവര്‍ത്തക ഒളിവില്‍ കഴിയുകയാണ്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലെ അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനായുള്ള പോരാട്ടത്തിനും വേണ്ടിയാണ് മചാഡോയെ അംഗീകരിക്കുന്നതെന്ന് പ്രഖ്യാപന വേളയില്‍ നൊബേല്‍ കമ്മിറ്റി പറഞ്ഞു.
വളരുന്ന ഇരുട്ടിലും ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ സൂക്ഷിക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളി എന്ന് കമ്മിറ്റി മചാഡോയെ പ്രശംസിച്ചു. വര്‍ഷങ്ങളായി, മഡുറോയുടെ സ്വേച്ഛാധിപത്യ ഭരണത്തെ ധിക്കരിച്ചുകൊണ്ടുള്ള വെനസ്വേലയിലെ ജനാധിപത്യ അനുകൂല മുന്നേറ്റത്തിലെ ഒരു പ്രധാന വ്യക്തിത്വമാണ് മചാഡോ. അവര്‍ ഭീഷണികള്‍ നേരിടുക മാത്രമല്ല, അറസ്റ്റ് ചെയ്യപ്പെടുകയും രാഷ്ട്രീയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2024-ലെ തിരഞ്ഞെടുപ്പില്‍, മചാഡോയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. യഥാര്‍ത്ഥ വിജയി തങ്ങളാണെന്ന് പ്രതിപക്ഷം അവകാശപ്പെട്ടെങ്കിലും, മഡുറോ വിജയം പ്രഖ്യാപിക്കുകയായിരുന്നു.
ടൈം മാഗസിന്റെ '2025-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ' പട്ടികയിലും, 2018-ലെ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിലും ഇവര്‍ ഇടംനേടിയിരുന്നു. ആന്‍ഡ്രേസ് ബെല്ലോ കാത്തോലിക്ക യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ഐഇഎസ്എയില്‍ നിന്ന് ഫിനാന്‍സ് സ്പെഷ്യലൈസേഷനും നേടിയിട്ടുണ്ട് മച്ചാഡോ. കൂടാതെ ബിസിനസ്സില്‍ ഒരു ചെറിയ കാലം പ്രവര്‍ത്തിക്കുകയും ചെയ്തു. വെനിസ്വേലയിലെ എണ്ണ വ്യവസായത്തിന്റെ സ്വകാര്യവല്‍ക്കരണം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായുള്ള പുനഃസമാഗമം, സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിനായി ഉദാരവല്‍ക്കരണം എന്നിവയെ പിന്തുണയ്ക്കുന്നു. 1992-ല്‍ അവര്‍ അറ്റീനിയ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. അത് കാരക്കാസിലെ തെരുവുകുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയും പരിശീലനവും തിരഞ്ഞെടുപ്പ് നിരീക്ഷണവും നടത്തുകയും ചെയ്യുന്ന സുമേറ്റിന്റെ സ്ഥാപകരില്‍ ഒരാളായി അവര്‍ മാറി. 2010-ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അവര്‍ നാഷണല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സില്‍ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചതിന് ശേഷം 2014-ല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടു. രാജ്യദ്രോഹം, ഗൂഢാലോചന, യാത്രാ വിലക്കുകള്‍, രാഷ്ട്രീയ അയോഗ്യത എന്നീ കുറ്റങ്ങള്‍ അവര്‍ നേരിട്ടിട്ടുണ്ട്.
2013-ല്‍ സ്ഥാപിച്ച ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയായ വെന്റേ വെനസ്വേല എന്ന പ്രതിപക്ഷ പാര്‍ട്ടിയെ മചാഡോ നയിക്കുന്നു. അവര്‍ സഹസ്ഥാപകയും കൂടിയാണ്. കൂടാതെ 2017-ല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്ന സിവില്‍ സൊസൈറ്റി ഗ്രൂപ്പായ സുമേറ്റ്, ജനാധിപത്യ പരിവര്‍ത്തനത്തിന് വാദിക്കുന്ന സഖ്യമായ സോയ വെനിസ്വേല എന്നിവ സ്ഥാപിക്കാന്‍ സഹായിച്ചു. ചാള്‍സ് ടി. മനാറ്റ് പ്രൈസ് (2014), ലിബറല്‍ ഇന്റര്‍നാഷണല്‍ ഫ്രീഡം പ്രൈസ് (2019) തുടങ്ങിയവ നേടിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: venezuelan opposition leader maria corina machado awarded the 2025 nobel peace prize for her fight for democracy. known as the `iron lady of venezuela`, she champions democratic rights amidst political repression.
Published: 10 Oct 2025, 06:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented