ബാല്യത്തിലും കൗമാരത്തിന്റെ ആദ്യ ഘട്ടങ്ങളിലും വിഷു ഒരഭയമായിരുന്നെനിക്ക്. വിഷുമാത്രമല്ല ഓണവും. അയല്‍പക്കത്തെ മറ്റുകുട്ടികള്‍ക്കൊന്നും അവരുടെ അമ്മമാരെപ്പറ്റി ഇല്ലാതിരുന്ന ഭയങ്കരമായ ഭയം എന്റെ അമ്മയോട് എനിക്കുണ്ടായിരുന്നു. കുസൃതി എന്റെ മാറാരോഗമായിരുന്നു എന്ന് അന്നെനിക്കറിയില്ലായിരുന്നു. എന്നാല്‍ വിഷുവിന് ഇഷ്ടം പോലെ നടക്കാം. കളിക്കാം, കൂട്ടുകൂടാം, തൊട്ടതിനും പിടിച്ചതിനുമെല്ലാം അമ്മയുടെ ചീത്തവിളിയും തല്ലുമില്ല. മദ്ധ്യവേനലവധിക്കാലമായതിനാല്‍ പരീക്ഷയുടെയും പഠനത്തിന്റെയും തൊന്തരവില്ലാത്ത വിഷുക്കാലങ്ങള്‍ എനിക്കിഷ്ടമായിരുന്നു.

ഇന്നത്തെ കുട്ടികള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാദ്ധ്യമല്ലാത്തവിധം കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും സമയങ്ങളായിരുന്നു ഞങ്ങള്‍ക്ക് മദ്ധ്യവേനലവധികാലം. ഇടവപ്പാതിക്ക് മുമ്പായി പറമ്പിലെ പണികള്‍ ചെയ്യണം. വരാനിരിക്കുന്ന കൊടിയ മഴക്കാലങ്ങള്‍ താണ്ടാനുള്ള വിറകുണ്ടാക്കുന്ന ജോലി എനിക്കും സഹോദരനുമായിരുന്നു. എന്റെ വീടിന്റെ ഏതാണ്ട് ഇരുന്നൂറ് മീറ്ററിനപ്പുറം നിബിഡവനമായിരുന്നു. വിഷുവിന് മുമ്പായി ഞങ്ങള്‍ അവിടെ നിന്ന് വിറക് ചുമന്ന് കൊണ്ടുവന്ന് അട്ടിയട്ടിയായി അടുക്കി വയ്ക്കും, ഹോ! അത് കാണാന്‍ തന്നെ എന്തൊരുസുഖമായിരുന്നു.
 
പോത്ത് പാറയെന്ന എന്റെ ഗ്രാമം വിഷുവരുമ്പേഴേയ്ക്കും പുതുമഴയേറ്റ് കുതിര്‍ന്ന് കിടക്കും. ധാരാളം പൊടിക്കാടുകള്‍ കിളിര്‍ത്ത് തുടങ്ങും. അടുപ്പിന്റെ മുകളിലുള്ള തൈതല്‍ കൊണ്ടുണ്ടാക്കിയ ചെറിയ ചേരില്‍ ഇഞ്ചിവിത്തുകള്‍, ഉണങ്ങിയ മാവിന്‍ ചവറിനുള്ളില്‍ പുകഞ്ഞ് മുളച്ച് കിടക്കുന്നുണ്ടാവും. എല്ലാക്കൊല്ലവും കണ്ടം കൊയ്യുന്ന കാലവുംകൂടിയായിരുന്നു വിഷു. സമ്പൂര്‍ണതയുടെ ഒരു സമയമായിരുന്നു അന്ന് വിഷു. വിത്തുകള്‍ അതിന്റെ തോടിനുള്ളില്‍ മുളപൊട്ടാന്‍ തുള്ളിച്ചാടുന്ന സമയമാണത്. വേനലറുതികഴിഞ്ഞ് വേണ്ടുവോളം പച്ചപ്പുല്ല് തിന്ന് കന്നുകാലികള്‍ ഞങ്ങളുടെ തൊഴുത്തില്‍ തിമിര്‍ക്കുന്ന കാലവും കൂടിയാണ് വിഷുക്കാലം. മുറ്റത്തിന്റെ വശങ്ങളിലെല്ലാം മുളച്ചുപൊന്തുന്ന നാനാതരം ചീരകള്‍, കാന്താരി, കടുക് തൈകള്‍  | എങ്ങോട്ടുനോക്കിയാലും സര്‍ഗാത്മകതയുടെ, പുനര്‍ജീവിതങ്ങളുടെ ആഘോഷമായിരുന്നു അന്നത്തെ വിഷുക്കാലങ്ങള്‍.

വിഷുക്കണിയും കൈനീട്ടവും ഞങ്ങള്‍ നാലു മക്കള്‍ക്കും കിട്ടിയിരുന്നു. വിഷുക്കൈനീട്ടം കൊണ്ട് ഇഷ്ടപ്പെട്ട മിഠായികളും വറുത്ത നിലക്കടലും വാങ്ങാന്‍ നിവര്‍ത്തിയില്ലല്ലോ എന്ന പരിതാപവും എനിക്കുണ്ടായിരുന്നു. പള്ളിക്കൂടം തുറക്കുന്നതുവരെ കൈനീട്ടം കിട്ടിയ പൈസ ഞാന്‍ ഒളിച്ചുവയ്ക്കും. ഉണക്ക നെല്ലിന്റെ അരിയും ഏഴുകൂട്ടം നടുതല സാമഗ്രികളും ചേര്‍ത്ത് അമ്മ വിഷുക്കഞ്ഞിയുണ്ടാക്കും അന്നൊക്കെ. അതിലേയ്ക്ക് ശരക്കരയും തേങ്ങാപ്പീരയും ജീരകവും ചേര്‍ത്ത് വിളമ്പുമ്പോളുള്ള സുഗന്ധം വിസ്മരിക്കാനാവുന്നില്ല.

ഞങ്ങളുടെ വീടിന്റ ഒരു കിലോമീറ്റര്‍ ദൂരെ താമസിച്ചിരുന്ന കേള്‍വിക്കുറവുള്ള ഒരു മനുഷ്യന്‍ വിഷുഫലം പറയാനായി എല്ലാ വിഷുവിനും വീട്ടിലേയ്ക്ക് കുന്നിറങ്ങി വന്നിരുന്നു. ഇക്കൊല്ലാം ഒരു പറ വെള്ളമാണ്. നാലുപറ വെള്ളമാണ് എന്നൊക്കെ അദ്ദേഹം പഞ്ചാംഗം തുറന്ന് വച്ച് ഉച്ചത്തില്‍ അമ്മയോട് പറയും. ഓരോ മക്കളുടെയും ജന്മനക്ഷത്രം അമ്മ അദ്ദേഹത്തോട് ഉറക്കെപ്പറഞ്ഞ് അതിന്റെ ആ വര്‍ഷത്തെ ഫലവും ചോദിച്ചറിഞ്ഞിരുന്നു. പുതിയ വെള്ളമുണ്ടും തോര്‍ത്തും ചെറിയ പൈസയും വാങ്ങി ഭക്ഷണവും കഴിച്ച് ആ മനുഷ്യന്‍ തൃപ്തിയോടെ അമ്മയോട് യാത്ര ചോദിക്കുന്നതും വിഷു ഓര്‍മകളിലൊന്നാണ്.

പുല്ല് മേഞ്ഞ, ചാണകംമെഴുകിയ ഞങ്ങളുടെ കൊച്ചുവീട്ടില്‍ അമ്മയ്ക്കായി പൂജാമുറിയുണ്ടായിരുന്നു. ഒരു പ്രഭാതത്തില്‍ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ അമ്മ  ദൈവങ്ങളുടെ അരികില്‍നിന്നിറങ്ങിപ്പോരാതെയായി. ഭക്തിയുടെ അന്ധകാരത്തില്‍ ആണ്ടുപോയ എന്റെ അമ്മയ്ക്ക് നാലുമക്കളും അവരുടെ അച്ഛനും അന്യരായതില്‍ പിന്നെ വിഷു ഞങ്ങളുടെ വീട്ടിലെത്തിനോക്കിയില്ല. വിഷുഫലം പറയാനായി സാധുവായ ഒരു മനുഷ്യന്‍ മലയിറങ്ങിവന്നതും പോയതും എന്റെ അമ്മകണ്ടില്ല പിന്നീട്. അവിടെ നിന്നുപോയതാണെന്റെ വിഷുക്കാലആഘോഷങ്ങള്‍. എന്നിട്ടും എന്നെ കാത്തിരിക്കുന്ന മണ്ണും വിത്തുമുണ്ട് എന്റെ വിഷുക്കാലങ്ങളില്‍. ജീവത്തായ വിഷുക്കാലസുഗന്ധ സ്മൃതികള്‍ ജീവിതത്തെ പ്രിയപ്പെട്ടതാക്കുന്നു ഇന്നും.