
തൊഴിൽസംബന്ധമായ തിരക്കുകൾക്കിടയിലും തൊഴിലിടം നൽകുന്ന സമ്മർദ്ദങ്ങൾക്കിടയിലും വിഷുക്കാലത്തിന്റെ നിറവും മനോഹാരിതയും കൈ വിടാതെ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഓരോ വിഷുക്കാലവും പലർക്കും ഉള്ളിൽ തട്ടിയ ഓർമകൾ വീണ്ടും കണിക്കൊന്ന പോലെ വിടരാറുണ്ട്. വിഷുക്കാലത്ത് ഹൃദയത്തിൽ തൊട്ട ചില അനുഭവകഥകൾ.
'എന്തിന്? എത്രനാൾ? ആർക്കുവേണ്ടി?'
പണ്ടൊരു വിഷുക്കാലം. നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്നു. കണി കണ്ടുണരാൻ നല്ലതൊക്കെ തേടി എല്ലാവരും നടക്കുന്നു. ആയിടയ്ക്കാണ് ശ്രീദേവിയമ്മ അടുത്ത ഇഞ്ചക്ഷനായി ഒ.പിയിൽ വന്നത്. മുഖത്താകെ മ്ലാനത. പൊതുവെ വലിയ താത്പര്യമൊന്നുമില്ലാതെയാണ് കക്ഷി ചികിത്സയെടുക്കുന്നത്. 'എന്തിന് വേണ്ടി? എത്രനാൾ? ആർക്കു വേണ്ടി?' എല്ലാ ഒ.പി വിസിറ്റിലും ശ്രീദേവിയമ്മയ്ക്ക് ഇതേ ചോദ്യങ്ങളാണ്. ഭർത്താവ് പ്രായാധിക്യം മൂലം അടുത്തയിടയ്ക്ക് മരിച്ചുപോയി. മകൻ ഒരാളുള്ളത് ബാംഗ്ലൂരിൽ ഐ.ടി പ്രൊഫഷണലാണ്. ശ്രീദേവിയമ്മ ഒറ്റയ്ക്കാണ് താമസം. മകനെ ബുദ്ധിമുട്ടിച്ച് സ്വന്തം ചികിത്സ നടത്തുന്നതിനോട് ആ അമ്മയ്ക്ക് വലിയ വിമുഖതയാണ്.
'എന്താ അമ്മേ, വിഷുവൊക്കെയായിട്ട് എന്താണ് വിശേഷം?' ചോദ്യം ചെന്നതും പതിവ് മറുപടികൾ വന്നുതുടങ്ങി. 'എന്തിന്? എത്രനാൾ? ആർക്കുവേണ്ടി?' തെല്ലു വിഷമത്തോടെ മകൻ അടുത്തു നിൽക്കുന്നുണ്ട്. അമ്മയെ ഇങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ. ജീവിതത്തിന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല എന്നതാണ് അമ്മയുടെ പ്രശ്‌നം. പതിയെ ടോപിക് മാറ്റിപ്പിടിച്ചു. 'അമ്മ നല്ല കുക്കാണ് എന്ന് മോൻ ഒരിക്കൽ പറഞ്ഞിരുന്നു. ശരിയാണോ?' 'ഓ, അതൊന്നും എനിക്ക് ഇപ്പം ഇഷ്ടമേയില്ല'. 'അമ്മേ, മോന് ഏറ്റവും ഇഷ്ടമുള്ള പായസമേതാ?' 'അത് പിന്നെ പാൽപായസം'. 'ഇഷ്ടമുള്ള കൂട്ടാനോ?' 'അവിയൽ'. 'അങ്ങനെയെങ്കിൽ നാളെ വിഷുവല്ലേ? ഒരു ഉഗ്രൻ കണിയും സദ്യയും മോന് ഒരുക്കിക്കൊടുക്ക്. ബാംഗ്ലൂരിലെ ആഹാരം കഴിച്ച് അവന് മതിയായിട്ടുണ്ടാവും'. 'അതൊന്നും എനിക്ക് പറ്റൂല ഡോക്ടറേ'. 'അമ്മ ശ്രമിക്ക്. നമുക്ക് നോക്കാം. അവന് ഐശ്വര്യമുണ്ടാകട്ടെ എന്നല്ലേ അമ്മയുടെ ആഗ്രഹം'. മനസ്സില്ലാമനസ്സോടെ ശ്രീദേവിയമ്മ സമ്മതിച്ചു.

വിഷുവിന്റെ തലേ നാൾ രാത്രി ശ്രീദേവിയമ്മ എല്ലാം ഒരുക്കിവച്ചു. വയ്യാഞ്ഞിട്ടും എല്ലാം അടിച്ചുവാരി വൃത്തിയാക്കി. ഓട്ടുരുളിയിൽ നെല്ലും അരിയും കണിവെള്ളരിയും തേങ്ങയും കുറച്ചു മാങ്ങയും കൊന്നപ്പൂവും വാൽക്കണ്ണാടിയും സ്വർണ്ണവും കുറച്ചു വെള്ളിനാണയങ്ങളും അഞ്ചുതിരിയിട്ട വിളക്കും റെഡിയാക്കി. അതിരാവിലെ ഉണർന്ന് ശ്രീദേവിയമ്മ കണ്ണനെ കണ്ടു. പിന്നീട് കുളിച്ചൊരുങ്ങി തിരി തെളിച്ച് മകനെ വിളിച്ച് കണി കാണിച്ചു. അന്നേ വരെ കണ്ടതിൽ ഏറ്റവും നല്ല കണി കാഴ്ചയായിരുന്നു അത്. രണ്ടുപേരുടെയും മനസ്സും കണ്ണും നിറഞ്ഞു. ലക്ഷങ്ങൾ സമ്പാദിക്കുന്നവനായിട്ടും അമ്മ തന്ന നൂറു രൂപയുടെ വിഷുക്കൈനീട്ടത്തിന് നൂറുകോടിയുടെ മതിപ്പുണ്ടായിരുനു ആ മകന്. വയറുനിറയെ സദ്യയും കഴിച്ച് ഒരു നല്ല വിഷു ആഘോഷിച്ച കഥ പിന്നീടുള്ള ഒ.പി വിസിറ്റിൽ വിവരിക്കുമ്പോൾ ആ അമ്മയുടെ മുഖത്ത് നല്ല തെളിച്ചമുണ്ടായിരുന്നു.
'എന്തിന്? എത്രനാൾ? ആർക്കു വേണ്ടി?' എന്നതിന്റെ ഉത്തരം കണ്ടെത്തുന്നത് പലപ്പോഴും വലിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെയല്ല. മറിച്ച്, നമ്മളെ സ്‌നേഹിക്കുന്നവരുടെയും നാം സ്‌നേഹിക്കുന്നവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ സന്തോഷങ്ങളിലൂടെയാണ്. അതിന് തന്നാൽ കഴിയുന്ന വിധത്തിൽ ശ്രമിക്കുക എന്നതാണ് പ്രധാനം. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമുദ്ധിയുടെയും ഒരു വിഷുക്കാലം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ.
ഡോ. സഞ്ജു സിറിയക്ക് ( എഴുത്തുകാരൻ,കാൻസർ വിദഗ്ദ്ധൻ)ആ കണ്ണുകളിൽ ഒരുനൂറുകൂട്ടം പൂത്തിരികൾ...
2013-ലെ വിഷുദിനത്തലേന്നാണ് ഞാനവനെ കാണുന്നത്. ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള ഒരാൺകുട്ടി. ചന്തപ്പുരക്കടുത്തുള്ള പടക്കം വിൽക്കുന്ന ഒരു ചെറിയകടയുടെ മുൻവശം നിൽക്കുകയായിരുന്ന അവന്റെ നോട്ടം മുഴുവൻ കടയിലെ അടുക്കിവെച്ചിരിക്കുന്ന വർണ്ണശബളമായ പായ്ക്കറ്റുകളിലെ കമ്പിത്തിരികളുടെയും മത്താപ്പൂത്തിരികളുടെയും ചിത്രങ്ങളിലായിരുന്നു. ജോലിചെയ്യുന്ന സ്റ്റേഷനതിർത്തികളിൽ ഇടയ്‌ക്കൊക്കെ സാധാരണ വേഷത്തിൽ കാൽനടയായി വെറുതെ ചുറ്റിക്കറങ്ങുന്ന സ്വഭാവം അക്കാലത്ത് എനിക്കുണ്ടായിരുന്നു.
വിഷു ആഘോഷവേളയിൽ മാത്രം ഉണ്ടാകുന്ന തിരക്കിൽ കടയിൽ ഉള്ളവർ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. റോഡിനൽപ്പം മാറി ഞാൻ അവന്റെ മുഷിഞ്ഞ കുടുക്കുകൾ പൊട്ടിയ ഷർട്ടും നിക്കറും ശ്രദ്ധിച്ചു. ഒരു കൈകൊണ്ട് അവൻ നിക്കർ ഇടയ്ക്കിടെ അരയിലേക്ക് വലിച്ച് കയറ്റിയിരുന്നു. ആളുകൾ പ്ലാസ്റ്റിക് കവറുകളിലാക്കി പടക്കസാമാഗ്രികൾ വാങ്ങിച്ചു കൊണ്ടുപോകുന്നത് ആർത്തിയോടെയവൻ നോക്കി നിൽക്കുന്നത് ചെറിയൊരു നൊമ്പരം എന്നിലുണ്ടാക്കി. അൽപ്പം കഴിഞ്ഞപ്പോൾ എങ്ങോ നിന്നു വന്ന ഒരു സ്ത്രീ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതും നിരനിരയായ കടകൾക്കിടയിലൂടെ അവനെയും കൊണ്ട് മറയുന്നതും അസ്വസ്ഥമായ മനസ്സോടെ ഞാൻ നോക്കി നിന്നു. അന്നുരാത്രി ഒരുപക്ഷേ തന്റെ ചുറ്റിലും വീടുകളിൽ നിന്ന് പടക്കങ്ങളും കമ്പിത്തിരികളും മേശ പൂത്തിരികളും തലചക്രങ്ങളും വെള്ളിവെളിച്ചങ്ങളുതിർക്കുമ്പോൾ അവന്റെ മനസ്സിൽ എന്തായിരിക്കും എന്ന് ഞാനാലോചിച്ചു.

മാസങ്ങൾ കഴിഞ്ഞ് ഒരുനാൾ അതി രാവിലെയുള്ള നടത്തത്തിനിടയ്ക്കാണ് ഞാനവനെ വീണ്ടും കാണുന്നത്. (ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള പണി നടന്നുകൊണ്ടിരുന്ന പുതിയ ഹൈവേ ബൈപ്പാസ് റോഡിലൂടെയായിരുന്നു എന്റെ പ്രഭാതനടത്തം) തലയിൽ കൃത്യമായി അടക്കിവെച്ച കുറെ കടലാസ് പെട്ടികൾ വീണുപോകാതെ ശ്രദ്ധിച്ചായിരുന്നു അവൻ നടന്നിരുന്നത്.
റോഡരുകിലൂടെ നടന്നു പോകുന്ന അവനെവിടെയായിരിക്കും താമസിക്കുന്നത് എന്ന് ഞാൻ വെറുതെ ചിന്തിച്ചു. ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് നടത്തത്തിനിടയിൽ വീണ്ടും ഞാൻ അവനെ കണ്ടു. എനിക്ക് എതിർ ദിശയിൽ, തലയിൽ തനിക്ക് തങ്ങാവുന്നതിലധികം അടുക്കി വച്ച കടലാസ് പെട്ടികൾ താങ്ങി ബുദ്ധിമുട്ടിയാണ് അവൻ നടന്നുവന്നിരുന്നത്. പുറകിലായി അവന്റെ അമ്മയെന്നു തോന്നിക്കുന്ന സ്ത്രീ ഒരു കൈക്കുഞ്ഞിനെ എളിയിൽ താങ്ങി മറ്റൊരു കൈയിൽ കനം കുറഞ്ഞ വടിയുമായി നടന്നുവരുന്നുണ്ടായിരുന്നു. ഞാൻ നടന്നവർക്കടുത്ത് ഏകദേശം എത്തിയപ്പോൾ, നിലതെറ്റി, കടലാസ് പെട്ടികൾ തലയിൽനിന്ന് താഴെ വീണതിനോടൊപ്പം അവൻ ചെരിഞ്ഞു വീണു.
അവന്റെ അമ്മ ഉറക്കെ ചീത്ത പറഞ്ഞുകൊണ്ട് വടികൊണ്ട് അവന്റെ മുതുകത്തും കാലിലും മാറി മാറി വീശിയടിച്ചു. അവരുടെ ഒക്കത്തിരുന്ന കൈക്കുഞ്ഞിന്റെ കരച്ചിലിനിടയിൽ അവന്റെ തേങ്ങൽ അമർന്നു പോയി. അവൻ വീണ്ടും ആ കടലാസ് പെട്ടികളെ വാരിയെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിൽ അവനെ വീണ്ടും അവർ തല്ലാനോങ്ങുന്നത് ഞാൻ തടഞ്ഞു. കുട്ടിയെ ഉപദ്രവിച്ചതിന് ഞാൻ അവരെ ശാസിക്കുമ്പോൾ, പുറമ്പോക്കിലുളള ദുരിതജീവിതത്തിന്റെ വേദനയും ക്ഷീണവും അവരുടെ നിറഞ്ഞ കണ്ണുകളിൽ ഞാൻ കണ്ടു. തന്റെ കയ്യിലുള്ള വടി അവർ വലിച്ചെറിഞ്ഞു.
സി.ഐ. ഓഫീസിലേക്ക് രാവിലെയെത്തുവാൻ നിർദ്ദേശിച്ചു ഞാൻ ഉന്മേഷം നഷ്ടപ്പെട്ട നടത്തം തുടർന്നു. ഓഫീസിൽ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടിയുടെ അച്ഛൻ സ്ഥിര മദ്യപാനിയാണെന്നും വീടില്ലെന്നും ചന്തപ്പുരയിലുള്ള കടത്തിണ്ണയിലാണ് കിടക്കുന്നതെന്നും കുട്ടിക്ക് ഏഴ് വയസ്സായി എന്നും എന്നാൽ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പഠിപ്പിക്കാൻ കഴിയുന്നില്ലെന്നും അറിഞ്ഞത്. എന്റെ ഓഫീസിന്റെ മുൻവശം വരാന്തയിൽ അമ്മയോടൊപ്പം ഇരിക്കുന്ന അവന്റെ മുഖത്ത് ഇപ്പോൾ ആശ്വാസത്തിന്റെ കിരണങ്ങൾ തെളിയുന്നതായി എനിക്ക് തോന്നി.
അവനെ പ്രസവിച്ചത് താലൂക്ക് ആശുപത്രിയിൽ ആണെന്നും ഏകദേശം വർഷവും മാസവും അവരിൽ നിന്നു മനസ്സിലാക്കിയശേഷം ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ അങ്ങോട്ട് അയച്ച് അവന്റെ ജനനത്തീയതി ഉറപ്പു വരുത്തി. അത് രേഖയാക്കി വാങ്ങി.
മുനിസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ച ശേഷം ഔദ്യോഗികമായ കത്ത് അദ്ദേഹത്തിന് നൽകുകയും, അക്കാലത്ത് കൗൺസിലർ ആയിരുന്ന പി.എച്ച്. അബ്ദുൽ റഷീദിന്റെ സഹായത്തോടെ നടപടികളെല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കി, ജനന സർട്ടിഫിക്കറ്റ് ശരിയാക്കി. എന്നോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും ഈ അത്യപൂർവ്വമായ ഉദ്യമത്തിന് ഉത്സാഹികളായി. കൊടുങ്ങല്ലൂർ സക്കാത്ത് കമ്മിറ്റിയും ചേരമാൻ ജുമാമസ്ജിദ് ഓർഫനേജുമായി ബന്ധപ്പെട്ട് അടുത്ത നീക്കങ്ങൾ ഞങ്ങൾ നടത്തി. അവനെ പഠിപ്പിക്കാൻ ഓർഫനേജ് തയ്യാറായി. അവന്റെ മാതാവിനും പൂർണ്ണ സമ്മതം. ഓർഫനേജിൽ അവനെ കൊണ്ടുപോകാൻ ഞാനുമുണ്ടായിരുന്നു.
താൻ മറ്റു കുട്ടികളെപ്പോലെ സ്‌കൂളിൽ പഠിക്കാൻ പോകുന്നു എന്നുള്ള അറിവ് ആയിരിക്കണം അവൻ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. ആ കണ്ണുകളിൽ ഒരുനൂറു കൂട്ടം പൂത്തിരികൾ വെളിച്ചം വീശിവിതറുന്നത് ഞാൻ കണ്ടു.(സുരേന്ദ്രൻ മങ്ങാട്ട്, ഡിവൈഎസ്പി ക്രൈംബ്രാഞ്ച്, എഴുത്തുകാരൻ)
കണ്ടുതീരുമോ അന്നത്തെ ആ കണി?
'അപ്പോൾ കണി കാണൽ?', അവൾ ചോദിച്ചു. ഞാൻ പറഞ്ഞു, 'എന്ത് കണി കാണൽ? രാവിലെ ആറുമണിക്ക് ന്യൂസ് ഡെസ്‌കിലെത്തണം. മറ്റു സീനിയേഴ്‌സ് ആരുമില്ല. അവർക്കൊക്കെ കുടുംബമുണ്ട്. എല്ലാവരും വിഷു ആഘോഷിക്കാൻ ലീവെടുത്ത് നാട്ടിൽ പോയി'.
'എന്നാലും കണി കാണണം, അത് മുടക്കരുത്', അവൾ പിന്നെയും ചിണുങ്ങി.
അന്ന് കല്യാണം കഴിഞ്ഞിട്ടില്ല. രണ്ട് കാമുകിമാർ ഉള്ളതിൽ ഒന്ന് ഇവളാണ്, പേര് കാവ്യ. മറ്റൊരു കാമുകി കവിത തന്നെ. പലതും പറഞ്ഞ്, വീഡിയോ കോളിൽ നെടുവീർപ്പുകൾ പങ്കിട്ട്, പാതിരാവിൽ പതിവുപോലെ ഉറങ്ങാൻ കിടന്നു.
'നീയുറങ്ങൂ ആദ്യം' എന്നവൾ. 'ഇല്ലില്ല, നീ ആദ്യം ഉറങ്ങൂ, എന്നിട്ട് ഞാൻ കോൾ കട്ട് ചെയ്യാം' എന്ന് ഞാനും. പ്രണയിക്കുമ്പോൾ അങ്ങനെയൊക്കെ ആണല്ലോ അന്നത്തെ നാട്ടുനടപ്പ്. ഇന്നത്തെ ജെൻസി പിള്ളാർ ഇതൊക്കെ കേട്ടാൽ തല തല്ലിപ്പൊളിക്കും. പാതിരാ പൂവുണർന്നു പരൽമുല്ല കാടുണർന്നു എന്നും പാടി രാവും നിലാവും എപ്പോഴോ മയങ്ങിപ്പോയി.
പുലർച്ചെ അതാ ഫോണടിക്കുന്നു. അവൾ തന്നെ. 'കണ്ണടയ്ക്ക് കണ്ണടയ്ക്ക്, കണ്ണ് തുറക്കരുത്' എന്നവൾ. 'പറയുമ്പോൾ മാത്രം കണ്ണ് തുറക്കുക' എന്നായി നിർദ്ദേശം. 'ഓ ആകട്ടെ', അനുസരിച്ചു.
'ആ ഇനി കണ്ണ് തുറന്നോളൂ..' പതുക്കെ വളരെ പതുക്കെ ഞാൻ കണ്ണുകൾ രണ്ടും വിടർത്തി ഫോണിലേക്ക് നോക്കി. അതാ അവളുടെ മുറിയിൽ വിഷുക്കണി!
കണിക്കൊന്നയും വെള്ളരിയും വേണുവൂതുന്ന കണ്ണനും കണ്ണാടിയും മയിൽപീലിയും മധുരമൂറും പഴങ്ങളും...
ആഹാ എത്ര ധന്യമീ വിഷുക്കണി ദർശനം! ജീവിതത്തിൽ ഇന്നോളം ഇങ്ങനൊന്ന് അനുഭവിച്ചിട്ടില്ല. കണ്ണുകൾ നിറഞ്ഞൊഴുകി.
പ്രണയത്തിന്റെയും ഭക്തിയുടെയും ആനന്ദധാര! വിദൂരനഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നവന്റെ വിഷുക്കണി ദർശനം. ഒരു കാരണവശാലും മുടങ്ങരുത് എന്നുള്ള ഒരു പെൺകുട്ടിയുടെ വാശി. അവൾ നല്ല വാശിക്കാരിയാണ്. പലപ്പോഴും ആ വാശി വലിയ ആഭ്യന്തര സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിലെ വാശി, എത്ര പ്രണയാതുരം, മനോഹരം.
നേരം പുലർന്നു. കുളിച്ചു. നടന്നാലെത്തുന്ന ഓഫീസിലേക്ക് തിരക്കിട്ട് ചെന്നു. പിന്നെ പതിവ് വാർത്താബഹളങ്ങൾ. വിഷുദിനം ആയിട്ടും തിരക്കിന് കുറവൊന്നുമില്ല. ഗുരുവായൂർ അടക്കം വിവിധ ഇടങ്ങളിൽ നിന്ന് വിഷുവിശേഷങ്ങൾ പങ്കുവെച്ച് റിപ്പോർട്ടർമാരുടെ ലൈവ്.

എനിക്കും ഒരു വിശേഷം പറയാനുണ്ടെന്ന് മനം തുടിച്ചു. എന്റെ വിഷുക്കണി, എനിക്കായി പ്രിയപ്പെട്ടവൾ ഒരുക്കിയ വിഷുദിനക്കാഴ്ച!
പറഞ്ഞില്ല ആരോടും. പറഞ്ഞാൽ തീരുമല്ലോ അതിന്റെ മധുരം. ചിലത് അങ്ങനെയാണല്ലോ, പങ്കുവെക്കാൻ പാടില്ലാത്തത്. പങ്കിട്ടാൽ, പകുത്താൽ പരിഭവം പറഞ്ഞ് യാത്ര ചൊല്ലി പോകുന്നത്.
വർഷങ്ങൾ എത്ര പിന്നിട്ടു. ഇപ്പോൾ ഇതാ വീണ്ടും ഒരു വിഷുക്കാലം. ഇനി പറഞ്ഞോളൂ എന്നൊരാൾ ഉള്ളിൽ. കണിക്കൊന്നപ്പൂക്കളുടെ സ്വർണ്ണഹാസം.
പ്രിയപ്പെട്ടവളെ, എത്ര വർഷങ്ങൾ കൊഴിഞ്ഞാലും മുന്നിലുണ്ട് നിന്റെയാ മന്ദഹാസം! നീയൊരുക്കിയ വിഷുക്കണി.
ഏപ്രിൽ എത്തുമ്പോഴേക്കും ഇലകൾ മാത്രമാകുന്ന കണിക്കൊന്ന മരമേ, നീയെനിക്ക് പൂക്കൾ നൽകിയില്ലെങ്കിലും, അന്നൊരു പുലർച്ചയിൽ
എനിക്കായി ഒരുവൾ ഒരുക്കിയ തട്ടിൽ മഞ്ഞപ്പൂങ്കുലകൾ തൻ മലർമന്ദഹാസം പൊഴിച്ച, നിന്റെ സഖിമാർ എനിക്കേകിയ ഉല്ലാസം ഇല്ലാതാക്കാൻ ഏതേതു വിഷുക്കാലത്തിനാകും? ഇല്ല നിനക്കാകില്ല, ആ ഉല്ലാസത്തിന്റെ തണ്ടൊടിയ്ക്കാൻ.
'എന്തിന് മർത്ഥ്യായുസ്സിൽ സാരമായത്,
ചില മുന്തിയ സന്ദർഭങ്ങൾ, അല്ല മാത്രകൾ മാത്രം!'*
ആ മാത്രകളിൽ നാം ജീവിക്കുന്നു. ആയതിനാൽ മാത്രം വിഷു വരികയും പോവുകയും ചെയ്യുന്നു.
'കാലമിനിയുമുരുളും
വിഷു വരും, വർഷം വരും, തിരുവോണം വരും.
പിന്നെയോരോ തളിരിനും പൂ വരും കായ് വരും.
അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം?'**
*വൈലോപ്പിള്ളിയുടെ ‘ഊഞ്ഞാലിൽ’ എന്ന കവിതയിൽ നിന്ന്
**എൻ.എൻ.കക്കാടിന്റെ ‘സഫലമീ യാത്ര’ എന്ന കവിതയിൽ നിന്ന്
സുബീഷ് തെക്കൂട്ട് (മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the true essence of Vishu 2026 through this touching story of love and tradition
Published: 15 Apr 2026, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented