വംബർ പതിനൊന്നിനെ സ്മൃതി ദിനമെന്നോ അനുസ്മരണദിനമെന്നോ സംസ്കൃതംകൂട്ടി അലങ്കരിക്കാം. യുദ്ധംചെയ്ത ഭടന്മാരെ ബഹുമാനിക്കാനുള്ള ദിവസമാണത്‌. ഒന്നാം ലോകമഹായുദ്ധവിരാമത്തിന്റെ ഓർമയിൽ കോമൺവെൽത്ത്‌ രാജ്യങ്ങളെല്ലാം നവംബർ പതിനൊന്നിന്‌ (പതിനൊന്നാം മാസം, പതിനൊന്നാം ദിവസം, പതിനൊന്നു മണിക്ക്‌) യുദ്ധത്തിൽ മരിച്ചവരെ ഓർമിക്കുന്നു, രാജ്യത്തെ സംരക്ഷിക്കുന്ന ഭടന്മാർക്ക്‌ സല്യൂട്ട്‌ കൊടുക്കുന്നു. യുദ്ധവും സ്മൃതിയും നവംബർ പതിനൊന്നിനെ പോപ്പിപ്പൂവിൻറെ ചുവന്ന മുദ്രകുത്തിയാണ്‌ സ്വീകരിക്കുന്നത്‌. കനേഡിയൻ കവിയും ഡോക്ടറുമായ ജോൺ മക്രേയുടെ 'ഇൻ ഫ്ലണ്ടേഴ്‌സ്‌ ഫീൽഡ്‌സ്‌ (In Flanders Fields)' എന്ന കവിതയാണ്‌ പോപ്പിപ്പൂവിനെ പ്രശസ്തമാക്കിയതും യുദ്ധസ്മരണയുടെ ഭാഗമാക്കിയതും. യുദ്ധത്തിൽ മരിച്ചവരുടെ നിരനിരയായുള്ള ശവകുടീരങ്ങൾക്കിടയിൽ വളർന്നുനിന്ന ചുവന്ന കാട്ടുപൂക്കളായിരുന്നു പോപ്പികൾ. 

To advertise here,
placeholder
സ്മൃതി ദിനത്തിനായി (Remembrance day) പോപ്പിപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച പള്ളിയുടെ കവാടം

ജോൺ  ജനിച്ചതും വളർന്നതും കാനഡയിലെ, ഒണ്ടാറിയോ സംസ്ഥാനത്തിലെ ഗ്വൽഫിലാണ്‌ (Guelph, Ontario, Canada). ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്ന ജോൺ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. ടൊറന്റോ യൂണിവേഴ്സിറ്റിയിൽ സ്‌കോളർഷിപ്പോടെ പഠിച്ച ജോണിന്‌ ആസ്തമ കാരണം ഇടയ്ക്ക്‌ പഠിത്തം നിർത്തേണ്ടി വന്നു. ആ സമയത്തു പ്രണയിനിയായ പെൺകുട്ടി പെട്ടെന്ന്‌ മരണപ്പെട്ടത്‌ ജോണിനെ വല്ലാതെ നടുക്കി. യൗവ്വനത്തിൽ തന്നെ മരണത്തിൻറെ ക്രൂരതയും ദയനീയതയും ജോണിന്റെയുള്ളിൽ ആഴമുള്ള രേഖകൾ വരച്ചു. അതിന്റെ ക്ഷതം കവിതകളിലൂടെയാണ്‌ അയാൾ പ്രകടിപ്പിച്ചത്‌. പിന്നീട്‌ ടൊറന്റോ യൂണിവേഴ്‌സിറ്റിയിൽ നിന്നുതന്നെ ജോൺ മെഡിക്കൽ ബിരുദമെടുത്തു ഡോക്ടറായി. ഈ പഠനകാലത്തും ജോൺ കവിതകളും കഥകളും എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്നു. 1900-ലെ സൗത്ത്‌ ആഫ്രിക്കൻ യുദ്ധത്തിൽ (ബ്രിട്ടീഷുകാരും ഡച്ച് കുടിയേറ്റക്കാരും തമ്മിലുണ്ടായ യുദ്ധം) ബ്രിട്ടീഷ് സൈന്യത്തിൽ ജോണും ഉണ്ടായിരുന്നു. ആ യുദ്ധത്തിൽ നിന്നും മടങ്ങിവന്ന ജോൺ മോൺട്രിയോളിലെ മഗ്ഗിൽ യൂണിവേഴ്‌സിറ്റിയിൽ ഗവേഷകനായി. ഒപ്പം ജനറൽ ഹോസ്പിറ്റലിൽ ഫോറൻസിക്ക് സർജനും. കുറെക്കാലം പത്തോളജിസ്റ്റായി ജോലി ചെയ്തിട്ടുള്ള ജോൺ ധാരളം വൈദ്യശാസ്ത്ര ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. ‌

ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുണ്ടായ യുദ്ധത്തിൽ അമ്പതിനായിരത്തോളം കാനഡക്കാർ പങ്കെടുത്തതിൽ ജോൺ മക്രേയും ഉണ്ടായിരുന്നു. യുദ്ധത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുകയായിരുന്നു ആ ഡോക്ടറുടെ ജോലി. ജർമ്മനി ക്ളോറിൻ വാതകം പ്രയോഗിച്ചു എതിരാളികളെ പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവർ ദിവസങ്ങളോളം കിടങ്ങുകളിൽ തന്നെയായിരുന്നു. മരിച്ചവരുടേയും മരിച്ചുകൊണ്ടിരിക്കുന്നവരുടേയും ദീനതയോടെ നിലവിളിക്കുന്നവരുടേയും നടുവിൽ കവിയായ ഡോക്ടറിൻറെ ശരീരവും മനസ്സും തളർന്നു. ഹൃദയത്തിൻറെ മുറിവിൽ നിന്ന്‌ അയാൾ അമ്മയ്ക്ക്‌ എഴുതിയത്‌ ഇങ്ങനെയാണ്‌:
“ഇവിടുത്തെ അവസ്ഥ ഒരു പേക്കിനാവിൻറെ നടുക്കുനിൽക്കുന്നതുപോലെയാണ്‌. ഏറ്റവും കഠിനമായ യുദ്ധമാണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. പതിനേഴു രാവും പതിനേഴു പകലും ഞങ്ങളാരും ഇട്ടിരുന്ന വസ്ത്രം ഒന്നു മാറ്റിയിട്ടില്ല. ഇതിനിടയിൽ വല്ലപ്പോഴുമൊരിക്കലാണ്‌ ബൂട്ട്സ്‌ ഊരിയിരുന്നത്‌ തന്നെ. ഈ പതിനേഴുദിവസങ്ങളിലും ഉണർന്നിരിക്കുന്ന സമയമത്രയും വെടിയൊച്ചയും പീരങ്കികളുടെ ശബ്ദവും ഒരു മിനിട്ടിടവിടാതെ കേൾക്കുന്നുണ്ടായിരുന്നു. ഇതിനു പശ്ചാത്തലമായി എനിക്ക് ചുറ്റുമുണ്ടായിരുന്നതോ മരിച്ചവരും, പരിക്കേറ്റവരും, അംഗഭംഗം വന്നവരും...” (In Flanders Fields: The Story of John McCrae — John F. Prescott }

placeholder
ജോണ്‍ മക്രേ സ്മാരകം

യുദ്ധത്തിനിടയിൽ ജോണിൻറെ അടുത്ത സുഹൃത്തും മരിച്ചു. കൂട്ടുകാരനെയോ മരിച്ച മറ്റു ഭടന്മാരെയോ രക്ഷിക്കാൻ തനിക്കു കഴിയാത്തതിലുള്ള വേദനയും അപരാധബോധവും കുഴഞ്ഞ മനസ്സുമായിട്ടാണ്‌ ജോൺ ശവസംസ്‌കാരത്തിൽ പങ്കെടുത്തത്‌. രണ്ടു കമ്പുകൾ ചേർത്തുണ്ടാക്കിയ കുരിശ് കുത്തിനിർത്തിയൊരു മൺകൂന മാത്രമായി തീർന്ന ചങ്ങാതിയുടെ ഓർമകൾ അയാളെ നിരാശനാക്കി. കുനിഞ്ഞുപോയ തലയുമായി ആ മരണപ്പാടത്തിലൂടെ നടക്കുമ്പോൾ കുഴിമാടങ്ങളുടെ നിരയിൽ കടുംനിറത്തിൽ പൂവിട്ടുനിന്ന പോപ്പികൾ അയാളോടു സംസാരിച്ചിട്ടുണ്ടാവും. മരിച്ചുപോയവരുടെ എല്ലിലും മജ്ജയിലും വേരുറപ്പിച്ചുനിന്നു കാറ്റിലാടുന്ന പോപ്പികളെ നോക്കി കവി നെടുവീർപ്പിട്ടു.
We are the dead, short days ago
We lived, felt dawn, saw sunset glow,
Loved and were loved, and now we lie In Flanders fields.

ഹൃദയഭാരത്തോടെയാണ്‌ ജോൺ മക്രേ ഇൻ ഫ്ലാണ്ടേഴ്‌സ്‌ ഫീൽഡ്‌സ്‌ എഴുതിയത്‌. അതിനു ശേഷം 'The Anxious Dead' എന്ന ഒരു കവിത മാത്രമേ, 1918-ൽ, നാല്പത്തിയഞ്ചാമത്തെ വയസ്സിൽ മരിക്കുന്നതിനു മുൻപ്‌ ജോൺ എഴുതിയിട്ടുള്ളൂ.

ഫ്രാൻസിലെ ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യന്ന കാലത്താണ്‌ ജോണിന്‌ ന്യുമോണിയ പിടിക്കുന്നത്‌. മരിച്ചതിനടുത്ത ദിവസം തന്നെ ഈ കാനഡക്കാരനെ ഫ്രാൻസിൽ അടക്കം ചെയ്തു, ഫ്ലാണ്ടേഴ്‌സ്‌ ഫീൽഡിൽ നിന്നും ഏകദേശം ഇരുന്നൂറു കിലോമീറ്റർ അകലെയുള്ള Wimereux Communal സെമിത്തേരിയിൽ. ജോൺ മക്രേ ജനിച്ച ഗ്വൽഫിലെ വീട്‌ ഇന്നൊരു മ്യൂസിയമാണ്‌. അതിനടുത്തായി പണിതിരിക്കുന്ന സ്മാരകത്തിനു മുന്നിൽ വെങ്കലത്തിൽ തീർത്ത നിവർത്തിവെച്ച ഒരു പുസ്തകവും, അതിൽ 'In Flanders Fields' എന്ന കവിതയും കൊത്തിവെച്ചിട്ടുണ്ട്‌. 

placeholder
ജോണ്‍ മക്രേയുടെ വീട്, ഇപ്പോഴിത് മ്യൂസിയമാണ്

ഒരേ സമയം കവിയും എഴുത്തുകാരനും ഡോക്ടറും യോദ്ധാവുമായിരുന്ന ജോൺ മക്രേ യുദ്ധത്തിൻറെ വിരസ്യത്തിലല്ല അതിന്റെ ക്രൂരതയിലാണ്‌ പോപ്പിപ്പൂവുകളെ കണ്ടത്‌. ഗാസയും ഉക്രെയിനും വാർത്തയിലെ വിശേഷം മാത്രമായി ഒതുക്കി പിന്നെയും നവംബർ പതിനൊന്നിനെ ആദരിക്കാൻ രാജ്യങ്ങൾ തയ്യാറായിരിക്കുന്നു. യുദ്ധം കാലാൾപ്പടയുടേതല്ലാത്ത ഇക്കാലത്ത്‌ യുദ്ധത്തിൻറെ ഇരകൾ ഭടന്മാരെക്കാൾ അധികം സാധാരണക്കാരാണ്‌. അതുകൊണ്ട്‌ കാനഡയിൽ നിന്നു തന്നെ സമാധാനത്തിൻറെ വെളുത്ത പോപ്പിപ്പൂക്കൾക്കുവേണ്ടിയുള്ള പ്രചരണപ്രവർത്തനങ്ങളും മുമ്പത്തേക്കാളും ശക്തമായി നടക്കുന്നുണ്ട്‌.