
1990-കളുടെ അവസാനമാണെന്ന് തോന്നുന്നു. അന്നും ഇന്നും വലിയ സിനിമാപ്രാന്തിയാണ് എന്റെ അമ്മ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും കളർ സിനിമകളും ഒരേ താത്പര്യത്തോടെ കാണും. കഥാപാത്രങ്ങൾക്കൊപ്പം കരയും, അവർ ദേഷ്യപ്പെടുമ്പോൾ പല്ല് ഞെരിക്കും. അതിനിടയിൽക്കൂടി അടുക്കളപ്പണികളെല്ലാം പടപടാന്ന് ചെയ്യും. അക്കാലത്ത് മിക്കവാറും ശനിയാഴ്ചകളിൽ വീട്ടിൽ ഞാനും അമ്മയുമേ കാണൂ. ടിവിയിൽ അന്ന് സിനിമ ഏതായിരിക്കുമെന്ന് ഒരുപിടിയുമുണ്ടാവില്ല. പക്ഷേ, ഏതായാലും ഞങ്ങൾ കാണുമായിരുന്നു. സ്വതവേ മടിച്ചിയായിട്ടും സിനിമ കാണാനായി അടുക്കളപ്പണികൾ തീർക്കാൻ ഞാനും അമ്മയ്ക്കൊപ്പം കൂടും. അങ്ങനെയൊരു ശനിയാഴ്ചയാണെന്ന് തോന്നുന്നു 'ത്രിവേണി' എന്ന സിനിമ കണ്ടത്. എ.വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും പ്രേംനസീറും ശാരദയുമാണ് പ്രധാനവേഷങ്ങളിൽ.
പാമരം പളുങ്കു കൊണ്ട്, കിഴക്കു കിഴക്കൊരാന, സംഗമം സംഗമം, കൈതപ്പുഴ കായലിലെ എന്നിങ്ങനെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സംഗമം സംഗമം എന്ന പാട്ട് എനിക്കിഷ്ടപ്പെട്ടെങ്കിലും കുട്ടിയായതുകൊണ്ടാവും കിഴക്ക് കിഴക്കൊരാന എന്ന പാട്ടാണ് അന്നെനിക്ക് കൂടുതൽ ഇഷ്ടമായത്. എന്നാൽ ഇപ്പോഴും മനസ്സിൽ ഓർമ മങ്ങാതെ കിടക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് നസീർ ചെയ്ത ശിവരാമനും സത്യൻമാഷ് ചെയ്ത ദാമോദരൻ മുതലാളിയും. തങ്കമ്മയായി ശാരദ തകർത്തഭിനയിച്ചു.
ഈ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ എപ്പോഴും മനസ്സിലേക്ക് വരുന്നൊരു രംഗമുണ്ട്. പരസ്പരം പ്രേമബന്ധത്തിലായ ശിവരാമനും തങ്കമ്മയും (നസീറും ശാരദയും) കൂടി, ശിവരാമന്റെ അച്ഛന്റെ (തിക്കുറിശ്ശി) ചായക്കടയിൽ ആരുമില്ലാതിരുന്ന നേരത്ത് പരസ്പരം ശൃംഗരിക്കുന്നു. അപ്പോൾ അവിടേക്ക് വടി വീശി നടന്നെത്തുന്ന ദാമോദരൻ മുതലാളി (സത്യൻമാഷ്). 'തങ്കമ്മേ, മോളെ ഇങ്ങടുത്തുവന്നെ. നിന്റെ കൈയൊന്നു നോക്കട്ടെ' എന്ന് 71 വയസ്സുള്ള ദാമോദരൻ മുതലാളി പറയുന്നു. അടുത്തുചെന്ന തങ്കമ്മയുടെ കൈയിൽ 'എന്തൊരു തണുപ്പാ നിന്റെ കൈയ്ക്ക്' എന്നുപറഞ്ഞ് ദാമോദരൻ മുതലാളി അമർത്തിപ്പിടിക്കുന്നു. സ്വാഭാവികമായും 'ഇയാളെന്തൊരു വഷളൻ' എന്ന് തോന്നേണ്ട ആ രംഗത്തിൽ എന്തുകൊണ്ടോ അന്നെനിക്ക് പ്രശ്നമൊന്നും തോന്നിയില്ല.
'വയസ്സായ മനുഷ്യനല്ലേ, എന്നോട് വല്യ വാത്സല്യമാ' എന്നാണ് ആ കൈനോട്ടത്തെക്കുറിച്ച് തങ്കമ്മ കൂട്ടുകാരി ജാനകി (കെ.പി.എ.സി.ലളിത)യോട് പറയുന്നത്. എന്നാൽ അത്തരത്തിൽ വാർദ്ധക്യസഹജമായ വാത്സല്യമായിരുന്നില്ല സത്യൻമാഷിന്റെ മുഖത്ത്. ഒരു കള്ളനോട്ടവും കുസൃതിയും ഒരുവേള ഗൂഢാനുരാഗവുമായിരുന്നു ആ മുഖത്ത് മിന്നി മറഞ്ഞിരുന്നത്. അത് ശരിവയ്ക്കും വിധത്തിൽ വിവാഹരാത്രിയിൽ ദാമോദരൻമുതലാളി തങ്കമ്മയോട് പറയുന്നുണ്ട്, 'എനിക്ക് നിന്നോട് പ്രേമമാണെന്ന്'. മാത്രമല്ല ദാമോദരൻ മുതലാളി മറ്റൊരു സ്ത്രീയോടും ഇത്തരത്തിൽ പെരുമാറുന്നുമില്ല. ചെറുപ്പക്കാരായ കാമുകന്മാരെ കണ്ട് പരിചയിച്ച അക്കാലത്ത് 71 വയസ്സായ ആ വൃദ്ധകാമുകൻ എന്നെ വല്ലാതെ രസിപ്പിച്ചു. പിന്നീട് സിനിമയിലുടനീളം ഹൃദയവിശാലതകൊണ്ട് ആ മനുഷ്യൻ കരയിച്ചു.
ഇതേ സമയത്ത് അവിടെ മറ്റൊരു കാമുകനുമുണ്ട്. സുന്ദരനും ചെറുപ്പക്കാരനുമായ ശിവരാമൻ. ആരെയും ആകർഷിക്കുന്ന പുഞ്ചിരിയോടെ ശിവരാമൻ പ്രേക്ഷകരിലേക്ക് നടന്നടുക്കുന്നു. മുൻപ് പറഞ്ഞ രംഗത്ത്, തങ്കമ്മയുടെ കൈനോക്കി ചായക്കടയിലെ ബഞ്ചിലിരിക്കുന്ന ദാമോദരൻ മുതലാളിയുടെ അടുത്തേക്ക് മേശ തുടക്കുന്ന ഒരു തുണിയുമായി ശിവരാമൻ കടന്നുവരുന്നുണ്ട്. സാക്ഷാൽ പ്രേംനസീർ. തങ്കമ്മ തന്റേതാണെന്ന് സ്ഥാപിക്കുന്ന ഒരു തരം കുശുമ്പും ദേഷ്യവും ആ മേശ തുടയിൽ അയാളുടെ മുഖത്ത് വ്യക്തമാണ്. ഇവിടെ ഓരോ മാസപുഷ്പവും ഇതളിട്ടുണരും രാവിൽ...എന്ന് യേശുദാസിന്റെ വശ്യമനോഹരശബ്ദത്തിൽ കേൾക്കുമ്പോൾ ശിവരാമനെന്ന കാമുകൻ കൂടുതൽ വെളിപ്പെടുന്നു. പക്ഷേ, എത്ര വെളിപ്പെട്ടിട്ടും ശിവരാമനേക്കാൾ അല്പംകൂടി മികച്ച് നിന്നത് വയസ്സനായ ദാമോദരൻ മുതലാളി തന്നെയായിരുന്നു.
കഥാവികാസത്തിലെ ചില സാഹചര്യങ്ങൾക്കൊടുവിൽ തങ്കമ്മ ദാമോദരൻ മുതലാളിയെയാണ് വിവാഹം കഴിക്കുന്നത്. പിന്നീട് തങ്കമ്മയെത്തേടി തിരിച്ചെത്തുന്ന ശിവരാമനോട് അന്നെനിക്ക് ദേഷ്യമാണ് തോന്നിയത്. എന്നാൽ തന്റെ കുടുംബജീവിതം തകർക്കരുതെന്ന് തങ്കമ്മ ആവശ്യപ്പെട്ട നിമിഷം അവളെയും മകനെയും താമസിച്ചിരുന്ന ഹോട്ടലിൽ തിരിച്ചെത്തിക്കാൻ പുറപ്പെടുന്ന ശിവരാമനെ എനിക്കിഷ്ടമായി. സ്നേഹം കൊണ്ട് പരസ്പരം കൊല്ലാതെ, വിട്ടുകൊടുക്കാനും കൂടുതൽ കൂടുതൽ സ്നേഹിക്കാനും തയ്യാറാകുന്ന വ്യത്യസ്ത പ്രായത്തിലുള്ള രണ്ട് കാമുകന്മാർ. അത് ചെയ്തിരിക്കുന്നതാകട്ടെ മലയാളസിനിമയിലെ സ്വപ്നതാരങ്ങളായിരുന്ന സത്യൻമാഷും പ്രേംനസീറും.
'ത്രിവേണി' എന്ന സിനിമയെ ഓർക്കാൻ ഇതിൽക്കൂടുതൽ എന്തുവേണം. ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോയെന്ന് വയലാർ എഴുതിയത് എത്രസത്യം. സൂര്യനും ചന്ദ്രനുംപോലെ ഉദിച്ചുയരുന്ന രണ്ട് കാമുകവേഷങ്ങൾ. ഇതെഴുതും മുൻപ്, 'പഴയ ഈ സിനിമയുടെ പേരെന്തായിരുന്നു അമ്മേ' എന്ന് ചോദിച്ചപ്പോൾ അമ്മ മറന്നുകഴിഞ്ഞിരുന്നു. പക്ഷേ, സത്യൻമാഷിന്റെയും നസീറിന്റെയും വേഷപ്പകർച്ചകൾ ആ മനസ്സിൽക്കൂടി പെയ്തിറങ്ങിയപ്പോയത് ഞാൻ അറിഞ്ഞു. ആ ഓർമ്മയ്ക്ക് അന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ മുളകുചമ്മന്തിയുടെയും പയറുപ്പേരിയുടെയും രുചി കൂടി ഉണ്ടായിരുന്നു. അത് എനിക്കും അമ്മയ്ക്കുമല്ലേ അറിയൂ.
Content Highlights: love stories from malayalam cinema
Published: 25 Mar 2025, 11:44 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented