ബിഗ് ബി അമിതാഭ് ബച്ചന്റെ കൈയിൽ നിന്ന് ഒരു പിറന്നാൾ ആശംസ (birthday wish) കിട്ടിയാൽ ആരെങ്കിലുമത് ഗൗനിക്കാതിരിക്കുമോ? ഒരു സാധ്യതയുമില്ല. പക്ഷേ, ബോളിവുഡ് നടി പ്രീതി സിന്റ അതത്ര ഗൗരവത്തോടെയല്ല എടുത്തതെന്നു തോന്നുന്നു. തന്റെ ആശംസയ്ക്ക് മറുപടി തരാത്തതിന് പ്രീതിയോട് പരിഭവം പറയുകയാണ് ബച്ചനിപ്പോൾ.

'കോൻ ബനേഗാ ക്രോർപതി’ പരിപാടിയിൽ സണ്ണി ഡിയോളും പ്രീതിയുമെത്തിയപ്പോൾ ബച്ചൻ തമാശ രൂപേണ പരാതിപ്പെട്ടതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ 'ബത്വാര 1947'ന്റെ പ്രൊമോഷനുവേണ്ടി പരിപാടിയിൽ എത്തിയതായിരുന്നു താരങ്ങൾ. പ്രീതിക്ക് മുമ്പ് അയച്ച ജന്മദിനാശംസയെക്കുറിച്ചും അതിന് തനിക്ക് ഒരിക്കലും മറുപടി കിട്ടിയിട്ടില്ലെന്നും ബച്ചൻ ചൂണ്ടിക്കാണിച്ചു.

ഷോയുടെ പുതിയ പ്രൊമോയിലാണ് ഇതുള്ളത്. "എനിക്ക് നിങ്ങളോട് ഒരു വലിയ പരാതിയുണ്ട്. ഞാൻ എല്ലാ വർഷവും ജനുവരി 31-ന് നിങ്ങളുടെ ജന്മദിനത്തിൽ ആശംസകൾ നേരാറുണ്ട്, എന്നാൽ നിങ്ങൾ ഒരിക്കൽ പോലും എനിക്ക് മറുപടി നൽകിയില്ല." പ്രീതി തമാശയായി മറുപടി നൽകി, "ഇല്ല, അമിത് ജി, ഞാൻ എപ്പോഴും നിങ്ങൾക്ക് മറുപടി നൽകാറുണ്ട്... പക്ഷെ ഒരാഴ്ചയ്ക്കു ശേഷം"...

തുടർന്ന് അമിതാഭ് തന്റെ പഴയ ട്വീറ്റ് സ്ക്രീനിൽ കാണിച്ചു. അതിൽ പ്രീതിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നതോടൊപ്പം, അവർ തനിക്ക് എപ്പോഴാണ് മറുപടി നൽകാത്തതെന്നും അദ്ദേഹം പരാമർശിച്ചു. ട്വീറ്റിൽ ഇങ്ങനെയായിരുന്നു: "പ്രീതി സിന്റ നിങ്ങൾ എവിടെയായിരുന്നാലും, എന്റെ എസ്‌എംഎസിന് മറുപടി നൽകാൻ നിങ്ങൾ വിസമ്മതിച്ചതിനാൽ... ഹാ ഹാ... ജന്മദിനാശംസകൾ... സ്നേഹവും സന്തോഷവും." ഇരുവരുടെയും സംഭാഷണം പ്രേക്ഷകരെ ചിരിപ്പിച്ചു.

ഇന്ത്യയുടെ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് 'ബത്വാര 1947'. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi