
'ഉയരങ്ങളെ തൊടാനുള്ള ഭൂമിയുടെ അഭിലാഷമാണ് വൃക്ഷങ്ങള്‍' എന്ന് വാന്‍ഗോഗ് എഴുതിയിട്ടുണ്ട്. അതുപോലെ ഓരോ എഴുത്തുകാരിയും അപാരവിസ്തൃതിയെ കൈയിലൊതുക്കാനുള്ള അഭിലാഷവുമായാണ് എഴുതുന്നത്. എഴുത്തൊരുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ, അതിജീവനങ്ങളിലേക്കു തുറന്നിട്ട വാതിലുകളെ ഉപേക്ഷിച്ച് കടന്നുപോയവരെക്കുറിച്ച് പറയാനാണ് ഈ കുറിപ്പ്. ശരീരത്തിന്റെ ഇടതു വലതു ഭാഗങ്ങളെപ്പോലും ശുദ്ധമെന്നും അശുദ്ധമെന്നും ഉത്കൃഷ്ടമെന്നും അധമമെന്നും വേര്‍തിരിക്കുന്ന വികല സമൂഹഘടന നിലനില്‍ക്കുന്നിടത്ത് സ്ത്രീ ഉറക്കെ പറയേണ്ടതെന്തെന്നും പറയരുതാത്തത് എന്തെന്നും പതുക്കെ പറയേണ്ടത് എന്തെന്നും നിശ്ചയിക്കുന്ന, സന്ധി ചെയ്യാന്‍ ഒരുക്കമില്ലാത്ത ഈ സമൂഹത്തില്‍ അനുരഞ്ജനത്തിനായി തല കുനിക്കുന്ന ഓരോ പെണ്‍ജീവിതത്തോടും അരുത്, അതിന്റെ ആവശ്യമില്ല എന്ന് ഉറക്കെ പറയുകയാണ് ഓരോ എഴുത്തുകാരിയും.
അതിവിശാലമായ എഴുത്തിന്റെ ഭൂമികയില്‍ വന്നുപെട്ടിട്ടും പാതി നിര്‍ത്തി ഇറങ്ങിപ്പോയ, ജീവിതത്തില്‍നിന്നുതന്നെ മടങ്ങിപ്പോയ കുറച്ചെഴുത്തുകാരികളെ ഓര്‍ത്തെടുക്കുകയാണ് ഈ വനിതാദിനത്തില്‍. ഈ തിരഞ്ഞെടുപ്പിനു യാതൊരു നിദാനവുമില്ല. മനസ്സില്‍ ഇഷ്ടം തോന്നിയ പ്രിയപ്പെട്ട എഴുത്തുകാരികളെ ഓര്‍ത്തെടുത്തെന്നു മാത്രം. ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം സ്വയം ജീവിതം അവസാനിപ്പിച്ചവരാണ്- മരണം തേടിവരാന്‍ നിന്നുകൊടുക്കാത്തവര്‍.

(Getty Images)
'മരിക്കുക എന്നത് ഒരു കലയാണ്. മറ്റാരെക്കാളും നന്നായി ഞാന്‍ അത് ചെയ്യുന്നു' എന്നു പറഞ്ഞ സില്‍വിയാ പ്ലാത്തില്‍നിന്ന് തുടങ്ങാം. ഒരുപാട് ആത്മഹത്യാശ്രമങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 11, 1963-ല്‍ 30-ാം വയസ്സില്‍ അവനി (oven) ലേക്ക് തല താഴ്ത്തിവെച്ച് ഗ്യാസ് ഓണ്‍ ചെയ്തുകൊണ്ടുള്ള ഒരാത്മഹത്യയായിരുന്നു അത്. അടുത്ത മുറിയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്ക് ആപത്ത് വരാതിരിക്കാന്‍ ടൗവലുകളും വസ്ത്രങ്ങളുംകൊണ്ട് വാതിലുകളുടെ വിടവുകള്‍പോലും അടച്ച് സുരക്ഷിതമാക്കിക്കൊണ്ടുള്ള ഒരാത്മഹത്യ.
ഭര്‍ത്താവിനാല്‍ ഒഴിവാക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വതേ ആത്മഹത്യാപ്രവണതയുള്ള അവരുടെ മരണാഭിനിവേശത്തിന് ആക്കം കൂടിയതായിരിക്കാം കാരണം. സില്‍വിയ പ്ലാത്തിന്റെ ഒരേയൊരു നോവലായ ദി ബെല്‍ ജാര്‍ എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ അവസാന വരി ഇങ്ങനെയാണ്: 'I took a deep breath and listened to the old brag of my heart: I am... I am.' 'ഞാനൊരു ദീര്‍ഘനിശ്വാസമെടുത്തിട്ട്, ഹൃദയത്തിന്റെ ആ പഴയ വീമ്പുപറച്ചിലിന് കാതോര്‍ത്തു: ഞാന്‍... ഞാന്‍.' അതൊരു സ്വയംകണ്ടെത്തലാണ് (Self discovery), സ്വയംതിരിച്ചറിവാണ്. എസ്തര്‍ ഗ്രീന്‍വുഡ് എന്ന കഥാപാത്രത്തിന് മാത്രമല്ല, സ്വയം സ്നേഹിക്കാന്‍ മറന്നുപോകുന്ന ഓരോ സ്ത്രീക്കും. സില്‍വിയാ പ്ലാത്തിന്റെ ശവക്കല്ലറയില്‍ ഇങ്ങനെയൊരു വാചകമുണ്ട്: 'പ്രചണ്ഡമായ തീനാളങ്ങള്‍ക്കിടയിലും സ്വര്‍ണ്ണത്താമര നട്ടുപിടിപ്പിക്കാവുന്നതാണ്.'

(വര-ലിജീഷ് കാക്കൂര്‍)
ഇരുപതാം നൂറ്റാണ്ടിലെതന്നെ ആഘോഷിക്കപ്പെട്ട മറ്റൊരു എഴുത്തുകാരിയാണ് വെര്‍ജിനിയാ വുള്‍ഫ്. 2025 വെര്‍ജിനയുടെ നാലാമത്തെ നോവലായ മിസ്സിസ് ഡോള്‍വേയുടെ പ്രസിദ്ധീകരണ ശതവാര്‍ഷികംകൂടിയാണ്. Room of One's Own ല്‍ വിര്‍ജീനിയ പറയുന്നു: നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ വായനശാല അടച്ചുപൂട്ടാം. എന്നാല്‍ എന്റെ മനസ്സിന്റെ സ്വാതന്ത്ര്യത്തിനു മുന്നില്‍ നിങ്ങള്‍ക്ക് ഒരു പടിവാതിലോ ഒരു പൂട്ടോ ഒരു ബോള്‍ട്ടോ വെക്കാനാവില്ല.
യഥാര്‍ത്ഥത്തില്‍ അവര്‍ നില തെറ്റിയ മനസ്സിന്റെയും സമൂഹത്തിന്റെയും ഭര്‍ത്താവിന്റെയും എതിര്‍ലിംഗ കാമാതുരതയുടെയും തടങ്കലിലായിരുന്നു എന്നുവേണം പറയാന്‍. അവര്‍ ഒരു സ്വവര്‍ഗാനുരാഗിയായിരുന്നു എന്നും പറയപ്പെടുന്നു.
1941 മാര്‍ച്ച് 28-ല്‍ അവര്‍ രണ്ടു പോക്കറ്റിലും ഭാരം കൂടിയ കല്ലുകള്‍ നിക്ഷേപിച്ച ശേഷം നദിയിലേക്ക് ഇറങ്ങിപ്പോയി. അവരുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ: 'എനിക്ക് ഉറപ്പാണ് എനിക്ക് വീണ്ടും ഭ്രാന്തു വരാന്‍ പോകുന്നു. നമുക്ക് വീണ്ടും ആ ഭയങ്കരമായ കാലത്തിലൂടെ കടന്നുപോവാനാവില്ല എന്നു ഞാന്‍ കരുതുന്നു. ഇത്തവണ ഞാന്‍ അതില്‍നിന്ന് മോചിതയാവില്ല...'

(Getty Images)
1933 -ല്‍ ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത സാറ ടെസ്ഡേല്‍ എന്ന അമേരിക്കന്‍ കവയിത്രിയെ അവരുടെ 'ഐ ഷാല്‍ നോട്ട് കെയര്‍' എന്ന കവിതയിലൂടെ ഓര്‍ക്കാനാണ് എനിക്കിഷ്ടം:
ഞാന്‍ മരിക്കുമ്പോള്‍ തിളങ്ങുന്ന ഏപ്രില്‍മാസം
അവളുടെ മഴ നനഞ്ഞ മുടിയിഴകളെ
എനിക്ക് മുകളില്‍ വിടര്‍ത്തിയിടും.
ഹൃദയം നുറുങ്ങി നീ എന്നിലേക്ക് ചാഞ്ഞാലും
ഞാന്‍ ഗൗനിക്കയില്ല.

(Getty Images)
'Suicide is afterall the opposite of poem' എന്നെഴുതിയ ആനി സെക്സ്റ്റന്‍ എന്ന പുലിസ്റ്റര്‍ പ്രൈസ് ജേതാവായ അമേരിക്കന്‍ കവയിത്രി 45-ാം വയസ്സില്‍ ആത്മഹത്യ ചെയ്തു. കുമ്പസാര കവി (Confessional Poet) എന്നറിയപ്പെടുന്ന ഇവരുടെ കവിതകളില്‍ വൈകാരികാംശം വളരെക്കൂടുതലാണ്. അവരുടെ ഒരു കുട്ടിക്കവിത ഇങ്ങനെ:
love and a cough
Cannot be concealed
Even a small cough
Even a small love.
പ്രണയവും ചുമയും
ഒളിച്ചുവെക്കാനാവില്ല
ചെറിയൊരു ചുമയായാലും
ചെറിയൊരു പ്രണയമായാലും.

ആത്മഹത്യയിലൂടെ എഴുത്തില്‍നിന്നിറങ്ങിപ്പോയ മലയാളിയെഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ രാജലക്ഷ്മി അവരുടെ രചനാപരീക്ഷണങ്ങളാല്‍ പതിവു വഴക്കങ്ങളില്‍നിന്നു വഴിമാറി നടന്നൊരാളായിരുന്നു.
എഴുതാതിരിക്കാന്‍ ആവാതിരിക്കുകയും പ്രിയപ്പെട്ടവരെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജീവിതം മതിയാക്കി പോയ അവരുടെ ഒരു നിഴലും കുറെ വഴികളും എന്ന പുസ്തകത്തിനാണ് 1960 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നത്. ഉച്ചവെയിലും ഇളം നിലാവും ഞാനെന്ന ഭാവം ഇവയാണ് രാജലക്ഷ്മിയുടെ മറ്റു നോവലുകള്‍.
ഗുരുവായൂരപ്പന്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന നന്ദിത കെ.എസ്. എന്ന കവയിത്രിയെയും ഓര്‍ക്കുന്നു:
എന്റെ വസന്തം
ഇല മൂടിയ
കൊന്നമരങ്ങളില്‍നിന്ന്
തിരിച്ചുപോകുന്നു. വീണ്ടും
ഒരു മീനമാസത്തിനായി
കാത്തിരിക്കുന്നു

നന്ദിത 17 ജനുവരി 1999- ല്‍ ഒരു സാരിത്തുമ്പില്‍ അജ്ഞാതമായ കാരണങ്ങളാല്‍ ജീവിതമവസാനിപ്പിച്ചു. സകല ധാര്‍ഷ്ട്യങ്ങളെയും കപടനാട്യങ്ങളെയും ഇടിച്ചുനിരത്തി സമനിരപ്പാക്കുന്ന മരണത്തോട് അവള്‍ക്ക് കടുത്ത ആസക്തി ഉണ്ടായിരുന്നെന്നു തോന്നുന്നു.
ജോണ്‍ എ ഷെഡ്ഡിന്റെ വാക്കുകളെ ഒരോര്‍മ്മവാക്കാക്കി നിര്‍ത്തട്ടെ:
'Ships in harbour is safe but that is not what ships are built for.'
'ജലനൗകകള്‍ തുറമുഖത്ത് സുരക്ഷിതമാണ്. പക്ഷേ അതിനല്ലല്ലോ അവ നിര്‍മ്മിക്കപ്പെട്ടത്.'
Content Highlights: famous women poets who killed themselves
Published: 08 Mar 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented