മോഹന്‍ലാലിനെയും ആനയെയും എത്ര കണ്ടാലും മതിയാവില്ല എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ആലോചിച്ചപ്പോള്‍ തോന്നി അത് ശരിയാണെന്ന്. മോഹന്‍ലാലിന്റെ കുസൃതിയും കള്ളച്ചിരിയും പ്രണയവും മീശപിരിക്കലും മുണ്ടു മടക്കിക്കുത്തലും അടിയും ഇടിയും അഭിനയത്തിലെ അനായാസതയും സ്വാഭാവികതയുമൊന്നും അത്ര എളുപ്പം തള്ളിക്കളയാനാവില്ല. സ്വല്പം ചെരിഞ്ഞ്, കുസൃതിച്ചിരി ചിരിക്കുന്ന, കണ്ണില്‍ പ്രണയം പൂക്കുന്ന മോഹന്‍ലാലിനെ മലയാളികള്‍ മരിക്കുവോളം മറക്കുകയുമില്ല. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെ കാമുകനെക്കുറിച്ചെഴുതുമ്പോള്‍ ആരെ തിരഞ്ഞെടുക്കും എന്നത് വലിയ കണ്‍ഫ്യൂഷനായിരുന്നു. പിന്നെയാവാം എന്ന് പലപ്രാവശ്യം അതുകൊണ്ട് അത് നീട്ടിവയ്ക്കുകയും ചെയ്തു. ഒടുവില്‍ എനിക്കതിനുത്തരം കിട്ടി. ഞാനപ്പോള്‍ പച്ചനിറത്തിലുള്ള മുന്തിരികള്‍ പൂത്തുനില്‍ക്കുന്ന ഒരു മുന്തിരിത്തോട്ടത്തിലായിരുന്നു. അവിടെ സോളമനും പൂച്ചക്കണ്ണുള്ള സോഫിയയും അവരുടെ ടാങ്കര്‍ ലോറിയും ഉണ്ടായിരുന്നു. അതെ, അത് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലായിരുന്നു.

എത്ര മനോഹരമായാണ് അയാള്‍ തന്റെ പ്രേമം സോഫിയയോട് പറയുന്നത്. നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും മാതളനാരകങ്ങള്‍ പൂവിട്ടോ എന്നും നോക്കാം എന്നാണ് അയാള്‍ അവളോട് പറയുന്നത്. അതിന്റെ ബാക്കി അറിയാന്‍ ബൈബിളെടുത്തുവച്ച് നോക്കാന്‍ പറയുന്നു. അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും എന്നായിരുന്നു അതിനടുത്ത വരി. അതുവായിച്ചോ എന്ന് അവളോട് ചോദിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മുഖത്ത് ഒരായിരം പ്രണയമിന്നാമിന്നികള്‍ മിന്നുന്നപോലെ തോന്നും. വായിച്ചു എന്ന് സോഫിയ(ശാരി) പറയുമ്പോള്‍ എന്നിട്ടോ എന്ന് ചോദിക്കുന്നു. എന്നിട്ടൊന്നുമില്ലെന്ന് മറുപടി. ശേഷം അരമണിക്കൂര്‍ കൊണ്ട് മൈസൂര്‍ ചുറ്റി വരാം എന്ന് പറഞ്ഞ് അയാള്‍ അവളെ ടാങ്കര്‍ലോറിയിലേക്ക് കയറ്റുന്നു. ആകാശമാകെ കണിമലര്‍ കതിരുമായ്....ആ പാട്ട് തുടങ്ങുമ്പോള്‍ സോളമനും സോഫിയയും തമ്മിലുള്ള അനുരാഗത്തിനും തുടക്കമാവുന്നു.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീട്ടിലെത്തിയ അയാള്‍ ആദ്യമായി അവളെ കാണുമ്പോള്‍ അവള്‍ വെണ്ട നടാനായി കുഴിക്കുകയായിരുന്നു. പിന്നീട് വേലി ആണിയടിച്ചുറപ്പിക്കുന്ന സോഫിയ, തുണി അലക്കുന്ന, ഒറ്റയ്ക്കിരുന്ന കരയുന്ന സോഫിയ...അതെല്ലാം സോളമന്‍ ദൂരെ മാറിനിന്ന് കാണുന്നു. തനിക്കൊപ്പം തന്റെ മുന്തിരിത്തോട്ടത്തില്‍ പരിഭവങ്ങളില്ലാതെ ജീവിക്കാന്‍ അവളൊരു നല്ല തുണയായിരിക്കുമെന്ന് അയാള്‍ തിരിച്ചറിയുന്നു.

ദുഷ്ടനായ രണ്ടാനച്ഛനേയും കല്യാണത്തിന് സമ്മതിക്കാത്ത മമ്മയേയും പാട്ടിലാക്കാന്‍ അയാള്‍ വല്ലാതെ പാടുപെടുന്നു. ഒരിക്കല്‍ സോളമന്‍ സോഫിയയോട് പറയുകയാണ്. ഇതൊക്കെ മതിയാക്കി നിന്നെയങ്ങ് പൊക്കിക്കൊണ്ടുപോയാലോയെന്നാണ് ഞാനാലോചിക്കുന്നത് എന്ന്. ബൈക്കില്‍താന്‍ വരുമെന്നും രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ അവളിറങ്ങി വരണമെന്നും സോളമന്‍ പറയുന്നു. എങ്കില്‍ അതിന് നല്ലത് ബൈക്കല്ല, സോളമന്റെ ടാങ്കറാണെന്ന് സോഫിയ പറയുന്നു.

ഒടുവില്‍ രണ്ടാനച്ഛന്‍ അവളെ ബലാത്സംഗം ചെയ്തെന്ന് അറിയുമ്പോള്‍ സോളമന്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നു. അതുകണ്ട് ഇനിയെന്ത് എന്ന് ചിന്തിക്കുന്ന നമ്മുടെ ഹൃദയം നിറച്ചുകൊണ്ട് രാത്രിയില്‍ അയാള്‍ ടാങ്കറുമായി വരികയാണ്. രണ്ടാനച്ഛനെ നന്നായി കൈകാര്യം ചെയ്ത് ശേഷം അയാള്‍ സോഫിയയെ വിളിക്കുന്നു. മടിച്ചുമടിച്ച് പുറത്തിറങ്ങി വന്ന സോഫിയയോട് സോളമന്‍ പറഞ്ഞതെന്താണെന്നോര്‍മ്മയുണ്ടോ? രണ്ടാമത്തെ ഹോണടിക്കുമ്പോള്‍ വരണമെന്ന് പറഞ്ഞിട്ട്....എന്നാണ്. അതുകേട്ട്, ഞാന്‍ കരുതി...എന്ന് പറഞ്ഞ് മുഴുമിപ്പിക്കാതെ നില്‍ക്കുന്ന സോഫിയെ അയാള്‍ ചേര്‍ത്തുപിടിക്കുന്നു. എന്നിട്ട് പൊക്കിയെടുത്ത് ടാങ്കറില്‍ കയറ്റുന്നു. അവിടന്നങ്ങോട്ട് മുന്തിരിത്തോട്ടത്തിലേക്കുള്ള അവരുടെ ജീവിതയാത്ര ആരംഭിക്കുകയാണ്. 

placeholder
പദ്മരാജൻ /Wikipedia

പാതിവ്രത്യവും ചാരിത്ര്യവുമെല്ലാം സ്ത്രീക്കുമാത്രം ബാധ്യതയാകുന്ന കാലത്ത് അവളുടെ സ്നേഹം മാത്രം വിലമതിച്ച സോളമനോട് ആര്‍ക്കാണ് പ്രണയം തോന്നാത്തത്. എന്തുസുന്ദരനാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍. വലിയ മുന്തിരിത്തോപ്പും കൂട്ടിനൊരു പട്ടിയും ഓടിക്കാനൊരു ടാങ്കറുമുള്ള കാമുകന്‍. ഈ കാമുകന്‍ ശരിക്കും ഒരു സ്വപ്നകാമുകന്‍ തന്നെയാവും അല്ലേ?

ഈ സിനിമ തീര്‍ന്നാലും അത് മനസ്സില്‍ പെയ്ത് കൊണ്ടേയിരിക്കും. നമ്മുടെ മോഹന്‍ലാലും അദ്ദേഹത്തിന്റെ സോളമനും സോഫിയയും മനസ്സിലങ്ങനെ മായാതെ. മനസ്സിന് ചുണ്ടുകളുണ്ടെന്നും അത് സദാ പാടുകയാണെന്നും തോന്നാറുണ്ടെനിക്ക് പ്രത്യേകിച്ചും ഈ വരികള്‍....
      മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ കതിര്‍-
    പ്പാല്‍മണികള്‍ കനമാര്‍ന്നതില്ലേ
    മദകൂജനമാര്‍ന്നിണപ്രാക്കളില്ലേ
    പുലര്‍വേളകളില്‍ വയലേലകളില്‍
    കണി കണ്ടുവരാം കുളിര്‍ചൂടി വരാം....

ഇതിന്റെ ആദ്യവരികള്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സും പാടുന്നുണ്ടാകും. ആനച്ചന്തമുള്ള സോളമനുവേണ്ടിയാകട്ടെ എന്റെ ഈ ആഴ്ച.