
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയ, ദേശാടനക്കിളി കരയാറില്ല'യിലെ ശാലി, പൊന്മുട്ടയിടുന്ന താറാവിലെ പാര്‍വതി ടീച്ചര്‍.. മനോഹരമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളിമനസ്സില്‍ ഇടംനേടിയ അഭിനേത്രിയാണ് ശാരി. വെള്ളിത്തിരയില്‍ ശോഭിച്ചുനില്‍ക്കുന്ന കാലത്തുതന്നെ അപ്രത്യക്ഷയായെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആസ്വാദഹൃദയങ്ങളില്‍ മായാതെ നിന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് ഉള്‍വലിഞ്ഞ താരം ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും അഭ്രപാളിയിലേക്ക് തിരിച്ചെത്തിയിരുന്നു. ശാരിയുടെ സിനിമാജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി...
പത്മരാജന്റെ നായികയായ്
പത്മരാജന്‍ സിനിമകളിലൂടെയാണ് ഞാന്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയതെന്നത് വലിയ സൗഭാഗ്യമാണ്. മലയാളത്തില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തു പോയപ്പോഴും ആ സിനിമകളും കഥാപാത്രങ്ങളും മനസ്സില്‍ മായാതെയുണ്ടായിരുന്നു. കുടുംബം എന്ന വലിയ ഉത്തരവാദിത്വത്തിലേക്കായിരുന്നു മടക്കം. മകളുടെ പഠിപ്പും അവളെ വളര്‍ത്തലുമൊക്കെ സന്തോഷത്തോടെയാണ് ഞാന്‍ ചെയ്തത്. ഇതിനിടയില്‍ കുടുംബത്തിന്റെ ബിസിനസിലും കുറേ സമയം ചെലവഴിച്ചു. ഇടവേള സമയത്തും ഞാന്‍ ഫ്രീ ആയിരുന്ന ഒരാളല്ല.
കരിയറിലെ അവാര്‍ഡ്
കരിയറിലെ ഏറ്റവും ശക്തയായ കഥാപാത്രം 'ദേശാടനക്കിളി കരയാറില്ല'യിലെ സാലി തന്നെയാണ്. ആ കഥാപാത്രം ചെയ്യുമ്പോള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. പത്മരാജന്‍ സിനിമകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമകളില്‍ ഒന്നാണ് ദേശാടനക്കിളി എന്നു പലരും പറയാറുണ്ട്. സിനിമയുടെ ആഴങ്ങള്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞ സിനിമയായിരുന്നു അത്. അതിലെ പ്രധാന കഥാപാത്രമാകാന്‍ പത്മരാജന്‍ സാര്‍ എന്നെ തിരഞ്ഞെടുത്തത് എന്നിലെ നടിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിട്ടാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്.
പേരുമാറ്റിയ പത്മരാജന്‍
തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുമ്പോള്‍ സാധന എന്നായിരുന്നു എന്റെ പേര്. പത്മരാജന്‍ സാറിന്റെ സെറ്റിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് പേരു മാറ്റണമെന്നായിരുന്നു. എന്റെ പേര് നല്ലതല്ലേയെന്ന് ഞാന്‍ സാറിനോടു ചോദിച്ചു. പേര് നല്ലതാണെങ്കിലും അതേ പേരില്‍ മറ്റു പലരുമുള്ളതിനാല്‍ അതു വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്‍പ നേരം ആലോചിച്ച ശേഷം സാര്‍ എന്നെ ശാരി എന്നു വിളിച്ചു. പക്ഷേ മലയാളം അറിയാത്തതിനാല്‍ സാരി എന്നാണ് ഞാന്‍ കേട്ടത്. അതോടെ ഞാന്‍ ആകെ ടെന്‍ഷനിലായി. ''സാരി എന്നു പേരിട്ടാല്‍ കൂട്ടുകാരൊക്കെ കളിയാക്കും'' ഞാന്‍ കരയാന്‍ തുടങ്ങി. സാര്‍ കൃത്യമായി ശാരി എന്ന പേര് ഉച്ചരിച്ചു. നടി ശാരദയോടുള്ള ഇഷ്ടം കൊണ്ടാണ് ശാരി എന്ന പേര് എനിക്കിട്ടതെന്നു കൂടി പറഞ്ഞതോടെ എനിക്കും വലിയ സന്തോഷമായി.
വെള്ളാരംകണ്ണുമായ്
കണ്ണില്‍ ബ്ലാക്ക് ലെന്‍സ് ഇട്ടാണ് ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നത്. കഥാപാത്രത്തിന് വെള്ളാരംകണ്ണ് ശരിയാകില്ലെന്ന് സംവിധായകന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പത്മരാജന്‍ സാറിന്റെ സെറ്റിലെത്തിയപ്പോഴും വെള്ളാരംകണ്ണ് ശരിയാകില്ലെന്നാണ് അദ്ദേഹവും പറയുകയെന്ന് ഞാന്‍ വിചാരിച്ചു. അതുകൊണ്ട് ലെന്‍സ് കണ്ണില്‍ നിന്നു മാറ്റിയില്ല. ഷൂട്ടിങ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ക്യാമറാമാന്‍ രാമചന്ദ്രേട്ടന്‍ കാര്യം കണ്ടുപിടിച്ചത്. ബ്ലാക്ക് ലെന്‍സ് ഇട്ടതിന്റെ പേരില്‍ പത്മരാജന്‍ സാര്‍ എന്നെ കുറേ വഴക്കു പറഞ്ഞു. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന എനിക്ക് സാറിന്റെ വഴക്ക് കേട്ടപ്പോള്‍ സങ്കടം സഹിക്കാന്‍ പറ്റിയില്ല. റൂമിലെത്തിയ ഉടനെ ഈ സെറ്റില്‍ നിന്നു പോകാമെന്നായിരുന്നു ഞാന്‍ കൂടെയുണ്ടായിരുന്ന അമ്മാമയോടു പറഞ്ഞത്. എന്നാല്‍ നടി കൂടിയായിരുന്ന അമ്മാമ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. മോള്‍ പേടിക്കാതെ അഭിനയിച്ചോളൂയെന്ന് അമ്മാമ പറഞ്ഞതോടെ ധൈര്യം വന്നു.
മലയാള സിനിമ മേഖലയിലെ പഴയ സുഹൃത്തുക്കളില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കാറുള്ളത് കാര്‍ത്തികയുമായാണ്. ഞങ്ങള്‍ നേരില്‍ കണ്ടാല്‍ കുറേനേരം ഇരുന്നു സംസാരിക്കാതെ മടങ്ങാറില്ല. ഒരുപാട് വിശേഷങ്ങളും അതിനിടെ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയില്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തികളില്‍ ഒരാള്‍ കാര്‍ത്തികയാണ്. ആദ്യ സിനിമയില്‍ എനിക്ക് ഡയലോഗെല്ലാം പറഞ്ഞു പഠിപ്പിച്ചു തന്നതും കാര്‍ത്തികയായിരുന്നു. ഇപ്പോഴും ആ ബന്ധം ഞാന്‍ നിലനിര്‍ത്തുന്നുണ്ട്. 'ദേശാടനക്കിളി കരായാറില്ല' എന്ന സിനിമയില്‍ ഞാനായിരുന്നു പുതുമുഖം. മോഹന്‍ലാലും ഉര്‍വശിയും കാര്‍ത്തികയുമൊക്കെ അന്നും മികച്ച അഭിനേതാക്കളാണ്. തുടക്കക്കാരി എന്ന നിലയില്‍ അവരുടെ കൂടെ അഭിനയിക്കാന്‍ തന്നെ പേടിയുണ്ടായിരുന്നു. ഡയലോഗ് തെറ്റാതെ പറയണേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന. കാര്‍ത്തികയാണ് സഹായിച്ചത്.
ഞാന്‍ അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതേ സമയം മറ്റുള്ളവരുടെ വിഷമങ്ങളും സങ്കടങ്ങളും എത്രനേരം കേട്ടിരിക്കുന്നതിലും ഒരു മടിയുമുണ്ടായിരുന്നില്ല. 'പൊന്മുട്ടയിടുന്ന താറാവ്' എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച തട്ടിന്‍പുറത്തെ ടീച്ചര്‍ മറക്കാനാകാത്ത കഥാപാത്രമാണ്. സിനിമ ചിരിയുടെ വലിയൊരു പൂരമാകുമ്പോഴും സങ്കടങ്ങളുടെ ആഴങ്ങള്‍ ഒളിപ്പിച്ച കഥാപാത്രമായിരുന്നു അതിലെ ടീച്ചര്‍. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്റെ മുഖം കൂടുതല്‍ ചേരുന്നതാണെന്ന് സംവിധായകര്‍ക്കു തോന്നിയിട്ടുണ്ടാകാം. മലയാളത്തില്‍ ഞാന്‍ അഭിനയിച്ച സിനിമകള്‍ പിന്നീട് കണ്ടപ്പോഴും എന്റെ മുഖത്തെ സങ്കടഛായ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
കല്യാണി തരുന്ന ആത്മവിശ്വാസം
കല്യാണി എനിക്കു നല്‍കുന്ന അനുഭവങ്ങള്‍ മനോഹരമാണ്. ചിലപ്പോഴൊക്കെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ കുറച്ചു നേരം നോക്കി നില്‍ക്കും. സ്വന്തം രൂപത്തിലും വ്യക്തിത്വത്തിലും ആത്മവിശ്വാസം കൂടാന്‍ കണ്ണാടി ഏറെ സഹായിക്കും. കല്യാണി എന്നെ എപ്പോഴും പ്രോല്‍സാഹിപ്പിക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ്. അവള്‍ ഓര്‍ഗാനിക് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ചേര്‍ത്തു ചില മിശ്രിതങ്ങളൊക്കെയുണ്ടാക്കാറുണ്ട്. അത് ആദ്യം പരീക്ഷിക്കുന്നത് എന്നിലായിരിക്കും. 'എന്റെ ദേഹത്ത് അലര്‍ജി വന്നാല്‍ നിന്നെ ശരിയാക്കും' എന്നൊക്കെ പറഞ്ഞ് ഞാന്‍ അവളെ കളിയാക്കുമെങ്കിലും അവള്‍ നല്ല കോണ്‍ഫിഡന്‍സിലായിരിക്കും. അവളുടെ കണ്ടുപിടിത്തങ്ങളാണ് എന്റെ സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമായിട്ടുള്ളത്. അതുപോലെ എല്ലാ ദിവസവും വ്യായാമം ചെയ്യണമെന്നതും അവള്‍ക്കു നിര്‍ബന്ധമാണ്. ഭക്ഷണത്തിലും ഇപ്പോള്‍ ഞാന്‍ നല്ല ശ്രദ്ധ പുലര്‍ത്താറുണ്ട്. കൊഴുപ്പ് കൂടുതലുള്ള ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്.
ആഗ്രഹസാഫല്യത്തിനായ്
മലയാള സിനിമയാണ് എന്നെ ഞാനാക്കിയത്. കുടുംബത്തിനു വേണ്ടിയാണ് ഞാന്‍ ഇടവേളയെടുത്ത് മടങ്ങിയത്. ഇപ്പോള്‍ എന്റെ മകളാണ് 'അമ്മയ്ക്ക് വീണ്ടും അഭിനയിക്കാന്‍ പൊയ്ക്കൂടേ'യെന്ന് എന്നോടു ചോദിച്ചത്. ആ ചോദ്യമാണ് ഇടവേളയ്ക്കു ശേഷം എന്നെ മലയാള സിനിമയിലെത്തിച്ചത്. പൃഥ്വിരാജും ദുല്‍ഖറും ഫഹദും അടക്കമുള്ള പുതിയ താരങ്ങള്‍ സൃഷ്ടിക്കുന്ന മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹമുണ്ട്. മമ്മൂക്കക്കും ലാലേട്ടനുമൊപ്പം വീണ്ടും അഭിനയിക്കണമെന്ന മോഹവും മനസ്സിലുണ്ട്. മരണം വരെ മറക്കാന്‍ കഴിയാത്ത ഒന്നാണ് മലയാള സിനിമ. അതിന്റെ ഭാഗമായി ഇനിയും കുറേ നാള്‍ ഒഴുകാന്‍ കഴിഞ്ഞെങ്കില്‍...
Content Highlights: actress shari interview malayalam
Published: 22 May 2023, 02:47 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented