
ഞാനും മോളുംകൂടെ ഇടയ്ക്കിടെ കാണുന്ന സിനിമയാണ് 'ബാംഗ്ലൂർ ഡേയ്സ്'. വല്ലാത്തൊരു പോസിറ്റീവ് വൈബാണ് ആ സിനിമ. ചിരിച്ചും ചിന്തിച്ചുമൊക്കെ അതിലെ കഥാപാത്രങ്ങൾക്കൊപ്പം നമ്മളിങ്ങനെ ഒഴുകിപ്പോകും.
കാമുകന്മാർ എന്ന നിലയിൽ അതിലെ ഫഹദും നിവിനും വ്യത്യസ്തരാണെങ്കിലും സ്‌കോർ ചെയ്യുന്നത് ശരിക്കും ദുൽഖറാണ്. ദുൽഖറിന്റെ അജു ഉഗ്രൻ ഫെമിനിസ്റ്റാണല്ലോ എന്ന് എന്നോട് പറഞ്ഞത് മോളാണ്. ആലോചിച്ചപ്പോൾ ശരിയാണ്. പ്രേമിക്കുന്നവർക്കിടയിൽ വൈറലായ ദുൽഖറിന്റെ ഒരു ഡയലോഗുണ്ടതിൽ. 'നിങ്ങളെന്തിനാ എന്റെ പിന്നാലെ നടക്കുന്നത്' എന്ന് പാർവ്വതിയുടെ സേറ ചോദിക്കുമ്പോൾ അജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം'. വളരെ മനോഹരമായി തന്റെ പ്രണയിനിയുടെ മുൻപിൽ മനസ്സുതുറക്കുകയാണ് അജു. എന്നാൽ അതിനേക്കാളേറെ സ്ത്രീകളെ പിറകിൽ നിർത്താനല്ല ഒപ്പം നിർത്താൻ, തുല്യതയോടെ ചേർത്തുപിടിക്കാനാണ് അജു ആഗ്രഹിക്കുന്നത്.
അവൾക്ക് നടക്കാനാവില്ല എന്നത് ഒരു കുറവായിട്ട് അവൻ ഒരിക്കലും കാണുന്നില്ല. തന്റെ ദു:ഖങ്ങളിൽ അവന് ആശ്വാസമായത് റേഡിയോയിലൂടെ കേൾക്കുന്ന സേറയുടെ ശബ്ദമാണ്. അവളെ കൈകളിൽ കോരിയെടുത്ത് പറ്റുന്നിടത്തെല്ലാം അവൻ കൊണ്ടുപോകുന്നു. കുട്ടനും കുഞ്ചുവുമുള്ള അവന്റെ കൊച്ചുലോകത്തെ അവൾക്കായി പരിചയപ്പെടുത്തുന്നു. ഈ ചിത്രത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്. പിറ്റേന്ന് വിദേശത്തേക്ക് പോകുന്ന സേറയുമായി, അജു ഒരു അവസാന രാത്രി ഡ്രൈവിന് പോകുന്നു. യാത്രയ്ക്കൊടുവിൽ ഒരു വലിയ ചുമരിന്റെ മുൻപിൽ അവർ നിൽക്കുന്നു. പെട്ടെന്ന് അദ്ഭുതത്തോടെ സേറ കാണുകയാണ്. ആ ചുമരിന്റെ നെറുകയിൽ അവൻ കോറിയിട്ട സേറയുടെ മുഖം. ഇന്ന് ഞാൻ വന്നില്ലായിരുന്നെങ്കിലോ എന്നാണ് അതുകണ്ടപ്പോൾ അവൾ ചോദിക്കുന്നത്. വന്നില്ലായിരുന്നില്ലെങ്കിൽ കാണില്ലായിരുന്നു എന്ന് വളരെ ലാഘവത്തോടെ അജു മറുപടി പറയുന്നു. അവളോടുള്ള സ്നേഹം മുഴുവൻ ഉള്ളിലൊതുക്കി, അവളുടെ നല്ല ഭാവിക്കായി അവൻ ഒന്നും സംഭവിക്കാത്തതുപോലെ അഭിനയിക്കുന്നു.
സേറയുടെ അമ്മ അവനെ മുറിപ്പെടുത്തിയിട്ടും അക്കാര്യം അവൻ സേറയോട് പറയുന്നില്ല. കാരണം അവനറിയാം, അമ്മ ലക്ഷ്യം വയ്ക്കുന്നതും സേറയുടെ നന്മ മാത്രമാണെന്ന്. 'കല്യാണം കഴിച്ച് ബാഗ്ലൂര് പോയി അടിച്ചുപൊളിക്കാം' എന്ന് പറയുന്ന കുഞ്ചുവിനോട് അജു പറയുന്നത്, 'ബാഗ്ലൂര് പോകാൻ ഒരു ബസ് ടിക്കറ്റ് എടുത്താൽമതി, കല്യാണം കഴിക്കണമെന്നില്ല' എന്നാണ്. 'കല്യാണശേഷം ആണുങ്ങൾ പേര് മാറ്റുന്നില്ലല്ലോ' എന്ന് അവൻ കുഞ്ചുവിനോട് ചോദിക്കുന്നുണ്ട്.
അത്തരത്തിൽ പൂർണമായും ഫെമിനിസ്റ്റായ അജു എന്ന കാമുകൻ, ആദ്യമായി തന്റെ കാമുകിയെ കാണുന്നത് റേഡിയോ സ്റ്റേഷനിലെത്തിയാണ്. അവളെ സർപ്രൈസ് കൊടുത്ത് ഞെട്ടിക്കാനായിരുന്നു അവന്റെ ലക്ഷ്യം. എന്നാൽ അവിടെ വച്ചാണ് അവൾക്ക് നടക്കാനാവില്ലെന്ന് അവൻ മനസ്സിലാക്കുന്നത്. അത് ഒരു ഷോക്കായെങ്കിലും പിന്നീട് അവൻ അവൾക്ക് കാലുകളാവുകയാണ്.
ഒടുവിൽ റേസിൽ വിജയിച്ച്, ജീവിതം തിരികെപ്പിടിച്ച അജു സേറയെ കാണണമെന്നാണ് ദാസിനോട് പറയുന്നത്. ദാസിനും ദിവ്യയ്ക്കും കുട്ടനും കൂട്ടുകാർക്കുമൊപ്പം സേറയ്ക്കരികിലെത്തിയ അവൻ സേറയോട് പറുകയാണ്: 'പോവണ്ട....അവളും പോവണ്ട' എന്ന് തിരിച്ചുപറയുന്നു.
കുട്ടിക്കാലത്തിന്റെ ട്രോമകളും ഒറ്റപ്പെടലിന്റെ ദു:ഖവും മനസ്സിലടക്കി, ചിരിച്ചുകളിച്ചുനടക്കുന്ന അജു, സേറയോടുള്ള സ്നേഹവും മനസ്സിലൊതുക്കുകയായിരുന്നു. കൂടെനടന്ന്, പങ്കാളിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ തുന്നുന്ന ദുൽഖർ ചെയ്ത ഈ ഫെമിനിസ്റ്റ് കാമുകനെ എനിക്കേറെയിഷ്ടമാണ്. അജുവിന്റെ പ്രണയം കാല്പനികമല്ല, മറിച്ച് ഒപ്പം നടക്കാൻ യാത്രയ്ക്കിടെ ഒരു കൂട്ടുകാരിയെ കിട്ടിയ സന്തോഷത്തിന്റെ ആഘോഷമാണ്.
Content Highlights: column on evergreen heroes in malayalam cinema-6
Published: 30 Apr 2025, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented