മാറ്റത്തിലേക്കുള്ള മലയാള സിനിമയുടെ സംഭവബഹുലമായ യാത്രയ്ക്കിടെയാണ് അഞ്ജലി മേനോന്‍ ബോക്‌സ് ഓഫീസിന് എക്കാലത്തെയും വലിയ ഹിറ്റുകള്‍ സമ്മാനിച്ചതും ഉറച്ച നിലപാടുകളിലൂടെ തിരുത്തലിന് കരുത്തേകിയതും. 'മഞ്ചാടിക്കുരു' എന്ന അരങ്ങേറ്റ ചിത്രത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ ഹിറ്റുകളിലേക്കുള്ള യാത്രയെപ്പറ്റി സംസാരിക്കുകയാണ് അഞ്ജലി…
"മഞ്ചാടിക്കുരു' തിയേറ്റര്‍ ഹിറ്റായിരുന്നെങ്കില്‍ ഞാനൊരിക്കലും 'ബാംഗ്ലൂര്‍ ഡേയ്‌സ്' ചെയ്യില്ലായിരുന്നു. 'മഞ്ചാടിക്കുരു'വുമായി ബന്ധപ്പെട്ട് അത്രയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. നാലുവര്‍ഷത്തോളം അതിന്റെ പ്രശ്‌നങ്ങളുമായി പൊരുതേണ്ടിവന്നു. പ്രസവശേഷം തൊണ്ണൂറാം ദിവസം പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ക്കാന്‍ ചെന്നൈയിലേക്ക് മോനെയും കൊണ്ടുപോയ കാലം നല്ല ഓര്‍മ്മയുണ്ട്. 'മഞ്ചാടിക്കുരു' തിയേറ്ററില്‍ വളരെ കുറച്ചുപേരാണ് കണ്ടത്. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നെങ്കിലും സാമ്പത്തികമായി നഷ്ടമായിരുന്നു. ആ അനുഭവം വല്ലാതെ ബാധിച്ചു. പക്ഷേ, തിരിച്ചറിവുകള്‍ ധാരാളമുണ്ടായി. മലയാള സിനിമാലോകത്തിന്റെ അടിയൊഴുക്കുകള്‍ മനസ്സിലാക്കാന്‍ തുടങ്ങി. ഈ മേഖലയില്‍ പുതിയ ആളായതുകൊണ്ടുമാത്രമല്ല ഇത്രയേറെ പ്രതിസന്ധികളെന്ന് തിരിച്ചറിയുകയായിരുന്നു.
അതിലൂടെ കടന്നുവരുമ്പോള്‍ സംവിധായകന്‍ രഞ്ജിത് സര്‍ നിര്‍മ്മിച്ച 'കേരള കഫേ'യില്‍ 'ഹാപ്പി ജേണി' എന്നൊരു ഹ്രസ്വചിത്രം ചെയ്യാനായി. അതായിരുന്നു എന്റെ ആദ്യത്തെ റിലീസ്. അത് അംഗീകരിക്കപ്പെട്ടപ്പോള്‍ അതില്‍ നായകനായി അഭിനയിച്ച ജഗതി ശ്രീകുമാര്‍ സര്‍ പറഞ്ഞു: ''ഈ ഓഡിയന്‍സിന്റെ കൈയടി ആണ് ശരിയായ അവാര്‍ഡ്. അത് എല്ലാ അവാര്‍ഡുകളേക്കാളും വലുതാണ്.''
'മഞ്ചാടിക്കുരു' റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ 'ഉസ്താദ് ഹോട്ടല്‍' പുറത്തിറങ്ങി. എന്റെ കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ സിനിമയാണ്. 'മഞ്ചാടിക്കുരു'വില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം 'ഉസ്താദ് ഹോട്ടല്‍' തിരികെത്തന്നു. അന്ന് ജഗതി സര്‍ പറഞ്ഞത് എത്ര സത്യം ആണെന്ന് തിരിച്ചറിഞ്ഞു. എഴുതിയ വരികള്‍ക്ക് കിട്ടുന്ന കൈയടി കേട്ട് മനസ് നിറഞ്ഞു.
ഓഡിയന്‍സിലേക്ക് എത്തുന്ന, ബോക്‌സ്ഓഫീസില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്ന ഒരു പടം ചെയ്‌തേ പറ്റൂ എന്ന സ്ഥിതിയിലായി മനസ്. ഈ ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ അത് ഓഡിയന്‍സ് വഴി മാത്രമേ നടക്കുകയുള്ളുവെന്ന് ബോധ്യമായി. മോന്‍ കുറച്ച് വലുതായശേഷം അതിനായി ശ്രമിക്കാമെന്ന് കരുതി. അതിനിടെ 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ കഥ കേട്ട് അന്‍വര്‍ പറഞ്ഞു അഞ്ജലി ഇത് സംവിധാനം ചെയ്താല്‍ ഞാന്‍ നിര്‍മിച്ചോളാം എന്ന്.
സത്യം പറഞ്ഞാല്‍ ഒരു വയസ്സുള്ള കുഞ്ഞിനെ വച്ച് ഇതെങ്ങനെ ചെയ്യും എന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. പക്ഷേ, ആഗ്രഹിക്കുന്ന കാര്യം സാധ്യമാക്കാനുള്ള ഒരു അവസരമായിരുന്നു. അതൊരു യാത്രയായിരുന്നു.
ഫീഡിങ്ങിനും ഡയപ്പര്‍ ചേഞ്ചിങ്ങിനും ഇടയിലായിരുന്നു സിനിമയുടെ കഥ പൂര്‍ത്തിയാക്കിയത്. മകന് ഒരു വയസ്സാകുന്നതേയുള്ളൂ. ചെറിയ സിനിമയല്ല. സമയത്തിന്റെ വലിയ പങ്ക് അതിനായി മാറ്റിവെക്കാതെ തരമില്ലായിരുന്നു. കഥ എഴുതാന്‍ പ്രത്യേകിച്ചൊരു ഇടമോ സ്വകാര്യതയോ വേണമെന്നൊന്നും ആവശ്യപ്പടാന്‍ പറ്റാത്തൊരു സാഹചര്യം. കുഞ്ഞാണെങ്കിലും ജോലിയാണെങ്കിലും രണ്ടും ഞാന്‍ ആഗ്രഹിച്ച് ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ആയിരുന്നു.
കുടുംബം പൂര്‍ണമായും പിന്തുണച്ചതുകൊണ്ട് രണ്ട് സ്വപ്‌നങ്ങളും ഒപ്പംകൊണ്ടുപോവാന്‍ സാധിച്ചു. പ്രസവം കഴിഞ്ഞ് അധികാലമായിട്ടില്ല എന്നോര്‍ക്കണം. നമ്മുടെ മനോനിലയുള്‍പ്പെടെ വ്യത്യസ്തമായിരിക്കും. കുഞ്ഞിനെ മടിയില്‍ വച്ചൊക്കെയാണ് എഴുത്ത് തുടര്‍ന്നത്. ആദ്യ പകുതി വേഗം എഴുതി തീര്‍ത്തു. രണ്ടാം പകുതി ആ വേഗതയില്‍ മുന്നോട്ടുപോയില്ല. ഒരുപാട് ഡ്രാഫ്റ്റ്‌സ് എഴുതിയിട്ടും ശരിയായി തോന്നിയില്ല.
എന്റെ വീട്ടിലെ നോട്ടീസ് ബോര്‍ഡില്‍ സ്‌ക്രിപ്റ്റ് നോട്ടുകളുടെ കൂട്ടത്തില്‍ ‘വേര്‍ ഈസ് ദ സോള്‍’ എന്ന് വലിയ അക്ഷരത്തില്‍ ഞാന്‍ എഴുതിവച്ചിരുന്നു. ഒരു ദിവസം അതുകണ്ട് അന്‍വര്‍ ചിരിയോടു ചിരി. കൊമേഴ്‌സ്യല്‍ പടത്തിലാണോ സോളിനെ തിരയുന്നതെന്നൊരു ചോദ്യവും. അവസാനം തരക്കേടില്ല എന്ന് കരുതിയ ഒരു ഡ്രാഫ്റ്റില്‍ നിര്‍ത്തി പ്രീപ്രൊഡക്ഷന്‍ തുടങ്ങി. അപ്പോഴാണ് ശരിക്കും ഞാന്‍ പൂര്‍ണമായും ജോലിയിലേക്ക് കയറുന്നത്.
മാറ്റിയെഴുതിയെ പറ്റൂ എന്ന് തിരിച്ചറിഞ്ഞ് അന്‍വറിനോടും ക്രൂവിനോടും സംസാരിച്ച് വീണ്ടും എഴുത്തിലേക്ക് കടന്നു. ഓരോ ദിവസത്തിന്റെയും പകുതി എഴുത്തിന് മാറ്റിവച്ചു. മറുപകുതി പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കും. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇംപ്രൊവൈസേഷന്‍ എന്റെ പ്രോസസിന്റെ ഭാഗമാണ്. സിനിമ നടക്കുമ്പോഴും സ്‌ക്രിപ്റ്റില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്.’’
Content Highlights: Anjali Menon`s directorial journey, from the challenges of `Manjadikuru` to the success of `Bangalore Days` and beyond
Published: 12 Jun 2025, 03:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented