
അഞ്ചും ആറും ക്ലാസ്സുകൾ മാത്രമേ പറമ്പ സ്‌കൂളിൽ പഠിച്ചുള്ളൂ. അതിഭീകര ദാരിദ്ര്യത്തിന്റെ പശയിൽ ഒട്ടിപ്പോയ വർഷങ്ങളായിരുന്നു അത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ അച്ഛന് ടാപ്പിംഗ് ഉണ്ടായിരുന്നുള്ളൂ. സ്‌കൂളിലേക്ക് നടന്നുപോകുമ്പോൾ എനിക്ക് മുറിച്ചു കടക്കേണ്ടി വരുന്ന ഒരു റബ്ബർ തോട്ടം അച്ഛൻ വെട്ടുന്ന തോട്ടമായിരുന്നു.( വെട്ടുക എന്ന് വായിക്കുമ്പോൾ റബ്ബർ വെട്ട് എന്ന് ചിന്തിക്കണം , ടാപിങ്ങിന് നാട്ടിൽ അതായിരുന്നു പേര്). പൂക്കോട്ടുംപാടം അങ്ങാടിയിൽ പച്ചക്കറിയുടെ മൊത്തവ്യാപാരം നടത്തിയിരുന്ന വേലായുധേട്ടന്റെ തോട്ടമായിരുന്നു അത്. ആ കച്ചവടം അയാളുടെ പേര് പച്ചക്കറി വേലായുധൻ എന്നാക്കി. വെളുത്ത, കൗമാരത്തിലെ മുഖക്കുരുകൾ ചുവപ്പിച്ച കവിളുകൾ ഉള്ള അയാളുടെ മൂത്തമകനെ കൂട്ടുകാർ തക്കാളി എന്ന് വിളിച്ചു. പതിയെ അവന്റെ യഥാർത്ഥ പേര് എല്ലാവരും മറന്നു പോയി.
ക്ലാസ് കഴിഞ്ഞു വന്നാൽ അച്ഛന് പണിയുള്ള ദിവസങ്ങളിൽ പച്ചക്കറി വേലായുധേട്ടന്റെ കടയിൽ പോയി അന്നത്തെ കൂലി വാങ്ങാനുള്ള ചുമതല അച്ഛൻ എന്നെ ഏൽപ്പിച്ചു. അതായത്, ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുംവെയിലത്ത് നടന്ന് എനിക്ക് അങ്ങാടിയിലേക്ക് പോകേണ്ടിവന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കുന്ന വായനശാല അക്കാലത്ത് എന്നെ സമാധാനിപ്പിച്ചു. കൂലി വാങ്ങി നേരെ ഇങ്ങോട്ട് പോര് എന്ന് ആ സ്ഥലം എന്നെ കയ്യേറ്റു. ആ ഒരൊറ്റ കാരണംകൊണ്ട് പച്ചക്കറി കടയിലെ ആളുകളുടെ മുൻപിൽ വച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റ അപമാനം എനിക്ക് പൊറുക്കാനായി. എന്തിനാണ് ഞാൻ അയാളുടെ ശ്രദ്ധയിൽ പെടും വിധം, എന്നാൽ സങ്കോചത്തോടെ കടയുടെ മുൻപിൽ വന്ന് വിയർത്തുനിൽക്കുന്നത് എന്ന് വേലായുധേട്ടന് അറിയാമായിരുന്നല്ലോ. എങ്കിലും എല്ലാതവണയും എന്താ വേണ്ടത് എന്ന് അയാൾ ചോദിച്ചു. ഒരു ചെറിയ പെൺകുട്ടിയോട് ഒരിക്കലും കാണിക്കരുതാത്ത പരിഹാസം അയാളുടെ മുഖത്ത് അപ്പോഴൊക്കെ മഹാ വൃത്തികേടായി പരന്നിരുന്നു.
എല്ലാതവണയും 'ഇന്നത്തെ കൂലി' എന്ന് എനിക്ക് ജാള്യതയോടെ, അപമാനത്തോടെ പറയേണ്ടി വന്നു. പച്ചക്കറി വാങ്ങാൻ വന്ന ആളുകൾ മുഴുവൻ പോകുന്നതുവരെ ചിലപ്പോൾ എനിക്ക് അവിടെ നിൽക്കേണ്ടി വന്നു.
'ആ കുട്ടീനെ വേഗം പറഞ്ഞയച്ചാള' എന്ന് ചിലർ ചിലപ്പോൾ ഉദാരരായി.
അറുപത് രൂപയാണ് കൂലി എന്നാണ് ഓർമ്മ. അതിൽ പത്ത് രൂപ എനിക്കും അനിയനും ബേക്കറി പലഹാരങ്ങൾ വാങ്ങാനുള്ളതാണ്. മിച്ചമുള്ള അൻപത് രൂപ കളയാതെ കൊണ്ടുവന്ന് അമ്മയെ ഏൽപ്പിക്കണം. പരമാവധി ഇരുന്നൂറ് രൂപ കൊണ്ടാണ് ഒരാഴ്ച്ച കഴിയേണ്ടത്. അതൊരു വലിയ ടാസ്‌ക് ആയിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ മനസ്സിലാവുന്നുണ്ട്. വീട്ടുചെലവുകളും ഞങ്ങളുടെ പഠനവും ആഴ്ചയിൽ മൂന്നുദിവസം കുറഞ്ഞത് വീട്ടിൽ കയറി വരുന്ന പലിശക്കാരും അസുഖങ്ങളും ഒക്കെ അമ്മ ആ പൈസകൊണ്ട് എങ്ങനെയാണ് കഴിച്ചുകൂട്ടിയത് ആവോ!
അതെങ്ങനെയായാലും വീട്ടിൽ വലിയ വഴക്കുകൾ പതിവായി. വീടുവിട്ടിറങ്ങാൻ എനിക്ക് കാരണമായത് ആ വഴക്കുകളാണ്. എവിടെയാണ് സമാധാനം എന്നൊരു പത്ത് വയസ്സുകാരി തിരയുന്നത് തെറ്റല്ലല്ലോ. അന്ന് അഭയം ആയതാണ് ആ വായനശാല. സകല മുറിവുകളും ചൂടും കണ്ണീരും അതിന്റെ ചവിട്ടുപടിക്ക് പുറത്തിട്ട് ഞാൻ അകത്തു കയറി. അഞ്ചുമണിക്ക്, എനിക്ക് പൂട്ടണ്ടേ എന്ന് ലൈബ്രേറിയൻ ചിരിയോടെ എന്നെ നോക്കുമ്പോൾ മാത്രം നിരാശയോടെ, മറ്റന്നാൾ വരാം എന്ന് പറഞ്ഞ്, കയ്യിൽ പുസ്തകങ്ങളും അതിനുള്ളിൽ ഭദ്രമായി സൂക്ഷിച്ച അമ്പത് രൂപയും ബേക്കറി പലഹാരവുംകൊണ്ട് പതിയെ വീട്ടിലേക്ക് നടന്നു. ചെന്നു കേറുമ്പോൾ അമ്മ കരയുകയാവുമോ, അച്ഛൻ മിണ്ടാതെ ഇറങ്ങിപ്പോയി കാണുമോ എന്നൊക്കെയുള്ള ചിന്തകൾ വഴിനീളെ അവളെ പേടിപ്പിച്ചു.
പത്തു രൂപയുടെ പലഹാരത്തിന് കാത്തിരിക്കുന്ന അനിയൻ മാത്രം അക്കാലത്ത് എപ്പോഴും സന്തോഷവാനായി കണ്ടു. ഒരു ആറു വയസ്സുകാരന്, അതും വീട്ടിലെ ഓമന വികൃതിക്ക് ചുറ്റും എന്തൊക്കെ നടക്കുന്നു എന്ന് തിരിഞ്ഞു കിട്ടാറായില്ലല്ലോ. അവൻ അമ്മമ്മയെ ഭീഷണിപ്പെടുത്തി മിഠായി പൈസ ഒപ്പിച്ചും എപ്പോഴും എവിടെയെങ്കിലും മുറിഞ്ഞു ചോരയിറ്റിച്ചും കണ്ണ് തെറ്റിയാൽ അപകടകരമായ കളികളിൽ മുങ്ങിയും നടന്നു. അവന്റെ ത്രസിപ്പ് പലപ്പോഴും സകല വറുതികൾക്കിടയിലും ഞങ്ങളെ ചിരിപ്പിച്ചു. 'എന്റെ കുട്ടി' എന്ന് അമ്മമ്മ സദാസമയം അവന്റെ പുറകെ നടന്നു. എന്ത് കിട്ടിയാലും ഒരു പങ്ക് അവന് മാറ്റിവെച്ചു. വേനൽക്കാലത്ത് അരമതിൽ മാത്രമുള്ള ഉമ്മറത്ത് നിലത്തുവിരിച്ച കിടക്കയിൽ ചൂടുകുരുകൊണ്ട് പൊറുതിമുട്ടിയ ഇളംദേഹം കൂട്ടിപ്പിടിച്ചു കിടന്നുറങ്ങി. അവനെ പ്രതി അമ്മയ്ക്ക് വേവലാതിപ്പെടേണ്ടി വന്നില്ല. ആഹാരം, കുളി, കളികൾ അങ്ങനെയെല്ലാം അമ്മമ്മ ഏറ്റെടുത്തു.
ഞാനും അമ്മയും തമ്മിൽ ഗാഢമായ അടുപ്പം ഉണ്ടായതും ആ വർഷങ്ങളിലാണ്. സദാസമയവും വഴക്കുണ്ടാക്കുന്ന അമ്മയോട് പല സമയത്തും എനിക്ക് നീരസം തോന്നിയെങ്കിലും.അച്ഛനോട് എപ്പോഴും എനിക്ക് സഹതാപം തോന്നി. രണ്ടിലൊരാളുടെ കൂടെ നിൽക്കേണ്ടി വരുമ്പോഴൊക്കെ പക്ഷേ നിരുപാധികം ഞാൻ അച്ഛന്റെ കൂടെ നിന്നു. ന്യായം അമ്മയുടെ ഭാഗത്തായിരുന്നപ്പോഴും.
ഒരു വലിയ വഴക്കിനൊടുവിൽ അച്ഛൻ വീടുവിട്ടു പോകുന്നത് അക്കാലത്താണ്. ദേഷ്യത്തിൽ ചുണ്ടിലെ ബീഡി വലിച്ചെറിഞ്ഞ്, മുണ്ട് മടക്കിക്കുത്തി തിരിഞ്ഞു നോക്കാതെ അച്ഛൻ കയറ്റം കയറിപ്പോയി. കരഞ്ഞുകൊണ്ട് ഞാൻ പുറകെ ഓടിച്ചെന്നു
'വീട്ടിക്ക് ചെല്ല്, അച്ഛൻ വേഗം വരാം'
നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി തന്ന് അച്ഛൻ മുഖത്തു നോക്കാതെ പറഞ്ഞു. തിരിഞ്ഞുനടന്നു. ആ നേരത്തെ എന്റെ തകർന്നനിൽപ്പ് ഓർക്കുമ്പോൾ ഇപ്പോഴും തൊണ്ടകടയുന്നുണ്ട്. ഞാനൊഴികെ ആരും അച്ഛനെ തിരിച്ചുവിളിച്ചില്ല. ദാരിദ്ര്യം താങ്ങി മടുത്തു പോയ അമ്മ പുറത്തിറങ്ങി വരിക പോലും ചെയ്തില്ല. എനിക്ക് ആരെയാണ് പഴി പറയേണ്ടത് എന്ന് മനസ്സിലായില്ല. ഏറെനാളുകൾ അച്ഛന്റെ ഒരു വിവരവും ഉണ്ടായില്ല.അതാരെയും ബാധിച്ചതായി തോന്നിയില്ല, അതിലും എനിക്ക് പ്രതിഷേധം തോന്നി. നീതികേട് കണ്ടാൽ പൊട്ടിത്തെറിക്കുന്ന, മനുഷ്യരുടെ നിസ്സഹായത ഉള്ളിൽ തൊടുന്ന ഒരുവൾ ജനിച്ചത് അന്നായിരിക്കണം. പിൽക്കാലത്ത് വളർന്ന് എന്നെയാകെ വരിഞ്ഞ വിഷാദരോഗത്തിന്റെ ആദ്യത്തെ വിത്തും അച്ഛന്റെ അസാന്നിധ്യം ഉള്ളിൽ വിതച്ചു.
പുസ്തകങ്ങൾക്കോ കൂട്ടുകാർക്കും കളികൾക്കോ എന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. അച്ഛനായിരുന്നു എന്റെ ദൗർബല്യം എന്ന് ഞാനും വീടും ഒരുപോലെ മനസ്സിലാക്കിയ സംഭവമായിരുന്നു അത്.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 05 Apr 2026, 12:21 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented