
മണിക്കുട്ടിയോർമ്മകൾ വായിച്ച് ഏറെക്കാലത്തിനുശേഷം വർണ്ണ മെസ്സേജ് അയച്ചു. നമ്മുടെ കുട്ടിക്കാലത്തെ സന്തോഷത്തിന്റെ ഓർമ്മകളിൽ ഒന്നും ഞാനില്ല അല്ലേ എന്ന് അവൾ ചോദിച്ചു. അത് വായിച്ചപ്പോൾ അകാരണമായ കുറ്റബോധം തോന്നി. ഏതുകാലത്തും അദൃശ്യമായ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ട്. ടീച്ചർമാരുടെ മക്കളോട് ആരോഗ്യകരമായ ബന്ധം ഞങ്ങൾക്കൊരുകാലത്തും ഉണ്ടായിട്ടില്ല. അത് ഞങ്ങൾ കുട്ടികളുടെ പ്രശ്‌നമായിരുന്നില്ല. ടീച്ചർമാരുടെ മക്കൾക്ക് കിട്ടുന്ന സവിശേഷ പരിഗണനയും ഞങ്ങളോടുള്ള ബോധപൂർവ്വമായ അവഗണനയും കണ്ടു മടുക്കുമ്പോൾ വരുന്ന സ്വാഭാവികമായ അകൽച്ചയാണ്. നിങ്ങളും ഞങ്ങളും എന്ന പകുക്കലും ആ സിസ്റ്റം ഉണ്ടാക്കിയതാണ്. ആഴത്തിൽ ഉറച്ചുകിട്ടുമായിരുന്ന ഒരു സൗഹൃദം അങ്ങനെ ഇല്ലാതായി പോയതാണ് വർണയോട്. മണിക്കുട്ടിയുടെ പിറന്നാളോർമ്മ നിന്നെ വിഷമിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കുക. നമ്മളാരും ഇതിൽ അപരാധികളല്ല എന്ന് ഓർക്കുക.
ലോവർ പ്രൈമറി ക്ലാസുകളിൽ മാത്രമേ മണിക്കുട്ടി പൂക്കോട്ടുംപാടത്ത് ഉണ്ടായുള്ളൂ (പൂക്കോട്ടുംപാടം എന്ന നാടിന്റെ പേര് ഞാൻ ഇതുവരെ ഒരു ഓർമ്മയിലും രേഖപ്പെടുത്തിയില്ല എന്ന് ഇപ്പോൾ ഈ വരി എഴുതിയപ്പോഴാണ് ഓർത്തത്!) പിന്നീടുള്ള മൂന്നുവർഷക്കാലം അവളും ചേച്ചിയും നളിനിചേച്ചിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. മഞ്ചേരിക്ക് അടുത്തുള്ള കാരക്കുന്ന് എന്ന സ്ഥലത്തായിരുന്നു അവളുടെ അമ്മവീട്. അവൾ പോയപ്പോൾ എനിക്ക് നാട്ടിൽ കൂട്ടുകാരുമായി ഉണ്ടായിരുന്ന കണ്ണിയറ്റുപോയി. വീടിനു പുറത്തിറങ്ങാൻ കാരണങ്ങളോ മനുഷ്യരോ ഇല്ലാതായി. മണിക്കുട്ടി എന്തിനാ പോയത് എന്ന് ചോദിച്ച് ഞാൻ അമ്മയുടെ പുറകെ നടന്നു.
'വല്ലാത്ത തോയിരക്കേടായല്ലോ ഇത്, നൂറുകൂട്ടം പണിണ്ട് ഇവിടെ. അപ്പഴാ ഓളെ മണിക്കുട്ടി, ഒന്ന് പോ പെണ്ണേ...'
ഞാനും ചിത്രയും മണിക്കുട്ടിയുമായിരുന്നു സ്‌കൂളിന് പുറത്തെ സംഘം. ചിത്ര ഞങ്ങളേക്കാൾ ഒരു ക്ലാസ് താഴെയായിരുന്നു എന്നാണ് ഓർമ്മ. അവളെപ്പോഴും മണിക്കുട്ടിയുടെ കൂടെയുണ്ടാവും. മണിക്കുട്ടിയുടെ സ്വന്തമായതുകൊണ്ട് മാത്രം ഞാൻ അവളെയും അതേ കാരണം കൊണ്ട് അവൾ എന്നെയും പരിഗണിച്ചു. മണിക്കുട്ടി പോയതോടെ ഞങ്ങൾ വെറും പരിചയക്കാർ മാത്രമാവുകയും ചെയ്തു. വഴിയിൽ വച്ച് കാണുമ്പോൾ ചിരിക്കണോ വേണ്ടയോ മിണ്ടണോ വേണ്ടയോ എന്നൊക്കെ ചിന്തിക്കുന്ന വെറും പരിചയക്കാർ. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു വഴികളിൽ ഞങ്ങൾ നടന്നു.
പറമ്പ സ്‌കൂളിലാണ് അഞ്ചു ആറും ക്ലാസുകൾ ഞാൻ പഠിച്ചത്. പരിപൂർണ്ണ ഒറ്റകുട്ടി. ക്ലാസിൽ ചില കൂട്ടുകാർ ഇല്ലെന്നല്ല, പക്ഷേ ആരും മണിക്കുട്ടിക്ക് പകരമായില്ല. ആ പാഠവും ആദ്യം പഠിച്ചത് അന്നായിരിക്കണം. ആരും ആർക്കും പകരമാവില്ല, ഇറങ്ങിപ്പോയവർ കയ്യേറിയിരുന്ന ഇടം അതേപടി ഒഴിഞ്ഞു കിടക്കും, മറ്റാര് വന്നാലും പോയാലും.
ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം ക്ലാസുകാർക്ക് രാവിലെ എട്ടര മുതൽ പന്ത്രണ്ടര വരെയാണ് ക്ലാസ്. മൂന്നോ നാലോ റബ്ബർ തോട്ടവും ഒരു പാടവും താണ്ടി മുക്കാൽ മണിക്കൂറോളം നടന്നു വേണം സ്‌കൂളിലെത്താൻ. അടുത്തുള്ള വീടുകളിൽ കുട്ടികൾ എല്ലാവരും ചേർന്നാണ് നടപ്പ്. പതുക്കെ എന്നെ അവരുടെ കൂട്ടത്തിൽ നിന്ന് പുറത്താക്കി. കാരണം അറിയില്ല. ഒന്നുകിൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് അവർ പോകും, അല്ലെങ്കിൽ ഞങ്ങളെ കാത്തു നിൽക്കണ്ട പൊയ്‌ക്കോ എന്ന് നിർദയം അവഗണിക്കും. അങ്ങനെ ഒറ്റയ്ക്ക് നടന്ന് സ്‌കൂളിൽ പോയി തുടങ്ങി. കുളത്തിലെ മീനിനെ നോക്കിനിന്നും പേരറിയാപൂക്കളുടെ ചന്തം കണ്ടും അറിയാത്ത വഴികളിലൂടെ വെറുതെ നടന്നുനോക്കിയും കാണുന്ന മനുഷ്യരുടെ ഭംഗി ആസ്വദിച്ചും ഒരു ആലോചനക്കാരി ഒറ്റ ഉച്ചതിരിഞ്ഞ് എപ്പോഴോ വീട്ടിൽ വന്നു കയറി. അമ്മയ്ക്ക് ആധി ഒഴിഞ്ഞ ദിവസം ഇല്ലാതായി.
'സ്‌കൂൾ വിട്ടാ അമ്മടെ കുട്ടി വേഗം വീട്ടിൽക്ക് പോരണം ട്ടോ...'
അമ്മ ദിവസവും പറഞ്ഞു.
'എന്നിട്ടെന്തിനാ, ഇനിക്ക് കളിക്കാൻ ഇവടെ ആരേലും ഇണ്ടോ' എന്ന് ഞാൻ ദിവസവും തിരിച്ചു ചോദിച്ചു. ഇവളെ അടക്കാൻ എന്തുവഴി എന്ന അമ്മയുടെ ചിന്തയിൽ ആയിരിക്കണം വായന എന്ന ആശയം ആദ്യം വന്നത്.
ഒരു ദിവസം സ്‌കൂൾ വിട്ടുവന്നപ്പോൾ അമ്മ പഴയ പാത്രങ്ങൾ പെറുക്കി കൂട്ടുകയാണ്. അധികം പഴക്കമില്ലാത്ത അലുമിനിയം പാത്രങ്ങൾ വലിയ കല്ലുകൊണ്ട് ഇടിച്ചു ചളുക്കുകയും. വക്കുപൊട്ടിയതും കാതുപോയതുമായ പ്ലാസ്റ്റിക് കുടങ്ങളും ബക്കറ്റുകളും ഒരു അരികിൽ കൂട്ടിയിട്ടുണ്ട്. അമ്മമാരുടെ പണികളിൽ ഒന്നും കുട്ടികൾ ഇടപെടാൻ പാടില്ല അന്നും. അതുകൊണ്ട് അടുക്കളയിൽ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിനായി ഞാൻ അകത്തേക്ക് കയറിപ്പോയി. അന്ന് വൈകുന്നേരം അമ്മ എന്നെയും കൂട്ടി പൂക്കോട്ടുംപാടം അങ്ങാടിയുടെ അറ്റത്തുള്ള പഞ്ചായത്ത് ഓഫീസിലേക്ക് പോയി. അതിനോട് ചേർന്ന് അതേ വളപ്പിൽ ചെറിയ കെട്ടിടം ചൂണ്ടി കാണിച്ചു തന്നു.
'പീപ്പിൾസ് ലൈബ്രറി
അമരമ്പലം ഗ്രാമപഞ്ചായത്ത്'
അതിന്റെ മുകളിൽ മഞ്ഞയിൽ കറുത്ത അക്ഷരങ്ങളിൽ എഴുതി വച്ചിരുന്നു.
'വാ....'
അമ്മ എന്റെ കൈ പിടിച്ചു. തടിച്ച ലഡ്ജറിൽ എന്തോ എഴുതിക്കൊണ്ടിരുന്ന ചെറുപ്പക്കാരൻ തലയുയർത്തി നോക്കി.
'ഇവൾക്ക് ഒരു മെമ്പർഷിപ്പ് വേണം.'
അമ്മ എന്നെ മുൻപിലേക്ക് പിടിച്ചു നിർത്തി. ആ ചെറുപ്പക്കാരൻ ചിരിച്ചു .
'അതിനെന്താ, ഈ ഫോം ഒന്ന് പൂരിപ്പിച്ചു തരൂ..'
ഫോമും പൂരിപ്പിക്കാൻ കയ്യിലിരുന്ന പേനയും അമ്മയ്ക്ക് നീട്ടിക്കൊണ്ട് അയാൾ എന്നെ നോക്കി.
'മോൾക്ക് ഏതു പുസ്തകാ വേണ്ടത്...?'
പായമ്പാടം സ്‌കൂളിലെ അറബി ടീച്ചർ ഞങ്ങൾക്ക് തരാതെ സൂക്ഷിച്ചു വച്ചിരുന്ന അസംഖ്യം കഥാപുസ്തകങ്ങളുടെ ഓർമ്മയിൽ എനിക്ക് ദേഹം വിറച്ചു.
'കണ്ണൻകാക്കയുടെ കൗശലങ്ങൾ,' അധികമാലോചിക്കാതെ മറുപടി പറഞ്ഞു.
അയാൾ എഴുന്നേറ്റു, ബാലസാഹിത്യം എന്ന് പേപ്പറിൽ എഴുതി ഒട്ടിച്ചിരുന്ന അലമാരയിൽനിന്ന് അധികം തിരയാതെ ആ പുസ്തകം എടുത്ത് കയ്യിൽ വച്ചു തന്നു.
'വായിച്ചു തീർന്നാ കൊണ്ടുവരണം, എന്നിട്ട് വേറെ പുസ്തകം തരാം...'
അയാൾ എന്റെ കവിളിൽ തട്ടി.
അതായിരുന്നു തുടക്കം. ഉച്ചയ്ക്ക് വേഗം വീട്ടിലെത്താൻ എനിക്ക് കാരണമുണ്ടായി. വന്നയുടൻ ഉടുപ്പ് മാറി കറയുള്ള പെറ്റിക്കോട്ടെടുത്തിട്ട് തൊടിയിലെ മുളങ്കാടിനരികിൽ ഞാൻ കണ്ടുപിടിച്ച ചെറിയ തണലിലേക്ക് പുസ്തകവുമായി ചേക്കേറി. നേരം ഇരുട്ടായി, കുടുമ്മത്ത് കേറിക്കോ എന്ന് അമ്മയോ അമ്മമ്മയോ വിളിക്കുമ്പോൾ മാത്രം ഉടുപ്പിൽ പറ്റിയ മുളയിലകൾ പെറുക്കി കളഞ്ഞ്, കാലിൽ മുള്ളുകുത്താതെ പുസ്തകം നെഞ്ചത്തമർത്തിപ്പിടിച്ച് ഉമ്മറത്തേക്ക് കയറി. അമ്മമ്മ കൊളുത്തി വച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ പിന്നെയും പടിഞ്ഞിരുന്നു വായിച്ചു. വിളമ്പിവെച്ച അന്നത്തിനെ മാനിക്കണം എന്ന് അമ്മയുടെ താക്കീത് വരുമ്പോൾ മാത്രം ഇടംകൈയിലെ പുസ്തകം താഴെ വച്ചു. മതി, നാളെ പരീക്ഷയല്ലേ ഇങ്ങനെ ഉറക്കം കളയാൻ എന്ന് അമ്മ രാത്രി മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി.
അങ്ങനെ മണിക്കുട്ടിക്ക് ശേഷം ആ വായനശാലയും അവിടുത്തെ ലൈബ്രേറിയനും ഒരു ഒറ്റ കുട്ടിക്ക് അഭയമായി. അതേ ലൈബ്രറിയാണ് പിൽക്കാലത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയത്തിന് പശ്ചാത്തലമായത്! അവിടെ വച്ചാണ് പ്രവീണാ നാരായണൻ കുറച്ചു കാലത്തേക്കെങ്കിലും 'വീണക്കുട്ടി'യായത്! ആ പ്രണയത്തിന്റെ ഓർമ്മയിലേക്ക് എത്താൻ അവൾക്ക് ഇനിയും രണ്ടുമൂന്നു വയസ്സ് മുതിർച്ച വരണം. അവൾ എട്ടാം ക്ലാസിൽ എത്തണം!
(തുടരും )
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 27 Mar 2026, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented