മാര്‍ക്കേസിന്റെ കൃതികളിലൂടെയാണ് മലയാളികള്‍ മഹാനദിയായ മഗ്ദലേനയെ പരിചയപ്പെടുന്നത്. കൊളംബിയന്‍ തീരങ്ങളെ നനച്ചൊഴുകുന്ന മഹാപ്രവാഹം മാര്‍ക്കേസിന്റെ കഥകളില്‍ പ്രണയത്തിന്റെയും പതനത്തിന്റെയും ഒഴുക്കായി. അതേ പ്രവാഹത്തിലൂടെ ഫെര്‍മിന ഡാസയും ഫ്‌ളോറന്റിനോ അരീസയും ജീവിതത്തിന്റെ അവസാന ഋതുസന്ധിയില്‍ പ്രണയത്തെ വീണ്ടെടുത്തു-നോവല്‍: 'ലവ് ഇന്‍ ദ ടൈം ഓഫ് കോളറ'. അതേ നദിയിലൂടെ പലായനം ചെയ്യുന്ന, ഒരിക്കല്‍ പ്രതാപവാനായിരുന്ന ജനറല്‍ സിമോണ്‍ ബൊളിവറിനെയും ലോകസാഹിത്യം കണ്ടറിഞ്ഞു- നോവല്‍: 'ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത്.' 

മായക്കാഴ്ചകളുടെയും മാന്ത്രിക യാഥാര്‍ഥ്യത്തിന്റെയും വിരുന്നൊരുക്കിയ വിഖ്യാതകൃതികളുടെ വിശ്രുതശില്പി വിട പറഞ്ഞ പത്താം വര്‍ഷത്തിലാണ്  അദ്ദേഹത്തിന്റെ അവസാന നോവല്‍ പുറത്തിറങ്ങിയത്. പേര്- 'അണ്‍ടില്‍ ഓഗസ്റ്റ്.' 

placeholder
ഭാര്യ മെഴ്‌സിഡസിനൊപ്പം ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്‌

കൈയിലൊതുങ്ങുന്ന മൊബൈല്‍ ഫോണിനോളം മാത്രം വലിപ്പമുള്ള പുസ്തകം. മാര്‍ക്കേസിന് അത്രയൊന്നും പരിചിതമല്ലാത്ത ദൃശ്യങ്ങള്‍ കൈയടക്കിയ പുതുയുഗത്തില്‍ ഒരു റീല്‍ കണ്ടു തീര്‍ക്കാനെടുക്കുന്ന വേഗത്തില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്നത്രയും മാത്രം വരികള്‍ അടുക്കിയ താളുകള്‍. മഞ്ഞപ്പൂമ്പാറ്റകളെയും പഴുത്ത പേരക്കകളെയും ലോകസാഹിത്യത്തിലെ സുന്ദര ബിംബങ്ങളാക്കിയ സ്രഷ്ടാവ് 'അണ്‍ടില്‍ ഓഗസ്റ്റി'ലൂടെ മരണാന്തരം വായനക്കാരിലേക്കെത്തുന്നത് ഇങ്ങനെയാണ്. 

ഓഗസ്റ്റ്16, വെള്ളിയാഴ്ച മൂന്നു മണിക്ക് കടത്തുബോട്ടില്‍ അവള്‍ ദ്വീപില്‍ തിരിച്ചെത്തി എന്ന വരിയിലൂടെയാണ് മാര്‍ക്കേസ് കഥ പറഞ്ഞുതുടങ്ങുന്നത്. തീരദേശവര്‍ണനകളിലൂടെയും ദ്വീപിലെത്തിയ സ്ത്രീയുടെ വസ്ത്ര വര്‍ണനകളിലൂടെയും കഥ പതിയെ മുന്നോട്ടുനീങ്ങുന്നു. ആറാം പേജില്‍ മാര്‍ക്കേസിന്റെ വരികള്‍ നൃത്തം ചെയ്തു തുടങ്ങുന്നത് ആ പേരോടു കൂടിയാണ്. അന്ന മഗ്ദലേന ബാഹ്‌. പ്രണയത്തെയും പതനത്തെയും വഹിച്ച മഹാനദിയെ മാര്‍ക്കേസ് തന്റെ മരണാനന്തര കൃതിയില്‍ ഒരു സ്ത്രീയുടെ പേരില്‍ തളച്ചിടുകയാണ്. ആ പേരിലൂടെ കഥ ചലനനിബദ്ധമാകുന്നു. ഗായികയും സംഗീതജ്ഞനായ യൊഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ ജീവിതപങ്കാളിയുമായ അന്ന മഗ്ദലേന ബാഹിന്റെ പേരാണ് മാര്‍ക്കേസ് തന്റെ അവസാന നോവലിലെ കഥാപാത്രത്തിന് നല്‍കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ മരണവും രതിയും സംഗീതവും ജലയാനങ്ങളും ലഗൂണുകളും ഹെറോണ്‍ പക്ഷികളും നിറയുന്ന നോവലില്‍ മഗ്ദലേന എന്ന നാമം മഹാനദിയെയല്ലാതെ മറ്റൊന്നിനെയും ഓര്‍മിപ്പിച്ചേക്കില്ല. താളുകള്‍ മറിക്കുമ്പോള്‍ തിരുജഡയില്‍ ഗംഗയെ ഒളിപ്പിച്ച സംഹാരദൈവത്തെപ്പോലെ സര്‍ഗാത്മകതയിലേക്ക് ഒരു മഹാനദിയെ ഗാബോ പ്രവഹിപ്പിക്കുന്നത് അറിയാനാകും. 

നാല്പതുകളുടെ നടുവില്‍ ധാര്‍മികതയുടെ ചട്ടക്കൂടിനുള്ളില്‍ പതിവുമട്ടില്‍ ജീവിതം തുടരുന്ന കുലീനയും സാധാരണക്കാരിയുമാണ് അന്ന മഗ്ദലേന. വിവാഹം വരേയ്ക്കും കന്യകയായിരുന്നവള്‍. വിവാഹത്തിന്റെ ഇരുപത്തേഴു വര്‍ഷങ്ങളിലും ഭര്‍ത്താവിനപ്പുറം ഒരിണയെ കണ്ടെത്തിയിട്ടില്ലാത്തവള്‍. കൈവഴികള്‍ ഇല്ലാത്ത നദിപോലെയുള്ള മഗ്ദലേനയുടെ ജീവിതത്തിലേക്കാണ് മാര്‍ക്കേസ് കഥ പറഞ്ഞുകടക്കുന്നത്. മരിച്ചുപോയ അമ്മയുടെ കല്ലറയില്‍ ഒരു പിടി ഗ്ലാഡിയോല പൂക്കള്‍ അര്‍പ്പിക്കാനും അവിടെ ഇത്തിരി നേരം ഇരിക്കാനും മാത്രമായി കടത്തുബോട്ടില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 16-ന് അന്ന മഗ്ദലേന ആ ദ്വീപിലെത്തും. ആ യാത്ര അവര്‍ക്ക് പതിവുള്ളതാണ്. മരിച്ചവരുടെ ലോകത്തേക്കുള്ള പാലം പോലെ അവര്‍ക്കും ദ്വീപിനും ഇടയില്‍ കടല്‍ മാത്രം കടന്നുവരുന്ന യാത്ര. അമ്മയുറങ്ങുന്ന ദ്വീപില്‍ മഗ്ദലേന അപരിചിത തീര്‍ഥാടകയാണ്. പാവങ്ങളുടെ സെമിത്തേരിയില്‍ പല ഋതുക്കള്‍ പൊഴിച്ചിട്ട ഇലപ്പുടവകള്‍ക്കടിയില്‍ നിന്ന് വേദനിപ്പിക്കുന്നൊരു നിസംഗതയോടെ അമ്മയുടെ പേര് കണ്ടെടുത്ത് പിറ്റേന്നു രാവിലെ മടങ്ങുന്നതാണ് അവരുടെ പതിവ്. 

പക്ഷേ, ആ വരണ്ട ഓഗസ്റ്റ് രാത്രി അവരുടെ പതിവുകളെ തെറ്റിച്ചു. വിയര്‍പ്പില്‍ കുളിച്ചുറങ്ങാനൊരുമ്പെട്ട അതേ രാത്രിയില്‍ ലഗൂണില്‍ നിന്നുള്ള നീല വെളിച്ചം നിറഞ്ഞ ഹോട്ടല്‍ മുറിക്കുള്ളില്‍ അന്ന മഗ്ദലേന അന്നോളമുള്ള തന്റെ ജീവിതത്തിലെ ആദ്യസാഹസിക ആനന്ദത്തിന് ഒരുമ്പെടുന്നു. പെരുമഴപ്പെയ്ത്തില്‍ നിറഞ്ഞൊഴുകുന്ന അനേകം കൈവഴികളുള്ള മഹാപ്രവാഹമായി കഥയില്‍ മഗ്ദലേന മാറുന്നത് ആ രാത്രി മുതലാണ്. ഹെറോണ്‍ പക്ഷികളെ കണ്ടുണരുന്ന അടുത്ത പുലരിയില്‍ മുറിയില്‍ കലര്‍ന്ന ലാവണ്ടര്‍ ഗന്ധമുള്ള വിഷാദം അന്ന മഗ്ദലേനയെ ചൂഴ്ന്നു. കഴിഞ്ഞുപോയ രാത്രി ഒരിക്കലും കൊഴിയാത്തൊരു രഹസ്യത്തെ അവളില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇരുട്ടും വെളിച്ചവുമെന്നപോല്‍ ഒരേസമയം ആത്മനിന്ദയും ആനന്ദാതിരേകവും അവള്‍ അറിയുന്നു. അതേ രഹസ്യവും ആ സാഹസികതയുടെ ഓര്‍മകളും അവളില്‍ ആസക്തിയുടെ ഇന്ധനം നിറയ്ക്കുന്നു. 

placeholder
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്‌

കല്ലറയിലേക്കുള്ള അന്ന മഗ്ദലേനയുടെ പില്‍ക്കാല യാത്രകള്‍ സംഭവബഹുലമാണ്. കാറ്റില്‍ ദുര്‍ബലമായൊരു ചില്ലയെന്നപോലെ അന്ന മഗ്ദലേന. എക്കലും ചുമന്നൊഴുകുന്ന നദിയായി ആസക്തികള്‍ അവരെ പരുവപ്പെടുത്തുന്നു. ശവകുടീരത്തിലേക്കുള്ള യാത്രകളില്‍ സാഹസിക രതിക്കൊരുമ്പെടുമ്പോഴൊക്കെയും പല കൈവഴികളായൊഴുകുന്ന മഹാനദി മഗ്ദലേനയെ ഓര്‍മപ്പെടുത്തുന്നു അവര്‍. 

സ്മൃതിനഷ്ടത്തിന്റെ വക്കിലിരുന്നാണ് മാര്‍ക്കേസ് 'അണ്‍ടില്‍ ഓഗസ്റ്റ്' എഴുതിത്തീര്‍ത്തത്. ഓര്‍മകള്‍ പൂര്‍ണമായും കെട്ടടങ്ങും മുമ്പ് മക്കളോടായി അദ്ദേഹം ഇത്രമാത്രം പറഞ്ഞു... ഒരിക്കലും പ്രസിദ്ധീകരിക്കരുത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം അതേ കൃതി ലോകമെമ്പാടും വിറ്റഴിക്കപ്പെടുമ്പോള്‍ ലംഘിക്കപ്പെട്ടത് മാര്‍ക്കേസിന്റെ തീരുമാനവും മക്കളുടെ വാഗ്ദാനവുമാണ്. കഥയില്‍ നിന്ന് കുതറിയ ഓര്‍മകള്‍ സര്‍വവും കവര്‍ന്നെടുത്തപ്പോഴും മാര്‍ക്കേസ് മഗ്ദലേനയെ മറന്നിട്ടുണ്ടാവില്ല. തന്റെ മഹാരചനകളിലെ മായികബിംബത്തിന്റെ പേരില്‍ അവസാന കഥാപാത്രത്തെ അടയാളപ്പെടുത്തിയത് അതുകൊണ്ടാകാം.

കഥയുടെ ഒടുവില്‍ മാന്ത്രികയാഥാര്‍ഥ്യത്തെ ജീവിതവുമായി ബന്ധിപ്പിക്കുന്നുണ്ട് ഗാബോ. രതി വിരതികള്‍ക്കൊടുവില്‍ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളെ ഒരു ചാക്കില്‍ കുത്തിനിറച്ച് അന്ന മഗ്ദലേന ദ്വീപില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ കല്ലറയില്‍ നിന്ന് ഒരു പുസ്തകമായി മാര്‍ക്കേസ് ഉയിര്‍ത്തതുപോലെ ചിലര്‍ക്കെങ്കിലും തോന്നാതിരിക്കില്ല. ആ തോന്നലിന് ലോകസാഹിത്യം നല്‍കിയ വിളിപ്പേര് മാജിക്കല്‍ റിയലിസം എന്നുതന്നെ.

placeholder
മാര്‍ക്കേസ്‌

ജീവസ്സുറ്റ കഥാപാത്രങ്ങളെ, ഓര്‍മയുടെ ദയാരഹിതമായ പിന്‍വാങ്ങലിന് വഴങ്ങാത്ത ഇതിവൃത്തങ്ങളെ ലോകസാഹിത്യത്തിന് സമ്മാനിച്ച എഴുത്തുകാരന്റെ ഇന്നോളമുള്ള രചനകളില്‍ ഏറ്റവും ഹ്രസ്വമായതാകാം ഒരുപക്ഷേ, 'അണ്‍ടില്‍ ഓഗസ്റ്റ്.' ഒരൊറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന പുസ്തകത്തിന്റെ ആദ്യതാളില്‍ വിവര്‍ത്തകയുടെ പേരുണ്ട്. ഇംഗ്ലീഷിലെ തന്റെ ശബ്ദമെന്ന് മാര്‍ക്കേസ് വിശേഷിപ്പിച്ച എഡിത്ത് ഗ്രോസ്മാനെ അവിടെ കാണാനാവില്ല. ലോകഭാഷയ്ക്ക് മഹത്തായ വിവര്‍ത്തനങ്ങള്‍ സമ്മാനിച്ച എഡിത്ത് ഗ്രോസ്മാനും വിടപറഞ്ഞ ശേഷമാണ് അണ്‍ടില്‍ ഓഗസ്റ്റ് വായനക്കാരിലേക്ക് എത്തിയിരിക്കുന്നത്. ആന്‍ മക്‌ലീന്‍ ആണ് വിവര്‍ത്തക.

എഴുത്തുകാരനും അദ്ദേഹത്തിന് പ്രിയങ്കരിയായ വിവര്‍ത്തകയും ഇല്ലാത്ത ഭൂമിയില്‍ മരണാനന്തരം വെളിച്ചംകണ്ട പുസ്തകത്തില്‍ മഗ്ദലേന മാത്രം മാറ്റമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. താഴ്‌വരകളും മഹാഗര്‍ത്തങ്ങളും താണ്ടി കരീബിയന്‍ കടല്‍ തേടിയൊഴുകുന്ന മഹാപ്രവാഹം പോലെ മഗ്ദലേന ഉര്‍സുലയ്ക്കും ഫെര്‍മിനയ്ക്കും പിന്നാലെ ലോകസാഹിത്യത്തില്‍ നിറയുന്നു. 'അണ്‍ടില്‍ ഓഗസ്റ്റ്' ആനന്ദത്തിന്റെയും അതിന്റെ വേരായ വിഷാദത്തിന്റെയും പുസ്തകമാണ്. കഥാന്ത്യത്തില്‍ പോക്കുവെയില്‍ വീണ കടലിനെ സ്വര്‍ണമരീചികയെന്ന് വിശേഷിപ്പിക്കുന്നു മാര്‍ക്കേസ്. 'അണ്‍ടില്‍ ഓഗസ്റ്റ്' ഒരു മരീചികയാണ്... അക്ഷരോന്മാദത്തിന്റെ സുവര്‍ണ മരീചിക.