1980-കളിലും 90-കളിലും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് ഷാഫി ഇനാംദാർ. വില്ലനായും പോലീസ് ഇൻസ്‌പെക്ടറായും അദ്ദേഹം തിളങ്ങി. ഖത്രോം കി ഖിലാഡി, സദാ സുഹാഗൻ, ലവ് 86, ആജ് കി ആവാസ്, ക്രാന്തിവീർ എന്നിവയാണ് പ്രധാനസിനിമകൾ.

ചെറുപ്പംമുതലേ നാടകങ്ങളോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. അങ്ങനെ നാടകനടനും സംവിധായകനുമായിട്ടാണ് തുടക്കം. 30-ലേറെ ഏകാംഗനാടകങ്ങൾ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി ഭാഷകളിലായി അദ്ദേഹം സംവിധാനം നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തു. 1982-ൽ സ്വന്തമായൊരു നാടകക്കമ്പനി തുടങ്ങി.

എന്നാൽ, ഇതിനൊക്കെ അപ്പുറം അദ്ദേഹത്തെ താരമായി വളർത്തിയത് ടിവി സിറ്റ്‌കോമാണ്. 'യേ ജോ ഹെ സിന്ദഗി' എന്ന ആ സിറ്റ്‌കോമാണ് ഷാഫിയെ താരമാക്കിയത്.

അഭിനയത്തിനൊപ്പം തന്നെ ചിലപ്പോൾ അതിനേക്കാളേറെ അദ്ദേഹത്തിന് പ്രിയപ്പെട്ട മറ്റൊന്നുണ്ടായിരുന്നു, ക്രിക്കറ്റ്. അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെല്ലാം അറിയുകയും ചെയ്യാം. എത്ര തിരക്കിലാണെങ്കിലും ക്രിക്കറ്റ് മത്സരങ്ങളൊന്നുപോലും കാണാതിരിക്കില്ല. സെറ്റിലാണെങ്കിലും അല്ലെങ്കിലും സ്‌കോറുകൾ ആരോടെങ്കിലും ചോദിച്ചുകൊണ്ടേയിരിക്കും. 'സ്‌കോർ എത്രയായി?' എന്ന് അദ്ദേഹം ഇടയ്ക്കിടെ സെറ്റിലുള്ളവരോട് ചോദിക്കും. ടേക്കുകൾക്കിടയിൽ ബ്രേക്ക് കിട്ടുമ്പോഴെല്ലാം ടിവിയുടെ മുന്നിലേക്കോടും. ആ ക്രിക്കറ്റ് പ്രേമം തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് സുഹൃത്തുക്കൾ പറയും.

1996 മാർച്ച് 13-ന് ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ശ്രീലങ്ക സെമിഫൈനൽ മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ മത്സരം. ഈഡൻ ഗാർഡൻസിൽ നടന്ന ആ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. 251 റൺസാണ് ശ്രീലങ്ക അടിച്ചെടുത്തത്. അതിനെ പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിങ് ഓർഡർ, അമ്പേ തകർന്നു. സച്ചിൻ പുറത്തായതോടെ ബാക്കിയുള്ളവരും തുടരെത്തുടരെ ഔട്ടാവാൻ തുടങ്ങി. രോഷാകുലരായ കാണികൾ ഗ്രൗണ്ടിലേക്ക് പഴങ്ങളും പ്ലാസ്റ്റിക് കുപ്പികളും എറിയാൻ തുടങ്ങി. മത്സരം പാതിയിൽ നിർത്തിവെച്ചു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

പല ക്രിക്കറ്റ് പ്രേമികളെയും ഈ പരാജയം തകർത്തു. അതിലൊരാളായി ഷാഫി ഇനാംദാറും. ഇന്ത്യ തോൽക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ആസ്പത്രിയിലെത്തിച്ചെങ്കിലും അന്ന് വൈകുന്നേരം തന്നെ മരിച്ചു. 'ക്രിക്കറ്റ് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് ആയിരുന്നു' എന്നാണ് അടുത്തൊരു സുഹൃത്ത് പറഞ്ഞത്.

'തേരി ഭീ ചുപ് മേരി ഭീ ചുപ്' എന്ന കോമഡി ഷോയിലും മറ്റൊരു സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. ഷാഫി മരിച്ചതോടെ കോമഡി ഷോ നിർത്തിവെച്ചു. സിനിമയിൽ ഷാഫിക്ക് പകരമായി സതീഷ് ഷാ എത്തുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi