ഹിന്ദി ബിഗ് ബോസിലെ അവതാരകനായ സൽമാൻ ഖാൻ വീക്കെൻഡിൽ ട്രോളുകൾക്ക് മറുപടി കൊടുക്കാനുള്ള മൂഡിലായിരുന്നു. തന്റെ ശരീരമാറ്റത്തെക്കുറിച്ച് കമന്റ് ചെയ്തവരുടെ വായ അടപ്പിക്കാൻ വേണ്ടി പരിപാടിയിൽ ഷർട്ട് ഊരിമാറ്റിയ അദ്ദേഹം, തന്റെ ദീർഘകാല സുഹൃത്തും സഹതാരവുമായ കത്രീന കൈഫിനെ പിന്തുണച്ചും രംഗത്തെത്തി.

To advertise here,

അംബാനി കുടുംബത്തിന്റെ ഗണപതി ആഘോഷങ്ങളിൽ പങ്കെടുത്തതുമുതൽ കത്രീനയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. ആദ്യ കുഞ്ഞിന് ജന്മം നൽകിയശേഷം ശരീരഭാരം വർധനിച്ചതിന്റെ പേരിലായിരുന്നു ഇത്. ഈ വിഷയത്തിൽ കത്രീനയ്ക്കൊപ്പം നിൽക്കുകയായിരുന്നു സൽമാൻ.

ഈ ആഴ്ച ബിഗ്ബോസ് മത്സരാർത്ഥികൾക്കിടയിൽ ഉണ്ടായ ഒരു പ്രശ്നത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. ടാസ്കിനിടെയുണ്ടായ വഴക്കിന് ശേഷം, യൂട്യൂബറും ഗെയിമറുമായ സ്കൗട്ട് ഒപി, ആരിഷ്ഫ ഖാനെ ഉദ്ദേശിച്ച് തന്റെ കമ്മ്യൂണിറ്റിയോട് “അവളെ തീർത്തു കളയൂ” എന്ന് പറഞ്ഞിരുന്നു. ഈ പരാമർശത്തെ ചോദ്യം ചെയ്തുകൊണ്ട് സൽമാൻ ഖാൻ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെ പണം സമ്പാദിക്കുന്നതിനായി ട്രോളന്മാർ എങ്ങനെയാണ് ആളുകളുടെ രൂപത്തെ ലക്ഷ്യമിടുന്നത് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആരെയെങ്കിലും താഴെയിട്ടാണ് നിങ്ങൾ പണം സമ്പാദിക്കുന്നത്. സെലിബ്രിറ്റികളുടെ ശരീരം, ഭാരം, രൂപം, കുടുംബം, കരിയറിലെ പരാജയങ്ങൾ, മാതൃത്വം പോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ട്രോളന്മാർ ലക്ഷ്യമിടും. ഇവിടെ ഒരാള്‌ സ്വന്തം സംസ്കാരം മാത്രമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗർഭധാരണത്തിന് ശേഷം എല്ലാവരുടെയും ശരീരം വണ്ണം വെയ്ക്കുമെന്ന് പറഞ്ഞ അദ്ദേഹം, കത്രീന സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ വീണ്ടും ഫിറ്റാകുമെന്നും വിശദീകരിച്ചു. കത്രീനയ്ക്ക് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ അനുവാദം നൽകണം. സ്വന്തം മുഖത്ത് ഇത്രയധികം അതൃപ്തിയുണ്ടായിട്ടും മറ്റൊരാളുടെ രൂപത്തെയും ഭാരത്തെയും കുറിച്ച് എന്തിനാണ് കമന്റ് ചെയ്യുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. 

“കിഴവനായി, തീർച്ചയായും 60 വയസ്സായി“ എന്ന് തന്നെപ്പറ്റി അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് എപ്പോഴും മേനേ പ്യാർ കിയാ സിനിമയിലെ നായകനായിരിക്കാൻ കഴിയില്ലല്ലോ, നിങ്ങൾ എന്തിനാണ് ട്രോൾ ചെയ്യുന്നത്? ചില നിർമ്മാതാക്കളോ നടന്മാരോ സെലിബ്രിറ്റികളെ ഓൺലൈനിൽ ലക്ഷ്യമിടാൻ പണം നൽകി ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi