വംശീയത, വിവേചനം, സെനോഫോബിയ തുടങ്ങി സ്വന്തം രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎന്നിൽ ഇന്ത്യ നല്‍കിയ കനത്ത മറുപടി ചര്‍ച്ചയാവുകയാണ്. ഒപ്പം സെനോഫോബിയയും. എന്താണ് സെനോഫോബിയ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ വൈദേശികരോടുള്ള ഇഷ്ടക്കേട്, അല്ലെങ്കില്‍ ഭയം തുടങ്ങിയവയാണത്.

To advertise here,

ശത്രുതയായും ഇഷ്ടക്കേടായും ഒക്കെ ഇത് പ്രകടമാവാം. ഈ പദം ഗ്രീക്കില്‍ നിന്നാണ് വരുന്നത്. അവിടെ 'ഫോബോസ്' എന്നാല്‍ ഭയം എന്നും, 'സെനോസ്' എന്നതിന് അപരിചിതന്‍, വിദേശി, അല്ലെങ്കില്‍ പുറത്തുനിന്നുള്ളയാള്‍ എന്നുമാണ് അര്‍ത്ഥം. ഭയം എന്ന് അര്‍ത്ഥം വരുന്ന 'ഫോബിയ' എന്ന വാക്ക് ഇതില്‍ അടങ്ങിയിട്ടുണ്ടെങ്കിലും, സെനോഫോബിയ ഒരു യഥാര്‍ത്ഥ ഫോബിയയല്ല. ആളുകളുടെ സംസാരശൈലി, രൂപം, അല്ലെങ്കില്‍ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ഊഹങ്ങളെ മാത്രം അടിസ്ഥാനമാക്കി മറ്റുള്ളവരെ അവിശ്വസിക്കുകയോ വെറുക്കുകയോ ചെയ്യുന്നതാണിത്.

ഒരു രോഗത്തില്‍ നിന്നല്ല, വ്യക്തിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും ലോകവീക്ഷണത്തില്‍ നിന്നുമാണ് ഇതുണ്ടാകുന്നത്. സെനോഫോബിയയുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളെയല്ല, മറിച്ച് ആ കാഴ്ചപ്പാടുകളുടെ ഇരകളെയാണ്. 

സെനോഫോബിയ പ്രധാനമായും രണ്ട് തരമുണ്ട്. കുടിയേറ്റ സെനോഫോബിയയും സാംസ്‌കാരിക സെനോഫോബിയയും. കുടിയേറ്റക്കാരായ, അല്ലെങ്കില്‍ കുടിയേറ്റക്കാരെന്ന് കരുതപ്പെടുന്ന ആളുകളോടുള്ള ഇഷ്ടക്കേടോ ഭയമോ ആണ് ആദ്യത്തേത്. 

വ്യത്യസ്ത സംസ്‌കാരങ്ങളോടുള്ള ഇഷ്ടക്കേടോ ശത്രുതയോ ആണ് സാംസ്‌കാരിക സെനോഫോബിയ. മറ്റ് സംസ്‌കാരങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളോ ഭക്ഷണമോ സിനിമകളോ സ്വന്തം സംസ്‌കാരത്തേക്കാള്‍ താഴ്ന്നതാണെന്ന് അനുമാനിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. സെനോഫോബിയ പരോക്ഷമോ പ്രത്യക്ഷമോ ആകാം.

പുറത്തുനിന്നുള്ളവരായി കരുതപ്പെടുന്നവരോട് അവിശ്വാസമോ വെറുപ്പോ പ്രകടിപ്പിക്കുക, ഒരു സംഘത്തിന്റെ ഭക്ഷണം, സംഗീതം തുടങ്ങിയവയെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്നിട്ടും അവരോട് അവിശ്വാസമോ വെറുപ്പോ പ്രകടിപ്പിക്കുക, ഇടപഴകുന്നത് ഒഴിവാക്കുക, പുതിയ തൊഴിലവസരങ്ങളുടെ അഭാവം അല്ലെങ്കില്‍ പണപ്പെരുപ്പം പോലുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തുക തുടങ്ങിയവയൊക്കെ ഇതിന്റെ പരിധിയിൽ വരും. വിദേശികളോട് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പെരുമാറുന്നതും ഇതിന്റെ ഭാഗം തന്നെയാണ്. അരക്ഷിതാവസ്ഥയും മുന്‍വിധികളുമെല്ലാം ഇതിന്റെ കാരണങ്ങളാവാം. ചിലപ്പോള്‍ സ്വന്തം നേട്ടത്തിനായി പലരും മനപൂര്‍വ്വം പോലും വിദേശീയ വിദ്വേഷം പ്രകടിപ്പിക്കാറുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi