മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവമായ വ്യക്തിയാണ് നടൻ ഗോവിന്ദ് നാമദേവ്. 'ഷോല ഔർ ഷബ്നം', 'ഫിർ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി', 'വാണ്ടഡ്', ‘ഓ മൈ ഗോഡ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ 'ദ ലല്ലൻടോപി'നു നൽകിയ അഭിമുഖത്തിൽ, സിനിമ സെറ്റുകളിലെ അസമത്വങ്ങളെക്കുറിച്ചും താരങ്ങൾക്കും മറ്റ് നടന്മാർക്കും ഭക്ഷണം നൽകുന്നതിലെ വ്യത്യാസങ്ങളെക്കുറിച്ചും ഗോവിന്ദ് സംസാരിച്ചു.

മുതിർന്ന നടനെന്ന നിലയിൽ താരങ്ങൾ ഉപദേശം തേടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഈ രംഗത്ത് അങ്ങനെ നടക്കുന്നില്ലെന്ന് ഗോവിന്ദ് പറഞ്ഞു. "മറ്റൊരു നടനിൽ നിന്ന് ഉപദേശം തേടിയാൽ, അവർക്കെന്തോ സംഭവിക്കുമെന്നാണ് താരങ്ങളുടെ വിശ്വാസം. ഇതാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്. ഉപദേശം ചോദിച്ചാൽ, തങ്ങൾ മറ്റൊരാളുടെ താഴെയായിപ്പോവുമെന്നും തങ്ങളുടെ അറിവില്ലായ്മ മറ്റുള്ളവർ അറിയുമെന്നും അവർ കരുതുന്നു. അവർ താരമാണ്, ഉന്നത സ്ഥാനത്താണ്, അതിനാൽ എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് തോന്നുന്നുണ്ടാകില്ല."

താരങ്ങൾ ഉപദേശം തേടുകയാണെങ്കിൽ പോലും, സമാനമായ നിലയിലുള്ള ഒരാളെയായിരിക്കും സമീപിക്കുക, പല താരങ്ങളും തന്നെ ഒരു "ചെറിയ നടനായാണ്" കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെറ്റുകളിലെ അസമത്വത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "വലുതും ചെറുതുമായ താരങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പുണ്ട്. ശമ്പളത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തിൽ ആളുകൾ റാങ്കിങ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഒരാൾക്ക് കൂടുതൽ പ്രതിഫലമുണ്ടെങ്കിൽ, അയാൾക്ക് വലിയ വാനിറ്റി വാൻ ലഭിക്കും. ഫിലിം സെറ്റുകളിൽ ഭക്ഷണത്തിന്റെ കാര്യത്തിലും റാങ്കിങ്ങുണ്ട്. താരങ്ങൾക്ക് വ്യത്യസ്ത ഭക്ഷണം ലഭിക്കുന്നു. മറ്റുള്ളവർക്ക് വേറെയും."

അതേസമയം, ചില താരങ്ങൾ സെറ്റിൽ എല്ലാവരോടും തുല്യതയോടെ പെരുമാറാൻ ശ്രമിക്കാറുണ്ട്. ഓ മൈ ഗോഡ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത്, അക്ഷയ് കുമാറും സംവിധായകനും ചേർന്ന് എല്ലാവരും ഒരേ ഭക്ഷണം കഴിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഗോവിന്ദ് ഓർത്തു. 

1992-ൽ 'ഷോല ഔർ ഷബ്നം' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം പലപ്പോഴും വില്ലൻ വേഷങ്ങളാണ് ചെയ്തത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi