യഷ് നായകനാകുന്ന കന്നഡ ചിത്രമായ 'ടോക്‌സിക്കി'ന്റെ ടീസറിനെതിരെ വലിയ രീതിയിൽ പരാതികൾ  ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, വിവാദമായ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നതെന്നും, അതിനാൽ ഇത് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും സെൻസർ ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കും ട്രെയിലറുകൾക്കും മാത്രമേ സെൻസർ സർട്ടിഫിക്കേഷൻ നിർബന്ധമുള്ളൂ എന്നും അധികൃതർ അറിയിച്ചു.

To advertise here,

ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗമാണ് ടീസറിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്നും സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനെ ബാധിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. കൂടാതെ കന്നഡ സാംസ്‌കാരിക മൂല്യങ്ങളെ ഈ ദൃശ്യങ്ങൾ അവഹേളിക്കുന്നതായും അവർ ആരോപിച്ചു. ടീസർ എത്രയും വേഗം പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

'ടോക്‌സിക്' സിനിമയുമായി ബന്ധപ്പെട്ട ഒരു ഉള്ളടക്കവും ഇതുവരെ സർട്ടിഫിക്കേഷനായി സമർപ്പിക്കപ്പെട്ടിട്ടില്ല. യൂട്യൂബ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്ന പ്രൊമോഷണൽ വീഡിയോകൾ സെൻസർ ബോർഡിന്റെ പരിധിയിൽ വരില്ല എന്നുമാണ് ബോർഡിന്റെ നിലപാട്.

ചുറ്റുപാടുകളിൽ സ്‌ഫോടകവസ്തുക്കൾ കൊണ്ട് നാശം വിതയ്ക്കുന്നതിന് തൊട്ടുമുമ്പ്, ബ്രസീലിയൻ താരം ബിയാട്രിസിന്റെ കഥാപാത്രവും യഷിന്റെ കഥാപാത്രവും ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതാണ് ടീസറിലെ രംഗം. ജനുവരി 8-ന് റിലീസ് ചെയ്ത ടീസറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' 2026-ലെ ഏറ്റവും വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാർച്ച് 19-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi