ഭൂമിയുടെയും സൂര്യന്റെയും ഗതിക്കനുസരിച്ച് മനുഷ്യന്‍ ചിട്ടപ്പെടുത്തിയ സമയക്രമം. ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് സമയത്തിനാണ് എന്ന് പറയാറുണ്ട്. സമയമില്ലാതെയുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. അതറിയണമെങ്കില്‍ ഒരു നോര്‍വീജിയന്‍ ദ്വീപ് വരെ ചെന്നുനോക്കിയാല്‍ മതി. സോമ്മറോയ് എന്ന് പേരുള്ള ഈ ദ്വീപിലാണ് സമയത്തെ ബഹിഷ്‌കരിച്ചുകൊണ്ട് മനുഷ്യര്‍ ജീവിക്കുന്നത്. ലോകത്തിലെ ആദ്യ സമയരഹിത മേഖലയാണിത്. 

To advertise here,

‘പാതിരാസൂര്യന്റെ നാടെ’ന്നാണ് നോര്‍വേ അറിയപ്പെടുന്നത്. അക്ഷരാര്‍ഥത്തിലാണ് ആ പേരുവീണത്. വേനല്‍ക്കാലത്ത് ഏത് പാതിരായ്ക്കും ഇവിടെ സൂര്യനാണ്. ഇരുപത്തിനാല് മണിക്കൂറും സൂര്യന്‍. മെയ് 18 നുദിക്കുന്ന സൂര്യന്‍ പിന്നെ അസ്തമിക്കാതെ തുടരും. ജൂലൈ 26-നാണ് പിന്നെ അസ്തമയം സംഭവിക്കുന്നത്. ഇരുളില്ലാത്ത ഈ 69 ദിവസക്കാലത്തെയാണ് പാതിരാസൂര്യന്‍ എന്ന് വിളിക്കുന്നത്.

വേനല്‍ക്കാലത്ത് സൂര്യന്‍ അസ്തമിക്കുന്നില്ലെങ്കില്‍ ശൈത്യകാലം നേരെ വിപരീതം. നവംബര്‍ പിന്നിട്ടാല്‍ പിന്നെ ഇവിടെ സൂര്യനേയില്ല. ഏതാണ്ട് ജനുവരി അവസാനം വരെ സൂര്യനില്ലാത്ത ഇരുണ്ട ജീവിതം തുടരും. സൂര്യനില്ലാത്ത, കറുത്ത ആകാശത്ത് നോര്‍ത്തേണ്‍ ലൈറ്റുകള്‍ തെളിയും. അറോറ ബോറിയാലിസ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കാണാന്‍ ധാരാളം സന്ദർശകരെത്തും.

350 താമസക്കാരാണ് ഈ ദ്വീപിലുള്ളത്. ടൂറിസം തന്നെയാണ് ഇവരുടെ മുഖ്യവരുമാനം. 2019-ലാണ് ഈ ദ്വീപിലുള്ളവര്‍ ഇനി തങ്ങള്‍ക്ക് സമയം വേണ്ട എന്ന തീരുമാനത്തിലെത്തുന്നത്. ക്ലോക്കുകള്‍ തകര്‍ത്തും വീടിനുമുന്നില്‍ വാച്ചുകള്‍ കെട്ടിത്തൂക്കിയും അവര്‍ സമയമില്ലാത്ത ജീവിതത്തിന് തുടക്കം കുറിച്ചു. മനുഷ്യന്‍ കെട്ടിയുയര്‍ത്തിയ സമയസങ്കല്പങ്ങള്‍ പൊളിച്ച് പ്രകൃതിയുടെ താളത്തിനൊത്ത് ജീവിക്കുകയാണ് ഇപ്പോള്‍ ഇവിടത്തുകാര്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi