മദ്യം, അത് ഏത് തരമായാലും അപകടമാണ്. അതിനൊപ്പം ഹെവി ടെച്ചിങ്‌സ് കൂടിയായാലോ? കൊഴുപ്പുകൂടിയ വറുത്ത ചിക്കനും ബീഫും മദ്യത്തിനൊപ്പം ചേരുമ്പോൾ ശരീരത്തിന് ഇരട്ടിപ്രഹരമാണ് ഏൽക്കുന്നത്.

To advertise here,

ഭക്ഷണത്തിന് മുൻപേ മദ്യപിക്കുന്നതാണ് മലയാളി സ്റ്റൈൽ. ഉള്ളിൽ ചെല്ലുന്ന മദ്യം പിന്നീടാണ് പണി തുടങ്ങുന്നത്. ആൽക്കഹോൾ ഉള്ളിലെത്തുമ്പോൾ വിശപ്പ് വർധിപ്പിക്കുന്ന ഗെലാനിൻ കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. അതോടെ നന്നായി വിശക്കാൻ തുടങ്ങും. എന്തും കഴിക്കാൻ തോന്നും.

മുൻപെല്ലാം മദ്യത്തിനൊപ്പമുള്ള ടച്ചിങ്‌സ് ലളിതമായ വിഭവങ്ങളായിരുന്നു. ഇത്തിരി സവാള അരിഞ്ഞതോ വറുത്ത കടലയോ മാത്രം. നാടൻ കള്ളിന്റെയും മറ്റും കൂടെ മുളകിട്ട മത്തിക്കറിയുണ്ടാകും. കോഴിയിറച്ചി, മുട്ട, കശുവണ്ടി, ചിപ്‌സ് തുടങ്ങിയവ വിശേഷാവസരങ്ങളിൽ മാത്രം ലഭിക്കുന്ന വിഭവങ്ങളായിരുന്നു. ഇന്നതല്ല സ്ഥിതി. ചിക്കനും ബീഫും മട്ടനും പോർക്കുമെല്ലാം മദ്യത്തിന് അകമ്പടിയാണ്. ഒരുശരാശരി മലയാളി നന്നായി മിനുങ്ങിയശേഷം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഏകദേശം 2000 കിലോ കലോറി ഊർജം ലഭിക്കും. അതായത് ഒരു ദിവസത്തേക്ക് വേണ്ട അത്രയും ഊർജം ഒരുനേരത്തേ മദ്യപാനം വഴി അകത്താക്കുന്നു.

ചിയേഴ്‌സിന് മുൻപ്

  •  മദ്യപാനം ഒഴിവാക്കുക എന്നതാണ് പ്രധാനം. അതിന് സാധിക്കുന്നില്ലെങ്കിൽ മിതത്വം പാലിക്കാൻ ശ്രമിക്കണം.
  • മദ്യത്തിനൊപ്പം മത്സ്യം, മാംസം എന്നിവ വറത്തും പൊരിച്ചും കഴിക്കാതിരിക്കുക. ഇവ കറിവെച്ച് കഴിക്കാം.
  • മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചുള്ള ഓംലെറ്റുകൾ, പഴുത്ത തക്കാളി, കൂൺ മുതലായവ പാചകം ചെയ്തുകഴിക്കുന്നത് കൊളസ്‌ട്രോൾ നില ഉയരാതിരിക്കാൻ സഹായിക്കും.
  • മൈദകൊണ്ടുള്ള വിഭവങ്ങൾ മദ്യത്തിനൊപ്പം കഴിക്കരുത്. ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കിയ ചെറിയ വിഭവങ്ങളാണ് നല്ലത്.
  • എണ്ണയിൽ വറുത്തവ, ബേക്കറി, മിക്‌സ്ചർ, ചിപ്‌സ് എന്നിവയ്ക്ക് പകരം നിലക്കടല, പിസ്ത, ബദാം, മുന്തിരി എന്നിവ കഴിക്കാം.
  • മദ്യപിച്ചാൽ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം തടയാൻ ഇത് സഹായിക്കും.
    (മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi