അവധിക്കാലം മൊബൈല്‍ ഗെയിം കളിച്ചോ റീല്‍സ് കണ്ടോ തീര്‍ക്കുമെന്ന് പറയുന്നവരാണ് ഇന്നേറെ. എന്നാല്‍, പഠനഭാരത്തിന്റെ ചുമടുകളില്ലാതെ, പതിവ് ഡിജിറ്റല്‍ലോകത്തിന്റെ വെളിച്ചത്തിലല്ലാതെ പുറംലോകം കാണാന്‍ ഈ അവധിക്കാലത്ത് അവരെ പ്രാപ്തരാക്കിയാലോ? 

To advertise here,

 അവധിക്കാലമെന്നാല്‍ പഠനമെല്ലാം മാറ്റിവെച്ച് വിശ്രമിക്കാനും സന്തോഷിക്കാനുമുള്ള സമയമാണ്. നീന്തലും സൈക്കിള്‍ ചവിട്ടലും തുടങ്ങി പുതിയ പല കാര്യങ്ങളും കുട്ടികള്‍ പഠിക്കുക ഇക്കാലത്താണ്. അച്ഛനും അമ്മയും ജോലിക്ക് പോകുന്ന വീടുകളാണ് ഇന്നേറെയും. അവധിക്കാലമായാല്‍ കുട്ടികള്‍ വീട്ടിലൊറ്റയ്ക്കായിപ്പോകുമോ എന്ന ആശങ്കയാണ് പല മാതാപിതാക്കള്‍ക്കും. അവരെ സുരക്ഷിതമായി ഏല്‍പ്പിക്കാനുള്ള ഇടംകൂടിയാണ് അവധിക്കാലക്യാമ്പുകള്‍. അത് കുട്ടികള്‍ക്ക് കളിക്കാനും സന്തോഷിക്കാനുമുള്ള ഒരു സ്ഥലമാകണമെന്നുമാത്രം. 

''വിഷ്വല്‍, ഓഡിറ്ററി, കൈനെസ്‌തെറ്റിക്ക് എന്നീ മൂന്ന് ഘടകങ്ങള്‍ ഉള്‍ച്ചേരുന്നതാണ് പഠനം എന്ന പ്രക്രിയ. ഓരോ ആളുകളും
 കാര്യങ്ങളെ മനസ്സിലാക്കുക വ്യത്യസ്ത രീതികളിലാണ്. ചിലര്‍ കേട്ട് പഠിക്കുമ്പോള്‍ ചിലര്‍ കണ്ട് പഠിക്കും, ചിലര്‍ തൊട്ടും മണത്തും രുചിച്ചുമാവും പഠിക്കുക. പണ്ടൊക്കെ സ്‌കൂളില്‍ ഓഡിറ്ററി അഥവാ കേള്‍വിയെ അടിസ്ഥാനമാക്കി മാത്രമായിരുന്നു പഠനമെങ്കില്‍ ഇന്ന് മുകളില്‍ പറഞ്ഞ മൂന്നുകാര്യങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയില്‍, മൂന്നു തരം വ്യക്തികളെയും ഉള്‍പ്പെടുത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.'' കുട്ടികള്‍ക്കുള്ള ക്യാമ്പുകളും അത്തരത്തിലുള്ളതാവണമെന്നാണ് ആല സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് എഡ്യൂക്കേഷന്‍ ഡയറക്ടറും നടനുമായ മനു ജോസിന്റെ അഭിപ്രായം. എല്ലാ കുട്ടികളും മിടുക്കരാണ്. എല്ലാക്കുട്ടികളെയും ഉള്‍ക്കൊള്ളുന്നതാവണം ക്യാമ്പുകള്‍. 

placeholder
ബാഡ്മിന്റണ്‍/Shutterstock Images

ഒരു പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ കഴിവുകള്‍ വേണമെന്നാണ് ഡെവലപ്‌മെന്റല്‍ സൈക്കോളജിസ്റ്റായ ഹോവാര്‍ഡ് ഗാര്‍ഡ്‌നെര്‍ പറയുന്നത്. എട്ട് തലങ്ങളിലുള്ള ബുദ്ധിയുടെ പ്രയോഗത്തിലൂടെയാണ് ആളുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. കുട്ടികളുടെ ക്യാമ്പുകള്‍ നടത്തുമ്പോള്‍ ഈ എട്ട്  തലങ്ങളും പ്രയോഗിക്കാനുള്ള അവസരം അവര്‍ക്കുണ്ടാകണം.

 അറുപതുദിവസത്തോളമുണ്ട് അവധിക്കാലം. ഈ സമയത്ത് സ്‌ക്രീന്‍ അഡിക്ഷന് സാധ്യതയേറെയാണ്. ഡിജിറ്റല്‍ ഗാഡ്ജെറ്റുകളില്‍നിന്നുള്ള മോചനം, സ്‌ക്രീന്‍ ടൈം കുറയ്ക്കാം എന്നിങ്ങനെ പല സാധ്യതകളും ക്യാമ്പുകള്‍കൊണ്ടുണ്ട്. 

  • അവധിക്കാലമായാല്‍ ഉറങ്ങുന്ന സമയവും ഭക്ഷണസമയവും കളിക്കുന്ന നേരവുമെല്ലാം തെറ്റും. ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് ഇതും വലിയ തലവേദനയാകും. ക്യാമ്പുകള്‍പോലുള്ളവ ഈ ദിനചര്യകള്‍ പഴയപോലെ തുടരാന്‍ സഹായിക്കും. മാത്രമല്ല, വീണ്ടും രണ്ടുമാസം കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഈ ദിനചര്യകള്‍ തുടങ്ങിയെടുക്കാനുള്ള ബുദ്ധിമുട്ടുമൊഴിവാകും.
  • ലൈഫ് സ്‌കില്ലുകളും സോഷ്യല്‍ സ്‌കില്ലുകളും വളര്‍ത്താന്‍ അവധിക്കാലക്യാമ്പുകള്‍ സഹായിക്കും. സ്റ്റേ ചെയ്ത് പങ്കെടുക്കുന്ന ക്യാമ്പുകള്‍ കുട്ടികളെ കൂടുതല്‍ സ്വയംപര്യാപ്തരാക്കും. വീട്ടില്‍നിന്ന് മാറിനില്‍ക്കാനും അച്ഛനമ്മമാരുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമൊക്കെ അവര്‍ പഠിക്കും. ഇമോഷണല്‍ മാനേജ്മെന്റ്‌പോലുള്ളവ കുട്ടികള്‍ക്ക് ഇക്കാലത്ത് പഠിക്കാനാകും.
  • പല പ്രായക്കാരുമായുള്ള ഇടപെടലുകള്‍ക്ക് സാധ്യതയൊരുങ്ങുന്ന ഇടമാണ് ക്യാമ്പുകള്‍. കുട്ടികളുടെ വ്യക്തിത്വവികസനത്തിന് ഏറെ സഹായകമാണിവ.
  • ഓണ്‍ലൈന്‍ ക്യാമ്പുകള്‍, ക്ലാസുകള്‍ എന്നിവയൊഴിവാക്കാം. പകരം കായികമായും മാനസികമായും അവര്‍ പുറംലോകത്തേക്കിറങ്ങട്ടെ. ഈ രണ്ടുമാസം പഠനം പൂര്‍ണമായുമൊഴിവാക്കി കുട്ടികളുടെ മറ്റ് കഴിവുകള്‍ വളര്‍ത്താനുള്ള സമയമാക്കിമാറ്റാം.
  • കുട്ടികളുടെ താത്പര്യംകൂടി പരിഗണിക്കണം. സ്പോര്‍ട്സ്, ആര്‍ട്സ്, സോഷ്യല്‍ ആക്ടിവിറ്റീസ് എന്നിങ്ങനെ ഏതിലാണോ കുട്ടിക്ക് താത്പര്യം അവിടെ അയക്കുന്നതാണ് നല്ലത്.
  • നിര്‍ബന്ധിച്ചോ വഴക്കുപറഞ്ഞോ ക്യാമ്പിലേക്ക് പറഞ്ഞയക്കരുത്. അവര്‍ക്ക് സന്തോഷിക്കാനുള്ള ഇടമാണ് ക്യാമ്പുകള്‍. കൂടെയുള്ള കുട്ടികളുമായോ ഉത്തരവാദിത്വപ്പെട്ടവരുമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ, അസൗകര്യങ്ങള്‍ നേരിടുകയോ ചെയ്താല്‍ കണ്ടില്ലെന്ന് നടിക്കാതെ അവ പരിഹരിക്കണം. കുട്ടി തുടര്‍ന്ന് ക്യാമ്പിലേക്ക് പോകാന്‍ താത്പര്യം കാണിക്കാതിരുന്നാല്‍ നിര്‍ബന്ധിച്ചയക്കരുത്.
  • ക്യാമ്പുകള്‍ സുരക്ഷിതമാണോ അംഗീകൃതമാണോ എന്നെല്ലാം ഉറപ്പാക്കണം. ഭക്ഷണം, വെള്ളം, താമസം എന്നിവയെല്ലാം വൃത്തിയുള്ളതും ആരോഗ്യകരമായതുമാണെന്നും ഉറപ്പാക്കണം. ഓരോ ദിവസവും വൈകുന്നേരം കുട്ടിയോട് ക്യാമ്പിലെ വിശേഷങ്ങള്‍ തിരക്കണം. അവര്‍ പറയുന്ന ഓരോ ചെറിയ കാര്യത്തിനും ചെവികൊടുക്കാം. അവിടെ പഠിച്ച പാട്ടോ ഡാന്‍സോ അവരത്ര ഇഷ്ടത്തോടെ നമുക്ക് മുന്നിലവതരിപ്പിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാം.
  • അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നിങ്ങളുടെ തിരക്കില്‍ കുട്ടികളെ ഒഴിവാക്കാനുള്ള ഇടമല്ലെന്നതുകൂടി ഓര്‍മ്മയിലുണ്ടാകണമെന്നുമാത്രം.
  • ചൂട് കൂടുതലായതിനാല്‍ പുറത്തൊന്നുമിറങ്ങാതെ ടിവിക്കും മൊബൈലിനും മുന്നില്‍ കുട്ടികള്‍ ചടഞ്ഞുകൂടാന്‍ ശ്രമിക്കുന്ന സമയംകൂടിയാണ്. മാത്രമല്ല, മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ കുട്ടികളെ സുരക്ഷിതമായി പുറത്തേക്ക് ഒറ്റയ്ക്ക് വിടാനുമാകില്ല. പണ്ടത്തെപ്പോലെ ബന്ധുവീടുകളോ കളിസ്ഥലങ്ങളോ പല കുട്ടികള്‍ക്കുമില്ല. ഈ സമയത്ത് ഇവരുടെ ആരോഗ്യം ഏറെ ശ്രദ്ധിക്കണം.
  • ജങ്ക് ഫുഡുകളുടെ അമിതോപയോഗം ഇക്കാലത്തുണ്ടാകാം. കുട്ടികള്‍ പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കുന്നതെന്നുറപ്പാക്കണം. വറുത്ത പലഹാരങ്ങള്‍ക്ക് പകരം ജ്യൂസുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഇടയ്ക്കിടെ കഴിക്കാനായി ഒരുക്കിവയ്ക്കാം. അവര്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്നുറപ്പാക്കാം.
    placeholder
    സൈക്ലിംഗ്/Shutterstock Images
  • എപ്പോഴും ഫോണിലോ ടിവിയിലോ നോക്കിയിരിക്കുന്നതിന് പകരം വായനയോ ക്രാഫ്റ്റ് വര്‍ക്കുകളോ ചിത്രരചനയോ പോലുള്ളവയൊക്കെ ചെയ്യാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം.
  • കുട്ടികളില്‍ നാല്പതുശതമാനത്തോളംപേര്‍ അമിതവണ്ണമുള്ളവരാണെന്നാണ് പഠനങ്ങള്‍. പല കുട്ടികള്‍ക്കും അവരുടെ വളര്‍ച്ചയ്ക്കാനുപാതികമായി വേണ്ടതിനെക്കാള്‍ മുപ്പതുശതമാനം ഭാരം കൂടുതലുണ്ട്. അതിനാല്‍ത്തന്നെ, അവധിക്കാലത്ത് വ്യായാമങ്ങള്‍ ശീലിപ്പിക്കാം. യോഗ, നൃത്തം, നീന്തല്‍ പോലുള്ളവ പഠിക്കാനും കൃത്യമായിച്ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കാം.
  • ഡിജിറ്റല്‍ലോകത്ത് കൃത്യമായ പേരന്റല്‍ കണ്‍ട്രോള്‍ സെറ്റിങ്‌സ് ഉറപ്പാക്കണം. അവര്‍ കാണുന്നതും കേള്‍ക്കുന്നതുമെന്താണെന്ന് മാതാപിതാക്കളറിഞ്ഞിരിക്കണം. സമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴും വേണം ഈ ശ്രദ്ധ. കുട്ടികളുടെ സുഹൃത്തുക്കള്‍ ആരെല്ലാമാണ്, അവര്‍ ഏതെല്ലാം തത്തിലുള്ളവരാണ് എന്നൊക്കെ മാതാപിതാക്കളറിഞ്ഞിരിക്കണം. 

സൈക്ലിങ്
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് സൈക്ലിങ്. പരിസരത്തെ കുട്ടികള്‍ ചേര്‍ന്ന് സൈക്കിള്‍ പഠിക്കാം. അല്ലെങ്കില്‍ പ്രൊഫഷണലായി സൈക്ലിങ് പഠിപ്പിക്കുന്ന അക്കാദമികളെ ആശ്രയിക്കാം. 
നീന്തല്‍
എപ്പോഴും സ്വയരക്ഷയ്ക്കായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് നീന്തല്‍. ഒപ്പം നല്ലൊരു വ്യായാമവും. മാനസികോല്ലാസത്തിനും നീന്തല്‍ നല്ലതാണ്. നീന്തല്‍ പഠിപ്പിക്കുന്ന ഇടങ്ങളെ ഇതിനായി ആശ്രയിക്കാം. നീന്തലറിയാവുന്ന രക്ഷിതാക്കള്‍ക്കും കുട്ടികളെ പരിശീലിപ്പിക്കാം. 
കായികവിനോദങ്ങള്‍
ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍, സ്‌കേറ്റിങ്... എന്നിങ്ങനെ കായികവിനോദങ്ങള്‍ പരിശീലിപ്പിക്കുന്ന ക്ലാസുകള്‍ വേനലവധിക്കാലത്ത് ധാരാളമുണ്ട്. കുട്ടിയുടെ താത്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം. ചെസ് പോലുള്ള ബൗദ്ധികമായ കളികളിലും അവരെ പങ്കാളികളാക്കാം
സര്‍ഗവാസനകള്‍
സംഗീതം, വാദ്യസംഗീതം, നൃത്തം, ചിത്രരചന, കരകൗശലവസ്തുനിര്‍മാണം, ക്ലേമോഡലിങ്, സ്റ്റിച്ചിങ്...എന്നിങ്ങനെ കുട്ടികള്‍ക്കിഷ്ടമുള്ളവ പഠിക്കാനയക്കാം. 
കൃഷിയും ഗാര്‍ഡനിങ്ങും
മണ്ണിലിറങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കാം. ചുറ്റുവട്ടത്ത് സ്ഥലമില്ലാത്തവര്‍ക്ക് ബാല്‍ക്കണിയിലോ ടെറസിലോ പൂന്തോട്ടമോ ചെറിയ പച്ചക്കറിത്തോട്ടമോ ഒരുക്കാം.

placeholder
നീന്തൽ/Shutterstock Images

വായന തുടങ്ങാം
പുസ്തകങ്ങള്‍ വായിക്കാനും ചെറു കുറിപ്പുകളെഴുതാനും അവരെ ശീലിപ്പിക്കാം. ആദ്യമൊക്കെ മടികാണിക്കുമെങ്കിലും പ്രോത്സാഹനമായി ചെറിയ സമ്മാനങ്ങളൊക്കെ അവര്‍ക്ക് നല്‍കാം. 
ടെക്നോളജിയുടെ ലോകം
വെറുതേ ഇന്‍സ്റ്റയിലോ സോഷ്യല്‍ മീഡിയയിലോ നോക്കിയിരുന്ന് സമയം കളയുന്നതിന് പകരം കംപ്യൂട്ടര്‍ അധിഷ്ഠിതമായി കൂടുതല്‍ അറിവുനല്‍കുന്ന ക്ലാസുകള്‍ക്ക് ചേരാം. നിര്‍മിത ബുദ്ധിയെക്കുറിച്ചെല്ലാമുള്ള ക്ലാസുകളും കോഴ്സുകളും ഇന്ന് ലഭിക്കും. 
സ്വയം പ്രതിരോധിക്കാന്‍
ജൂഡോ, കുങ്ഫു, കരാട്ടെ, കളരി, കിക്ക് ബോക്‌സിങ് പോലുള്ള സ്വയം പ്രതിരോധമാര്‍ഗങ്ങള്‍ പഠിക്കാം.
വീടിനുള്ളില്‍ ചിലത് പഠിക്കാം
പാചകം, ക്ലീനിങ്, സ്വന്തം മുറി അടുക്കി വൃത്തിയാക്കിവയ്ക്കുക തുടങ്ങിയ ചില പാഠങ്ങളും അവധിക്കാലത്ത് കുട്ടികളെ ശീലിപ്പിക്കാം. 

തയ്യാറാക്കിയത് 
റോസ് മരിയ വിന്‍സെന്റ്
കടപ്പാട്
ഗംഗാ കൈലാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ആലപ്പുഴ