സുഹൃത്തുക്കളും കുടുംബവും നൽകുന്ന പിന്തുണയാണ് ജീവിതം തിരിച്ചുപിടിക്കാൻ തനിക്ക് പ്രേരണയാകുന്നതെന്ന് നടിയും സംവിധായികയുമായ തനിഷ്ത ചാറ്റർജി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപാണ് തനിഷ്ത തനിക്ക് സ്തനാർബുദം ബാധിച്ചെന്നും അതിന്റെ നാലാംഘട്ടത്തിലാണെന്നും സ്ഥിരീകരിച്ചത്.

To advertise here,

കഴിഞ്ഞ എട്ടുമാസമായി കടുത്ത ദുരിതത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് പറഞ്ഞാണ് തനിഷ്ത കുറിപ്പ് ആരംഭിക്കുന്നത്. അർബുദം അച്ഛനെ കവർന്നെടുത്തതിന് പിന്നാലെയാണ് തന്നെയും തേടിയെത്തിയത്. എട്ടു മാസങ്ങൾക്ക് മുമ്പാണ് സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് വേദനകളെ കുറിച്ചല്ല, മറിച്ച് തനിക്ക് ലഭിച്ച സ്നേഹവും കരുതലിനെയും കുറിച്ചു പറയാനാണ്. രോഗം ബാധിച്ച കാലയളവിൽ താൻ അനുഭവിച്ച സ്നേഹത്തേയും കരുത്തിനേയും കുറിച്ചാണ് പങ്കുവെക്കാനുള്ളത്.  

തലമൊട്ടയടിച്ച് സോഫയിലിരുന്ന് പുഞ്ചിരിക്കുന്ന തന്റെ ചിത്രവും ഒപ്പം ദിവ്യ ദത്ത, ലാറ ദത്ത, ശബാന ആസ്മി, വിദ്യ ബാലൻ, തൻവി ആസ്മി, കൊങ്കണ സെൻ ശർമ്മ തുടങ്ങിയ അടുത്ത സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുന്ന മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ട് തനിഷ്ത കുറിച്ചു:

അമ്മയെ പരിപാലിക്കുന്നതിനൊപ്പം ഒരു സിംഗിൾ മദർ എന്ന നിലയിലുള്ള വെല്ലുവിളികളെക്കുറിച്ചും തനിഷ്ത പറഞ്ഞു. "ഇതിലും മോശമായ ഒരു അവസ്ഥ വരാനില്ല. 70 വയസ്സുള്ള അമ്മയും ഒൻപത് വയസ്സുള്ള മകളും പൂർണ്ണമായും എന്നെ ആശ്രയിച്ചാണ് കഴിയുന്നത്.’

പ്രതിസന്ധികൾക്കിടയിലും തനിക്ക് ലഭിച്ച സ്നേഹത്തിന് അവർ നന്ദി പറഞ്ഞു.

‘ഇരുണ്ട നിമിഷങ്ങളിൽ, ഞാൻ അസാധാരണമായ ഒരുതരം സ്നേഹം കണ്ടെത്തി. അത് നമ്മോടൊപ്പം നിൽക്കുകയും, നമുക്ക് ഇടം നൽകുകയും, നമ്മളെ ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒന്നാണ്. എൻ്റെ അത്ഭുതപ്പെടുത്തുന്ന സുഹൃത്തുക്കളിലും കുടുംബത്തിലുമാണ് ഞാൻ അത് കണ്ടെത്തിയത്. അവരുടെ പിന്തുണ, ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിൽ പോലും എൻ്റെ മുഖത്ത് യഥാർഥ പുഞ്ചിരി കൊണ്ടുവന്നു‘- അവർ കുറിച്ചു.

ഹൃദയസ്പർശിയായ വാക്കുകളോടെയാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്.
‘എഐ-യിലേക്കും റോബോട്ടുകളിലേക്കും കുതിക്കുന്ന ഈ ലോകത്ത്, യഥാർഥ മനുഷ്യരുടെ ഒഴിവാക്കാനാവാത്ത അനുകമ്പയാണ് എന്നെ രക്ഷിക്കുന്നത്. അവരുടെ സഹാനുഭൂതിയും, സന്ദേശങ്ങളും, സാന്നിധ്യവും മനുഷ്യത്വവുമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. തീവ്രമായ സ്നേഹത്തോടും ശക്തിയോടും  എന്നോടൊപ്പം നിന്ന സ്ത്രീ സൗഹൃദങ്ങൾക്ക്, ആ കൂട്ടായ്മയ്ക്ക് ആശംസകൾ. ഞാൻ നിങ്ങളോട് എപ്പോഴും കടപ്പെട്ടിരിക്കും.’ തനിഷ്ത തൻ്റെ സുഹൃത്തുക്കളെ അടിക്കുറിപ്പിൽ ടാഗ് ചെയ്തു.

പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് നിരവധിപേരാണ് കമൻറുകളുമായെത്തിയത്. ‘ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, നീ ഞങ്ങളുടെ സ്വന്തം പോരാളിയായ രാജകുമാരി, ‘നീ  പ്രചോദനമാണ്’  എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഷാഡോസ് ഓഫ് ടൈം, ബ്രിക്ക് ലെയ്ൻ, ജൽപരി: ദി ഡെസേർട്ട് മെർമെയ്ഡ്, ദേഖ് ഇന്ത്യൻ സർക്കസ്, ഭോപ്പാൽ: പ്രെയർ ഫോർ റെയിൻ, പാർച്ച്ട്, ബിയോണ്ട് ദി ക്ലൗഡ്സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് തനിഷ്ത ചാറ്റർജി ശ്രദ്ധിക്കപ്പെടുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi