രത്തന്‍ ടാറ്റയുടെ അന്ത്യകര്‍മങ്ങള്‍ക്കിടയിലേക്ക് വീല്‍ചെയറില്‍ കടന്നുവന്ന ഒരു വിദേശവനിത എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. വെളുത്ത പഞ്ഞിപോലുള്ള മുടിയുള്ള, മാസ്‌ക് ധരിച്ച നല്ല പ്രായമുള്ള സ്ത്രീ. അത് മറ്റാരുമല്ല, രത്തന്‍ ടാറ്റയുടെ രണ്ടാനമ്മയായ സിമോണ്‍ ടാറ്റയാണ്.
ഇന്ത്യ കാണാനെത്തി, ഒടുവില്‍ ഇവിടുത്തെ വലിയ ബിസിനസ് കുടുംബത്തിന്റെ ഭാഗമായ കഥയാണ് സിമോണിന്റേത്. ഇന്ത്യയിലെ ആദ്യത്തെ ബ്യൂട്ടി ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും സിമോണ്‍ തന്നെ. ജനീവയിലാണ് അവര്‍ ജനിച്ചുവളര്‍ന്നത്. ജനീവ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം.
Also Read
23 വയസ്സുള്ളപ്പോള്‍, 1953-ലാണ് അവര്‍ ഇന്ത്യയില്‍ ആദ്യമായെത്തുന്നത്. ആ രാജ്യം തനിക്കായി കാത്തുവെച്ചിരിക്കുന്ന ഒരു കുടുംബത്തെ കുറിച്ച് അവര്‍ ആ വരവില്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? ഇവിടെ വന്ന് അധികം വൈകാതെ രത്തന്‍ ടാറ്റയുടെ പിതാവായ നവല്‍ എച്ച്.ടാറ്റയെ കണ്ടുമുട്ടി. അപ്പോഴേക്കും നവല്‍ ടാറ്റയും ഭാര്യ സോനു ടാറ്റയും വിവാഹമോചിതരായി കഴിഞ്ഞിരുന്നു. മക്കളായ രത്തനും ജിമ്മിയുമാണെങ്കില്‍ നവല്‍ ടാറ്റയുടെ അമ്മയുടെ പരിചരണത്തിലും.
നവലും സിമോണും പരിചയപ്പെട്ടു, കൂടുതലടുത്തു. ആ അടുപ്പം പ്രണയത്തിലാവാന്‍ അധികം താമസമുണ്ടായില്ല. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. 1955-ല്‍ സിമോണും നവലും വിവാഹിതരായി. വൈകാതെ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു, നോയല്‍ ടാറ്റ.
ലാക്‌മെയുടെ നട്ടെല്ല്...
ടാറ്റയുടെ കോസ്‌മെറ്റിക് ബ്രാന്‍ഡായ ലാക്‌മെയും ഏകദേശം ഇതേ സമയത്താണ് പിറവിയെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഒരു മേക്കപ്പ് ബ്രാന്‍ഡ് വേണമെന്ന ചിന്തയില്‍നിന്നാണ് ലാക്‌മെയുടെ തുടക്കം. ലക്ഷ്മീദേവിയുടെ ഫ്രഞ്ച് പേര് എന്ന നിലയിലാണത്രേ ലാക്‌മെ എന്ന് പേരിട്ടത്. ടാറ്റ ഓയില്‍ മില്‍സിന്റെ ചെറിയൊരു ഭാഗമായിട്ടായിരുന്നു ലാക്‌മെയുടെ പ്രവര്‍ത്തനം. എല്ലാത്തരം ചര്‍മത്തിനും ചേരുന്ന സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ എന്ന ലാക്‌മെയുടെ പരസ്യം ആളുകളെ ആകര്‍ഷിച്ചു.

അധികം വൈകാതെ ലാക്‌മെയുടെ ചുമതല സിമോണിന്റെ കൈകളിലെത്തി. അവര്‍ തന്റെ ഔദ്യോഗികജീവിതം തുടങ്ങുന്നതും ഇവിടെത്തന്നെ. സിമോണിന് ബിസിനസില്‍ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ലാക്‌മെയ്ക്ക് ഒരു മേക്കോവര്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. ടാറ്റ ഓയില്‍ മില്‍സില്‍നിന്ന് മാറി, അതിനെ പതുക്കെ ഒരു ബ്രാന്‍ഡാക്കി മാറ്റി. അധികം വൈകാതെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുകയും ചെയ്തു. ലാക്‌മെ ഉത്പന്നങ്ങളുടെ ഫോര്‍മുല തയ്യാറാക്കുന്നതില്‍ പോലും സിമോണിന്റെ കൈ ഉണ്ടായിരുന്നുവത്രേ.
1962-ല്‍ ലാക്‌മെയുടെ മാനേജിങ് ഡയറക്ടറായി സിമോണ്‍. 1982-ല്‍ അവര്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണായി. 1987-ല്‍ ടാറ്റ ഇന്‍ഡസ്ട്രീസില്‍ അംഗമാവുകയും ചെയ്തു. 1990-കളിലാണ് ഒരു വസ്ത്രബ്രാന്‍ഡിന്റെ ആവശ്യകത ടാറ്റയ്ക്ക് തോന്നുന്നത്. അതിന് ഫണ്ട് ആവശ്യമുണ്ട്. അതോടെ ലാക്‌മെ വില്‍ക്കാന്‍ തീരുമാനിച്ചു. 1998-ലാണ് ബ്രാന്‍ഡിനെ ഹിന്ദുസ്ഥാന്‍ യൂണിലീവറിന് വില്‍ക്കുന്നത്. ആ ഫണ്ടുപയോഗിച്ച് തുടങ്ങിയതാണ് ട്രെന്‍ഡ് ലിമിറ്റഡ്. ഇതിനുകീഴിലുള്ളതാണ് സൂഡിയോ, വെസ്റ്റ് സൈഡ് തുടങ്ങിയവ.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സിമോണ്‍ സജീവമാണ്. ചില്‍ഡ്രന്‍ ഓഫ് ദ വേള്‍ഡ് ഇന്ത്യയുടെ ട്രസ്റ്റിയെന്ന നിലയില്‍ അവര്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ജാതി-മതഭേദമന്യേ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഫ്രാന്‍സിലെ ഒരു സംഘടനയ്‌ക്കൊപ്പമാണ് ഇവയുടെ പ്രവര്‍ത്തനം.
Content Highlights: story of simone tata, strength behind lakme cosmetics brand and step mother of ratan tata
Published: 11 Oct 2024, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented