
ബോളിവുഡിന്റെ സ്വപ്നസുന്ദരി രേഖയ്ക്ക് ഇന്ന് 70-ാം പിറന്നാള്‍. ബാലതാരമായി സിനിമയിലെത്തിയ, അവര്‍ പിന്നീട് ബോളിവുഡ് കീഴടക്കുന്നതാണ് കണ്ടത്. പക്ഷേ, ഒന്നും അവരെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.
ശരീരഭാരം, നിറം, ഹിന്ദി സംസാരിക്കാനറിയില്ല എന്നീ കാരണങ്ങളാല്‍ അവര്‍ ആദ്യമൊക്കെ ഏറെ വിമര്‍ശിക്കപ്പെട്ടു. മറുവശത്ത് നല്ല അഭിനയം കാഴ്ചവെച്ചതൊന്നും വിമര്‍ശകരുടെ ശ്രദ്ധയില്‍ പെട്ടില്ല. അന്നത്തെ സൂപ്പര്‍താരമായ ശശികുമാര്‍ ഒരു സിനിമാപ്രൊമോഷനിടയില്‍ രേഖയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. 'ഇത്ര ഇരുണ്ടനിറമുള്ള, ശരീരഭാരമുള്ള നടി എങ്ങനെയാണ് ബോളിവുഡില്‍ വിജയിക്കുക' എന്നാണ് ശശി കപൂര്‍ അന്ന് ചോദിച്ചത്. ''വൃത്തികെട്ട താറാവ് എന്നുപോലും സിനിമയിലെ പലരും എന്നെ കളിയാക്കി. അക്കാലത്തെ മുന്‍നിര നായികമാരുമായി താരതമ്യപ്പെടുത്തി. അതൊക്കെ എന്നെ ഒരുപാട് വേദനിപ്പിച്ചു'', രേഖ പിന്നീട് പറഞ്ഞു.
''രണ്ടര വര്‍ഷം കൊണ്ടാണ് എന്നെ അവര്‍ അംഗീകരിച്ചത്. പ്രത്യേകിച്ച് 'ഘര്‍' എന്ന സിനിമ റിലീസായപ്പോള്‍. പലരും പറഞ്ഞു പെട്ടെന്നുണ്ടായ താരപദവിയെന്ന്. ഒരിക്കലുമല്ല, ഒരുപാട് കഷ്ടപ്പെട്ടാണ് ഞാനവിടെയെത്തിയത്. തടി കുറയ്ക്കാനായി പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്'', സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ രേഖ പറഞ്ഞു. അന്നൊക്കെ ഏലക്കയിട്ട പാലും പോപ്‌കോണും മാത്രമാണ് കഴിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു.
നല്ലൊരു ബാല്യമായിരുന്നില്ല അവരുടേത്. അതുകൊണ്ടുതന്നെ എവിടുന്നെങ്കിലും സ്‌നേഹവും കരുതലും അവര്‍ കൊതിച്ചുകൊണ്ടേയിരുന്നു. ആരാധനയും ബഹുമാനവും ഒരുപാട് നേടുമ്പോഴും അവര്‍ ആഗ്രഹിച്ചത് സ്നേഹമാണ്. എന്നാല്‍, പലപ്പോഴും അവര്‍ക്ക് മുറിവേറ്റതും അപമാനിക്കപ്പെട്ടതും ആ സ്നേഹത്തിനു മുന്നില്‍ തന്നെ. അത് സ്വന്തം പിതാവില്‍നിന്ന് തുടങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ ജെമിനി ഗണേശനും തെലുഗു അഭിനേത്രിയും രണ്ടാമത്തെ പങ്കാളിയുമായ പുഷ്പവല്ലിയുമാണ് രേഖയുടെ മാതാപിതാക്കള്‍. എന്നാല്‍, രേഖ ഒരിക്കലും അംഗീകരിക്കപ്പെട്ടിരുന്നില്ല. സിമി ഗരേവാളുമായുള്ള പഴയ അഭിമുഖത്തില്‍ രേഖ പറഞ്ഞതിങ്ങനെ, ''ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ഞങ്ങളില്‍നിന്ന് അകന്നിരുന്നു. അന്നെനിക്ക് ഓര്‍മപോലുമില്ല. പറഞ്ഞുകേട്ട അറിവ് മാത്രമേയുള്ളൂ. എന്നാല്‍, അച്ഛനോടുള്ള പ്രണയം ലഹരി പോലെ കൊണ്ടുനടക്കുമായിരുന്നു അമ്മ അപ്പോഴും''. അച്ഛന്‍ കുടുംബത്തെ വിട്ടകന്നതോടെ, സാമ്പത്തികമായും അവര്‍ തകര്‍ന്നു.

എന്നാല്‍, അച്ഛനില്‍നിന്ന് തനിക്കൊരു പരിഗണനയും കിട്ടിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''അച്ഛന് നാല് ഭാര്യമാരില്‍നിന്നായി കുറേ കുട്ടികളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും പഠിച്ചതും ഒരേ സ്‌കൂളില്‍ തന്നെ. പലപ്പോഴും ആദ്യഭാര്യയിലെ മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ അച്ഛന്‍ വരാറുണ്ട്. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇത് എന്റെയും അച്ഛനാണെന്ന്. ചെറുപ്പത്തില്‍ ഒരിക്കല്‍ പോലും അച്ഛന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല. എന്നെക്കുറിച്ച് അന്നൊക്കെ അദ്ദേഹത്തിന് അറിയുമായിരുന്നോ എന്നുപോലും സംശയമുണ്ട്. നമ്മള്‍ ഒരു കാര്യം അനുഭവിച്ചറിഞ്ഞാലേ അതിനെക്കുറിച്ച് പറയാന്‍ കഴിയൂ. അച്ഛന്റെ സ്നേഹം ഞാനറിഞ്ഞിട്ടില്ല. അതുകൊണ്ട് അച്ഛന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും എനിക്കറിയില്ല. ഇടയ്ക്കെപ്പോഴോ ഒരു ഫോട്ടോയെടുത്തതില്‍ ഒതുങ്ങുന്നു ആ ബന്ധം''.
ജെമിനി ഗണേശന്‍ മരിച്ചപ്പോള്‍, പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ രേഖ നേരിടേണ്ടിവന്നു. ''അച്ഛനൊരിക്കലും എന്റെ കൂടെയുണ്ടായിട്ടില്ല. അച്ഛന്‍ എന്നത് വെറും സങ്കല്‍പം മാത്രമായിരുന്നു'', പക്വതയോടെ രേഖ അതിന് മറുപടി പറഞ്ഞു. പക്ഷേ, അച്ഛന്റെ സ്നേഹം കിട്ടാതിരുന്നത് പലപ്പോഴും അലട്ടിയിട്ടുണ്ടെന്ന് അവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്.

പ്രണയവും ജീവിതവും...
ചെറുപ്പത്തിലെ ആ അരക്ഷിതാവസ്ഥ അവരെ പല മോശപ്പെട്ട അനുഭവങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയാതെ പോയ എത്രയോ സംഭവങ്ങള്‍. പതിനഞ്ച് വയസ്സുള്ളപ്പോള്‍ രേഖ നായികയായി. അച്ഛന്റെയോ അമ്മയുടെയോ സഹായമില്ലാതെയായിരുന്നു സിനിമാ അരങ്ങേറ്റം.
അഞ്ചാന സഫര്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ 15 വയസ്സേയുള്ളൂ രേഖയ്ക്ക്. അതിലൊരു ചുംബനസീനുണ്ട്. അതെങ്ങനെ ചിത്രീകരിക്കണമെന്ന് നായകനും സംവിധായകനുമൊക്കെ ആദ്യമേ തീരുമാനിച്ചു. അതുപ്രകാരം നായകന്‍ ബിശ്വജീത്ത് ചാറ്റര്‍ജി, രേഖയെ കെട്ടിപ്പിടിച്ച്, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. രേഖയ്ക്ക് ഒന്ന് പ്രതികരിക്കാന്‍ പോലുമായില്ല. മിനിറ്റുകളോളം ആ രംഗം നീണ്ടുനിന്നു. സംവിധായകന്‍ കട്ട് വിളിച്ചതുമില്ല. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോഴാണ് കട്ട് പറയുന്നത്. അപ്പോഴേക്കും അണിയറപ്രവര്‍ത്തകര്‍ ചുറ്റിനും നിന്ന് വിസിലടിക്കാനും ചിരിക്കാനും തുടങ്ങി. രേഖയുടെ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരേട്. അവര്‍ അപ്പോഴെല്ലാം കണ്ണടച്ചുനിന്നു. കണ്ണുതുറന്നപ്പോഴേക്കും കണ്ണീര്‍ ഒലിച്ചിറങ്ങി.
രേഖയുടെ ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു, അവര്‍ അങ്ങേയറ്റം സ്‌നേഹിച്ചയാളുകള്‍. പക്ഷേ തിരിച്ചുകിട്ടിയത് അവഗണനയും അപമാനവും നിരാസങ്ങളുമാണ്. അതിനിടയില്‍ ആളുകള്‍ അവരെ കുടുംബം നശിപ്പിക്കുന്നവള്‍, ദുര്‍മന്ത്രവാദിനി അങ്ങനെ പല പേരുകള്‍ വിളിച്ചു. പക്ഷേ അതൊന്നും സ്‌നേഹിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിച്ചില്ല.
ആദ്യം പ്രണയത്തിലാവുന്നത് ജിതേന്ദ്രയുമായിട്ടാണ്. എക് ബേച്ചാരാ എന്ന സിനിമയുടെ സമയത്ത് ഇരുവരും പരസ്പരം അടുത്തു. സിനിമ സൂപ്പര്‍ഹിറ്റായി, അവരുടെ പ്രണയവും. പക്ഷേ അതിനുമുമ്പേ ശോഭ എന്ന എയര്‍ഹോസ്റ്റസുമായും ജിതേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നു. രണ്ടുപേരോടുമുള്ള ബന്ധം ജിതേന്ദ്രയ്ക്ക് പ്രധാനമായിരുന്നുവത്രേ. രണ്ടുപേരില്‍ ഒരാളാവാന്‍ രേഖയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനിടയില്‍ ഒരു സെറ്റില്‍വെച്ച് 'രേഖ തനിക്ക് വെറും ടൈംപാസ്' ആണെന്ന് ജിതേന്ദ്ര പറയുന്നത് അവര്‍ കേട്ടു. അന്ന് മണിക്കൂറുകളോളമാണ് രേഖ മേക്കപ്പ് റൂമിലിരുന്ന് കരഞ്ഞത്. അതോടെയാണ് ആ ബന്ധം വഷളാവുന്നതും അവര്‍ പിരിയുന്നതും.
1970-കളുടെ തുടക്കത്തില്‍ ഗോസിപ്പ് കോളങ്ങളിലെ പ്രധാനവിഷയമായിരുന്നു അഭിനേതാവ് വിനോദ് മെഹ്റയുമായുള്ള രേഖയുടെ ബന്ധം. മാധ്യമങ്ങള്‍ രേഖയെ വിമര്‍ശിക്കുമ്പോഴെല്ലാം വിനോദ് അവരുടെ രക്ഷയ്‌ക്കെത്തി. അവര്‍ രഹസ്യമായി വിവാഹംകഴിച്ചുവെന്ന് പോലും വാര്‍ത്തകള്‍ വന്നു. പക്ഷേ, സിമി ഗരേവാള്‍ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ''എനിക്ക് ഇതിനെക്കുറിച്ച് മറുപടി പറയാന്‍ താത്പര്യമില്ല. ഇത് അപ്രധാനമാണ്'', എന്നായിരുന്നു മറുപടി. ''വിനോദ് എന്നും എന്റെ അഭ്യുദയകാംക്ഷിയാണ്, എനിക്കെന്നും ഏറെ പ്രിയപ്പെട്ടയാള്‍'', അവര്‍ കൂട്ടിച്ചേര്‍ത്തു. രേഖയും വിനോദും പ്രണയത്തിലായിരുന്നുവെന്ന് വിനോദിന്റെ ഏറ്റവും അടുത്ത സുഹൃത്തും അഭിനേത്രിയുമായ തബസം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ''വിനോദ് രേഖയെ മാത്രമേ പ്രണയിച്ചിട്ടുള്ളു. അവര്‍ തമ്മിലുള്ള വിവാഹം എന്തൊക്കെയോ കാരണങ്ങളാല്‍ നടന്നില്ല''.
രേഖയുടെ അനൗദ്യോഗിക ജീവചരിത്രമെഴുതിയയാളാണ് യാസീര്‍ ഉസ്മാന്‍. അദ്ദേഹം തന്റെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു, ''കല്‍ക്കത്തയില്‍വെച്ച് വിവാഹിതരായശേഷം വിനോദ് രേഖയെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍, വിനോദിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. രേഖ മരുമകളായി വരുന്നതിനോട് അവര്‍ക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. ആ വീട്ടില്‍നിന്ന് രേഖയെ അവര്‍ പുറത്താക്കി''. കരഞ്ഞുകൊണ്ടായിരുന്നു രേഖ ആ വീട്ടില്‍നിന്നിറങ്ങിയതെന്നും യാസീര്‍ പറയുന്നു.
ആ പുസ്തകത്തില്‍ രേഖ അതിനെക്കുറിച്ച് പറയുന്നതിങ്ങനെ. ''ഒരു പരമ്പരാഗത മരുമകളെ ആയിരുന്നു വിനോദിന്റെ അമ്മയ്ക്ക് വേണ്ടിയിരുന്നത്. ഞാന്‍ അതിന് നേരെ വിപരീതവും. അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നടിയായിരുന്നില്ല, മോശം നടിയായിരുന്നു. വൃത്തികെട്ട ഭൂതകാലവും സെക്‌സ് മാനിയാക് എന്ന വിളിപ്പേരുമൊക്കെയുള്ള വൃത്തികെട്ടവള്‍''. ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍, അവര്‍ പിരിയുകയും ചെയ്തു.

1973-ല്‍ അമിതാഭ് ബച്ചനും ജയബാദുരിയും വിവാഹം കഴിച്ചു. വിവാഹശേഷമാണ് രേഖയും അമിതാഭും ഒരുമിച്ചഭിനയിക്കാന്‍ തുടങ്ങിയത്. സില്‍സില എന്ന സിനിമയില്‍ രേഖയും അമിതാഭും ജയയും ഒരുമിച്ചഭിനയിക്കുകയും ചെയ്തു. ദോ അഞ്ചാനെ, സില്‍സില, ആലാപ്, സുഹാഗ്, റാം ബല്‍റാം...ഒരുപാട് സിനിമകളില്‍ രേഖയും അമിതാഭും നായികാനായകന്‍മാരായി. പതുക്കെ ഇരുവരും പ്രണയത്തിലുമായി. പക്ഷേ ആരും അറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രേഖയുടെ സുഹൃത്തിന്റെ ബംഗ്ലാവില്‍ അവര്‍ കണ്ടുമുട്ടി.
ഗംഗ കി സൗഗന്ധ് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഈ ബന്ധം എല്ലാവരും അറിയുന്നത്. രേഖയോട് ഒരു സഹനടന്‍ മോശമായി പെരുമാറിയപ്പോള്‍ ബിഗ് ബിയുടെ നിയന്ത്രണം വിട്ടു. അപ്പോഴാണ് പ്രണയം പുറത്തറിയുന്നത്. സില്‍സിലയുടെ സംവിധായകന്‍ കൂടിയായ യഷ് ചോപ്ര ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഒടുവില്‍ ജയബാദുരി തന്നെ മുന്നിട്ടിറങ്ങി. എന്തൊക്കെ സംഭവിച്ചാലും അമിതാഭിനെ വിട്ടുപിരിയില്ലെന്ന് ജയ രേഖയോട് പറഞ്ഞു.
അങ്ങനെ രേഖ അമിതാഭില്‍നിന്ന് അകന്നു. മുഖദ്ദര്‍ കാ സിക്കന്തര്‍ ആണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ''ഇനി ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കില്ലെന്ന് അമിതാഭ് നിര്‍മാതാക്കളോട് പറയുകയായിരുന്നു. ഞാന്‍ അതിന്റെ കാരണം ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്'', രേഖ ഒരിക്കല്‍ പറഞ്ഞു. അമിതാഭ് എന്നും ഈ ബന്ധം നിഷേധിക്കുകയാണ് ചെയ്തത്. പക്ഷേ രേഖ പലപ്പോഴും തുറന്നുപറയുകയും ചെയ്തു. ''ഒഫ്കോഴ്സ് ഞാന്‍ പ്രണയത്തിലായിരുന്നു. ലോകത്തുള്ള മുഴുവന്‍ പ്രണയവും നിങ്ങള്‍ എടുത്തുകൊണ്ടുവന്നാലും അദ്ദേഹത്തോടുള്ള എന്റെ പ്രണയത്തിനുമുന്നില്‍ അത് തോറ്റുപോകും. അദ്ദേഹം ഒരിക്കലും ആ പ്രണയത്തെക്കുറിച്ച് തുറന്നുപറയില്ല. അദ്ദേഹത്തിന് കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം നോക്കണം, അവരെ സംരക്ഷിക്കണം. എന്റെ കാര്യമോ. എനിക്കൊന്നും നോക്കാനില്ല. മറ്റുള്ളവരെന്ത് പറയുന്നു എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറേയില്ല. പലരും പറയുമായിരിക്കും, 'പാവം രേഖ. അയാളെ അത്ര ഭ്രാന്തമായി പ്രണയിക്കുന്നു. എന്നിട്ടും തിരിച്ചൊന്നുമില്ല' എന്ന്. എന്നാലും എനിക്ക് കുഴപ്പമില്ല''.

ഒടുവില്‍ വിവാഹം...
1990-ലാണ് രേഖ വിവാഹം കഴിക്കുന്നത്. രേഖയുടെ വലിയ ആരാധകനായിരുന്നു ബിസിനസുകാരനായ മുകേഷ് അഗര്‍വാള്‍. സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ രേഖയുടെ മനസ്സിലേക്ക് ആദ്യം വന്നതും ഇദ്ദേഹത്തിന്റെ മുഖം തന്നെ. അങ്ങനെ വിവാഹിതരായി. പക്ഷേ അധികം വൈകാതെ പ്രശ്‌നങ്ങള്‍ തുടങ്ങി. വിവാഹശേഷം രേഖ അഭിനയിക്കുന്നതിനോട് മുകേഷിന് താത്പര്യമില്ലായിരുന്നു. പോരെങ്കില്‍ മുകേഷിന്റെ ബിസിനസ് തകര്‍ച്ചയിലായി. അതിനും മുകേഷ് കുറ്റപ്പെടുത്തിയത് ഭാര്യയെയാണ്. പലപ്പോഴും മുകേഷ് ഡല്‍ഹിയിലെ ബിസിനസ് വിട്ട് മുംബൈയിലെത്തി. രേഖയുടെ സെറ്റുകളില്‍ വെറുതെ ചുറ്റിക്കറങ്ങാന്‍ തുടങ്ങി, രേഖയെ പലപ്പോഴും ആളുകള്‍ക്ക് മുന്നില്‍ നാണംകെടുത്തി. അതിനൊപ്പം കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയായിരുന്നു അദ്ദേഹം.

ഒടുവില്‍ ഇരുവരും വിവാഹമോചിതരാവാന്‍ തീരുമാനിച്ചു. അതിനിടയിലാണ് മുകേഷ് പെട്ടെന്നൊരു ദിവസം തൂങ്ങിമരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴുമാസമായതേയുണ്ടായിരുന്നുള്ളൂ. ആരും ഉത്തരവാദികളല്ലെന്ന് മുകേഷ് കത്ത് എഴുതിവെച്ചിരുന്നുവെങ്കിലും, അതോടെ രേഖയുടെ കാര്യം കഷ്ടത്തിലായി. രേഖയുടെ സ്‌നേഹരാഹിത്യമാണ് കാരണമെന്ന് ആളുകള്‍ പറഞ്ഞുപരത്തി. എല്ലാവരും രേഖയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. മനുഷ്യരെ കൊന്നുതിന്നുന്നവള്‍ എന്നുവരെ അന്ന് ആളുകള്‍ രേഖയെ അധിക്ഷേപിച്ചു. സംവിധായകനും നിര്‍മാതാവുമായ സുഭാഷ് ഗായ് പറഞ്ഞത് ബോളിവുഡ് മേഖലയുടെ മുഖത്ത് രേഖ ഒരു കറുത്ത പാട് ഉണ്ടാക്കിയെന്നാണ്. ഇനി ഒരു അഭിനേത്രിയെ മരുമകള്‍ ആക്കുന്നതിനുമുമ്പ് ഏതു കുടുംബവും രണ്ടുവട്ടം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുപം ഖേര്‍ പറഞ്ഞതിങ്ങനെ, ''നേര്‍ക്കുനേര്‍ കണ്ടാല്‍ എങ്ങനെയായിരിക്കും ഞാന്‍ രേഖയോട് പ്രതികരിക്കുക എന്ന് എനിക്ക് തന്നെ പറയാന്‍ പറ്റില്ല''. ആളുകള്‍ കുറ്റപ്പെടുത്തിയപ്പോഴും രേഖ മൗനം പാലിച്ചു. സ്‌നേഹത്താല്‍ പലപ്പോഴും മുറിവേല്‍ക്കുന്നത്, അവര്‍ക്ക് അപ്പോഴേക്കും ശീലമായിരുന്നുവല്ലോ...
Content Highlights: bollywood actress rekha and her relationships
Published: 10 Oct 2024, 04:47 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented