
2011-ലെ ഒരുനാള്‍ പെട്ടെന്നാണ് ആ നാല് സഹോദരങ്ങള്‍ മസായ് മാരയില്‍ പ്രത്യക്ഷപ്പെട്ടത്. പതുക്കെ അവര്‍ പിരിഞ്ഞു, തങ്ങളുടെ അധികാരപരിധി നിശ്ചയിക്കാനുള്ള ശ്രമങ്ങളിലായി. അതുവരെ മസായ് മാരയിലെ രാജാക്കന്മാരായി വിലസിയ രണ്ടുസിംഹങ്ങളെ വളരെ പെട്ടെന്ന് തന്നെ ഇവര്‍ ആക്രമിച്ചു തോല്‍പ്പിച്ചു.
പിന്നീട് ആ നാലു സിംഹങ്ങളുടെ ഭരണമായിരുന്നു അവിടെ. പെണ്‍സിംഹങ്ങള്‍ക്കൊപ്പം ഇണചേര്‍ന്നും അധികാരത്തോടെ അവിടെ വാണു. മസായ് മാര സന്ദര്‍ശിക്കാനെത്തുന്നവരുടെ കണ്ണിന് വിരുന്നായി ഈ സിംഹങ്ങള്‍. ഹണ്ടര്‍, മൊറാനി, സിക്കിയോ, സ്കാര്‍ഫെയ്സ്. ഇവര്‍ നാലുപേരും കൂടി മസായ് മാരയിലെത്തുന്ന സഞ്ചാരികളുടെ ക്യാമറയ്ക്ക് മുന്നില്‍ വിരുന്നായി.
പക്ഷേ താരം സ്കാര്‍ഫെയ്സ് തന്നെയായിരുന്നു. മറ്റ് സിംഹങ്ങളെയൊന്നും തന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരാന്‍ സ്കാര്‍ഫെയ്സ് സമ്മതിച്ചിരുന്നില്ല. ഒരിക്കല്‍ മറ്റൊരു സിംഹവുമായി പോരാട്ടം നടന്നു. എത്രയോ നേരം നീണ്ടുനിന്ന ആ ഗംഭീരപോരാട്ടത്തിനൊടുവില് എതിരാളിയെ ഒതുക്കിയെങ്കിലും, കണ്ണിനുമുകളില്‍ വലിയ മുറിവ് പറ്റി.
വലതുകണ്ണിന് മുകളിലുള്ള വലിയ മുറിവിന്റെ പാടും കറുപ്പുകലര്‍ന്ന സടയും കാതടപ്പിക്കുന്ന ഗര്‍ജ്ജനവും അവനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി. മുഖത്തുള്ള വടു വില്ലന്‍പരിവേഷം തന്നെയാണ് നല്‍കിയത്. ഒപ്പം കാടിന്റെ രാജാവെന്ന പേരും. ലോകം അവനെ സ്കാര്‍ഫെയ്സ് എന്ന് വിളിക്കാന്‍ തുടങ്ങിയതും അതിനുശേഷമാണ്. തീരെ ഭയമില്ലാതെ അവന് തന്റെ അതിര്‍ത്തിയില്‍ വിഹരിച്ചു. പലപ്പോഴും സ്കാര്ഫെയ്സിനെ കാണാന്‍ മാത്രം എത്തിയവരുമുണ്ടായിരുന്നു. അവനെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരും വന്യജീവി പ്രേമികളും വിനോദസഞ്ചാരികളും മസായ് മാരയിലേക്ക് ഒഴുകിയെത്തി. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ സിംഹമെന്ന് പലരും അവനെ വിശേഷിപ്പിച്ചു.

പലപ്പോഴും കണ്ണിനോട് ചേര്‍ന്നുള്ള മുറിവ് പിന്നെയും പിന്നെയും തുറന്നുവന്നു. പക്ഷേ, കൃത്യമായ ചികിത്സ നല്കിയതുകൊണ്ട് അണുബാധയുണ്ടാവുന്നത് തടയാന്‍ കഴിഞ്ഞു. ഒരിക്കല്‍ കന്നുകാലികളെ അക്രമിക്കാനുള്ള ശ്രമത്തിനിടയില്‍ കുന്തം കൊണ്ടുള്ള ഏറും കിട്ടി. തന്റെ കന്നുകാലികളെ രക്ഷിക്കാനുള്ള ബദ്ധപ്പാടില്‍ കന്നുകാലികളെ മേയ്ക്കുന്നയാളാണ് കുന്തമെറിഞ്ഞത്. അതിനിടയില്‍ ഒരു പോരാട്ടത്തിന്റെ ബാക്കിപത്രമായുള്ള മുടന്തും. പക്ഷേ അതൊന്നും അവന് രാജാവായി വിലസാന്‍ തടസ്സമായില്ല.
പതിനാല് വര്‍ഷമാണ് സ്കാര്‍ഫെയ്സ് ജീവിച്ചത്. സാധാരണയായി നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവിലാണ് പ്രായമായ സിംഹങ്ങള്‍ മരിക്കുന്നത്. എന്നാല്‍, സ്കാര്ഫെയ്സിന്റേത് സ്വാഭാവികമരണമായിരുന്നു. 2021 ജൂണില്‍ അവന് മരിച്ചശേഷവും ആളുകളുടെ ആരാധനയ്ക്ക് കുറവൊന്നുമില്ല.
മാരാ പ്രിഡേറ്റര്‍ കണ്‍സര്‍വേഷന്‍ പ്രോഗ്രാം (എം.പി.സി.പി) റിസര്‍ച്ച് അസിസ്റ്റന്‍ഡ് സയിറ്റോറ്റി പറയുന്നത് ഏറ്റവും സൗമ്യനായ സിംഹമായിരുന്നു സ്കാര്‍ഫെയ്സ് എന്നാണ്. ''തന്റെ കുഞ്ഞുങ്ങളോടുപോലും വളരെ സഹിഷ്ണുതയോടും സ്നേഹത്തോടുംകൂടിയേ അവന് പെരുമാറിയിട്ടുള്ളൂ. ഇടയ്ക്ക് കുഞ്ഞുങ്ങളെയും നിരീക്ഷിച്ച് അലസമായി കിടക്കുന്നതുകാണാം. സടയില്‍ പിടിച്ച് കളിക്കാന്‍പോലും കുഞ്ഞുങ്ങളെ അനുവദിക്കാറുണ്ടായിരുന്നു അവന്''. കുഞ്ഞുങ്ങളോടുള്ള ആ കരുതലും അവനെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കി''. സ്കോട്ട്ലന്‍ഡില്‍നിന്നുള്ള ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ അവനെ വിശേഷിപ്പിച്ചത് 'മാരയിലെ റോക്ക്സ്റ്റാര്‍' എന്നാണ്.
Content Highlights: story of masai mara lion, scarface
Published: 10 Aug 2024, 04:52 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented